മുസ്ലിം ലീഗും യുഡിഎഫും സർക്കാരിനൊപ്പമുണ്ട്, വയനാടിന് ആവശ്യമായ ഫണ്ട് നേടിയെടുക്കണം; സാദിഖലി ശിഹാബ് തങ്ങൾ

എന്നാൽ കേന്ദ്ര അവഗണയ്ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

panakkad sadikali shihab thangal against union govt over wayanad landslide disaster

മലപ്പുറം: വയനാട് ദുരിതബാധിതരോടുള്ള കേന്ദ്ര സർക്കാർ സമീപനം കൊടും ക്രൂരതയെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇന്ത്യൻ ചരിത്രത്തിലില്ലാത്ത യാതനകളാണ് വയനാട്ടുകാർ ഇതിനകം അനുഭവിച്ചത്.  അവിടുത്തെ ഭീകരദൃശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടതാണ്. വേദനയിൽ ആശ്വാസം പകരേണ്ട സർക്കാർ നിസംഗരായിരിക്കുന്നത് ഖേദകരമാണെന്ന് ശിഹാബ് തങ്ങൾ കുറ്റപ്പെടുത്തി.

നൂറുകണക്കിന് ആളുകൾക്ക് ജീവനും ജീവനോപാധിയും നഷ്ടപ്പെട്ട, അനേകം വീടുകൾ ഒഴുകിപ്പോയ, ഒരു നാടിനെയാകെ കീഴ്മേൽ മറിക്കപ്പെട്ട വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരോടുള്ള കേന്ദ്ര സർക്കാർ സമീപനം കൊടും ക്രൂരതയാണ്. വയനാടിനായി കേന്ദ്രത്തിൽ നിന്നും ആവശ്യമായ ഫണ്ട്‌ നേടിയെടുക്കാൻ സംസ്ഥാന സർക്കാർ  ഇടപെടുകയും പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം.  യു.ഡി.എഫും മുസ്‌ലിം ലീഗും ഈ ഉദ്യമത്തിനൊപ്പമുണ്ട്.  വയനാടിന്റെ കണ്ണീരൊപ്പാൻ ഒന്നായി നിൽക്കാമെന്നും പാണക്കാട് തങ്ങൾ പറഞ്ഞു. 

എന്നാൽ കേന്ദ്ര അവഗണയ്ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. യുഡിഎഫ് ഒറ്റയ്ക്ക് സമരം ചെയ്യും. എൽഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ടാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വയനാടിനോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 19-നാണ് ഹർത്താൽ‌. 

രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയാണ് യു.ഡി.എഫ് ഹർത്താൽ. കേന്ദ്രസഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കഴിഞ്ഞദിവസമാണ് കേന്ദ്രം കേരളത്തെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട്  കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകുകയായിരുന്നു. 

Read More : യുഡിഎഫിന് പിന്നാലെ എൽഡിഎഫും: കേന്ദ്ര അവഗണനക്കെതിരെ വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios