അടുത്തടുത്ത സ്ഥലങ്ങളിൽ മോഷണം; ബാത്ത് വെയർ ഷോപ്പില്‍ നിന്നും പോയത് ലക്ഷങ്ങളുടെ ഉപകരണങ്ങൾ, മീൻ കടയിലും കവർച്ച
ബൈക്കിൽ എത്തിയ രണ്ട് പൊട്ടി മത്സ്യവുമായി കടന്നു കളയുകയായിരുന്നു. പുലർച്ചെ നാലുമണിക്ക് വാഹനത്തിൽ നിന്ന് മത്സ്യം ഇറക്കിവെച്ചതിന് പിന്നാലെ ആണ് മോഷണം
കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളിലായി മോഷണം. പന്തീരാങ്കാവിന് സമീപം പുതുതായി തുടങ്ങുന്ന ബാത്ത് വെയർ ഷോപ്പിൽ നിന്ന് നാല് ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ മോഷ്ടിച്ചു. പുത്തൂർ മഠം ഫിഷ് മാർക്കറ്റിൽ നിന്ന് രണ്ട് പെട്ടി മത്സ്യം മോഷ്ടാവ് കടത്തി കൊണ്ട് പോയി. രണ്ടിടങ്ങളിലായി നടന്ന മോഷണങ്ങളില്‍ പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
പന്തീരാങ്കാവിന് സമീപത്തെ ബാത്ത് വെയർ ഷോപ്പ് ഞായറാഴ്ച വൈകുന്നേരം തുറന്നപ്പോഴാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. കെട്ടിടത്തിന്റെ പിന്നിലെ വാതിലിൽ തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. പുതിയ ഷോറൂമിലേക്ക് വാങ്ങിയ ചെമ്പിന്റെയും പിച്ചളയുടെയും ബാത്റൂം ഉപകരണങ്ങൾ മോഷണം പോയി.
കാര്‍ഡ് ബോർഡ് പെട്ടികൾ വെട്ടിപ്പൊളിച്ചാണ് ഉപകരണങ്ങൾ കടത്തിയത്.നാല് ലക്ഷം രൂപയിലേറെ വിലവരുന്ന സാധനനങ്ങൾ മോഷ്ടിക്കപ്പെട്ടതായി കടയുടമ പറഞ്ഞു. പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പന്തീരാങ്കാവ് പൂത്തൂർ മടത്ത് എ.എം ഫിഷ് മാർക്കറ്റിലാണ് മറ്റൊരു മോഷണം നടന്നത്. ബൈക്കിൽ എത്തിയ രണ്ട് പൊട്ടി മത്സ്യവുമായി കടന്നു കളയുകയായിരുന്നു. പുലർച്ചെ നാലുമണിക്ക് വാഹനത്തിൽ നിന്ന് മത്സ്യം ഇറക്കിവെച്ചതിന് പിന്നാലെ ആണ് മോഷണം. മുൻപും മത്സ്യം മോഷണം പോയതായി കടയുടമ പറഞ്ഞു. 45,000 രൂപയോളം വില വരുന്നതാണ് മോഷണം പോയ മത്സ്യം. പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി. പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.