ഈ കടയിൽ എന്തൊക്കെയുണ്ട്... ടോർച്ച് തെളിച്ച് ക്ഷമയോടെ തപ്പുന്ന കള്ളൻ, മുകളിൽ എല്ലാം കാണുന്നയാളെ മറന്നു
നെല്ലിയമ്പത്തെ ചോലയില്‍ സിദ്ദീഖിന്റെ പലചരക്ക് കടയാണ് ആദ്യം മോഷ്ടാവ് ലക്ഷ്യം വെച്ചത്. ഷട്ടര്‍ കുത്തി തുറന്ന് പതിനായിരം രൂപയും മൊബൈലും മറ്റു സാധനങ്ങളുമാണ് സിദ്ദിഖിന്റെ കടയില്‍ നിന്ന് കൊണ്ടുപോയത്.
കല്‍പ്പറ്റ: പനമരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ നെല്ലിയമ്പത്തെ കടകളില്‍ മോഷണം. പണവും സാധന സാമഗ്രികളും മോഷ്ടാവ് കൊണ്ടുപോയതായാണ് പരാതി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. നെല്ലിയമ്പത്തെ ചോലയില്‍ സിദ്ദീഖിന്റെ പലചരക്ക് കടയാണ് ആദ്യം മോഷ്ടാവ് ലക്ഷ്യം വെച്ചത്. ഷട്ടര്‍ കുത്തി തുറന്ന് പതിനായിരം രൂപയും മൊബൈലും മറ്റു സാധനങ്ങളുമാണ് സിദ്ദിഖിന്റെ കടയില്‍ നിന്ന് കൊണ്ടുപോയത്.
ഇതിന് സമീപത്തെ റസിയ, യൂസഫ് എന്നിവരുടെ കടയിലും മോഷ്ടാവ് കയറിയിട്ടുണ്ട്. ഇവിടെ നിന്നും മൊബൈലും പണവുമാണ് കവര്‍ന്നിട്ടുള്ളത്. കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ടോര്‍ച്ച് ഉപയോഗിച്ച് കടയ്ക്കുള്ളിൽ പരതുന്ന കള്ളനെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പനമരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നെല്ലിയമ്പം കാവടം, താഴെ നെല്ലിയമ്പം, ചോയികൊല്ലി എന്നീ പ്രദേശങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.
ഇക്കഴിഞ്ഞ രാത്രിയിലുണ്ടായ സംഭവത്തില്‍ മോഷ്ടാക്കളെ പിടികൂടണമെന്നാവശ്യപ്പെട്ട് കടയുടമകള്‍ പനമരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രികാലങ്ങളില്‍ മോഷ്ടാക്കള്‍ എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, വെള്ളറടയില്‍ വിമുക്ത സൈനികന്റെ വീട് കുത്തി തുറന്ന് 15,000 രൂപയും പട്ടുസാരികളും കവര്‍ന്നതായി പരാതി. അതിര്‍ത്തി പ്രദേശമായ കാനത്ത്‌കോണം റോഡരികത്ത് വീട്ടില്‍ വിമുക്ത സൈനികന്‍ ഗോപിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഗോപിയും കുടുംബവും സമീപത്ത് താമസിക്കുന്ന മകന്റെ വീട്ടില്‍ രാത്രി കിടക്കാന്‍ പോയി രാവിലെ തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. മുന്‍വശത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. അലമാരയും മറ്റ് മുറികളിലെ കതകുകളും തകര്‍ത്ത നിലയിലാണ്. അലമാരയിലിരുന്ന 15,000 രൂപയും വിലപിടിപ്പുള്ള പട്ടുസാരികളും കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.
ലവലേശം പോലും സമയം പാഴാക്കാതെ റോബിൻ ബസ് ഉടമകൾ; സുപ്രധാന ആവശ്യവുമായി ഉടൻ എംവിഡിക്ക് മുന്നിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം