കോൺഗ്രസിനെ ഞെട്ടിക്കുമോ വിമതർ, സിപിഎം പിന്തുണയിൽ വാശിയേറിയ പോരാട്ടം; ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇന്ന്
പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നേരത്തെ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക
കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോണ്‍ഗ്രസ് പാനലും സി പി എം പിന്തുണയോടെ കോണ്‍ഗ്രസ് വിമതരും തമ്മിലാണ് വാശിയേറിയ മത്സരം. പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നേരത്തെ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക.
35000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്. പാര്‍ട്ടിയെ വെല്ലുവിളിച്ച് സമാന്തര പ്രവര്‍ത്തനം നടത്തി വന്ന ഭരണസമിതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം കെ രാഘവനെതിരെ നിലപാടെടുത്തതടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി പി എം പിന്തുണയോടെ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നേരത്തെ കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ വിമതര്‍ക്കെതിരെ നടത്തിയ ഭീഷണി പ്രസംഗം വിവാദമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
നേരത്തെ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷനില്‍ വിമതര്‍ക്കെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ നടത്തിയ ഭീഷണി പ്രസംഗം വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നുമാണ് കെ സുധാകരൻ പ്രസംഗിച്ചത്. തങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കും. കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. 'തടി വേണോ ജീവന്‍ വേണോ' എന്ന് ഓര്‍ത്തോളുവെന്നാണ് കെ പി സി സി അധ്യക്ഷന്‍ ഭീഷണി പ്രസംഗത്തിൽ പറഞ്ഞത്.