ഒരു ലക്ഷത്തോളം വില വരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍  പിടിയില്‍

കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവര്‍.

three arrested with hashish oil in Malappuram

മലപ്പുറം: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ താനൂര്‍ പൊലീസ് പിടിയിലായി. വെന്നിയൂര്‍ സ്വദേശി നെല്ലൂര്‍ പുത്തന്‍വീട്ടില്‍ സംസിയാദ് (24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വടക്കല്‍ ഹൗസ് മുര്‍ഷിദ്(24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വലിയപറമ്പില്‍ അബ്ദുല്‍ഷ
മീര്‍ (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 1.0962 കിലോഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവര്‍.

താനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഘത്തെ പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡും താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്, എസ് ഐമാരായ ആര്‍ ഡി കൃഷ്ണലാല്‍, ഷൈലേഷ് എന്നിവരടങ്ങിയ സംഘവുമാണ് പ്രതികളെ വലയിലാക്കിയത്.

അതേസമയം സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലേക്ക് കര്‍ണാടകയില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന മൂന്നംഗ സംഘത്തെ പിടികൂടി. ഇവരിൽ നിന്ന് ഒമ്പത് ഗ്രാം എംഡിഎംഎയും 25 ചെറുപാക്കറ്റുകളിലായി ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തു. ചമ്രവട്ടം സ്വദേശികളായ നക്കിയത്ത് ബഷീര്‍ (37), തെക്കഞ്ചേരി സുധീഷ്(32), മുളക്കല്‍  ഷൈലേഷ്(27) എന്നിവരാണ് കാറില്‍ മയക്കുമരുന്ന് കടത്തവേ കഴിഞ്ഞദിവസം താഴെപ്പാലത്ത് വെച്ച് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടെത്തിച്ച ബ്രൗണ്‍ഷുഗറും എംഡിഎംഎയും അവിടെനിന്ന് ശേഖരിച്ച് വരവേയാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. എസ് ഐ വി ജിഷില്‍, എ എസ് ഐ പ്രതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശറഫുദ്ദീന്‍, ഷിജിത്ത്, സി പി ഒമാരായ ഉണ്ണിക്കുട്ടന്‍, ധനീഷ്‌കുമാര്‍, ആദര്‍ശ്, ജിനേഷ്, ദില്‍ജിത്ത് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Read More : വന്‍തോതില്‍ മയക്കുമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios