കണ്ണേറ്റുമുക്ക് കഞ്ചാവ് കടത്ത്: കുടുക്കിയത് ജിപിഎസ്, സ്ത്രീയും കുട്ടികളും കടന്നു, ഒരാളെ ഓടിച്ചിട്ട് പിടികൂടി
തിരുവനന്തപുരം കണ്ണേറ്റുമുക്കിലെ കഞ്ചാവ് കടത്തുകാരെ കുടുക്കിയത് ജിപിഎസ്
തിരുവനന്തപുരം: കണ്ണേറ്റുമുക്കിൽ 100 കിലോ കഞ്ചാവുമായി പിടിയിലായവരെ കുടുക്കിയത് വാഹന ഉടമയുടെ ജാഗ്രത. ജിപിഎസ് സ്ഥാപിച്ച വാഹനം യാത്ര ചെയ്ത ദൂരവും സ്ഥലവുമെല്ലാമാണ് വാഹന ഉടയ്ക്ക് സംശയം ഉണ്ടാക്കിയത്. 1300 കിലോമീറ്റർ സഞ്ചരിച്ചതും ജിപിഎസിൽ ആന്ധ്രയിലെ കഞ്ചാവ് കേന്ദ്രങ്ങളടക്കമുള്ള ഇടങ്ങളുടെ ലൊക്കേഷൻ കാണിച്ചതും സംശയമുണ്ടാക്കി. തുടർന്നാണ് വാഹന ഉടമ സംസ്ഥാന എക്സൈസിനെ വിവരം അറിയിച്ചത്.
തമിഴ്നാട് അതിർത്തി കടന്ന് വരുന്ന വാഹനത്തിൽ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉടമയ്ക്ക് ജിപിഎസ് വഴി വാഹനം സഞ്ചരിച്ച വഴികൾ മനസിലായിരുന്നു. ആന്ധ്രയിലൊക്കെ വാഹനം സഞ്ചരിച്ചതായി തിരിച്ചറിഞ്ഞു. എന്തിനാണ് ഇത്രയും യാത്ര ചെയ്തതെന്ന സംശയത്തെ തുടർന്ന് വാഹന ഉടമ തന്നെ എക്സൈസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് ഈ വാഹനത്തെ നിരീക്ഷിച്ചുവരികയായിരുന്നു. രാവിലെയോടെ കണ്ണേറ്റുമുക്കിൽ വാഹനം കണ്ടത്തിയതോടെ എക്സൈസ് അസിസ്റ്റന്റ് കമീഷണർ അനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം വളഞ്ഞു.
അടുത്തുള്ള ചായക്കടയിലായിരുന്നു ഈ സമയം രണ്ട് പ്രതികൾ ഉണ്ടായിരുന്നത്. ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. വാഹനത്തിൽ ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. പ്രതികളിൽ ഒരാളുടെ ഭാര്യയാണ്. ചായക്കടയിലായിരുന്നു ഇവരും കുട്ടികളും ഉണ്ടായിരുന്നത്. പ്രതികളെ പിടികൂടുന്നതിനിടെ ഇവർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു എന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അനുകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്ഥിരമായി ആന്ധ്രയിൽ പോയി കഞ്ചാവ് കൊണ്ടുവരുന്ന സംഘമാണ്. സ്ത്രീകളെ ഒപ്പം കൂട്ടി കുടുംബം പോലെ തോന്നിപ്പിച്ചാണ് ഇവർ യാത്രകൾ നടത്തുന്നത്. കൈമാറ്റത്തിനിടെയാണ് പിടിയിലായത്. അഞ്ച് ദിവസം മുമ്പാണ് വാഹനം വാടകയ്ക്ക് നൽകിയത്. 1300 കിലോമീറ്ററോളം വണ്ടി സഞ്ചരിച്ചതാണ് ഉടമയ്ക്ക് സംശയമുണ്ടാക്കിയിത്. വണ്ടിയുടെ നമ്പർ പ്ലേറ്റ് മാറ്റിയായിരുന്നു കടത്തിനായി വണ്ടി ഉപയോഗിച്ചത്. ടാക്സി വണ്ടി പ്രൈവറ്റ് നമ്പർ ഉപയോഗിക്കുകയും. മുന്നിലും പിന്നിലും രണ്ട് നമ്പർ ഉപയോഗിക്കുകയും ചെയ്തതാണ് അനുകുമാർ വ്യക്തമാക്കി. കടത്തു സംഘത്തെ സഹായിക്കാൻ എത്തിയതെന്ന് കരുതുന്ന ഒരാളെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.