Asianet News MalayalamAsianet News Malayalam

ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കുത്തിയതെന്ന് സന്ദീപ്, കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

Police to take Vandana Das murder case accused Sandeep into custody ppp
Author
First Published May 15, 2023, 8:18 AM IST | Last Updated May 15, 2023, 8:18 AM IST

കൊല്ലം: വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. കൊട്ടാരക്കര കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കും.  സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നീക്കം. ഇന്നലെയും ജയിൽ ഡോക്ടര്‍ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.

ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്. 

അതേസമയം,  താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ തന്നെ മർദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മർദ്ദിച്ചുവെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. നാട്ടുകാർ പിന്തുടർന്നപ്പോൾ പൊലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു.  കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

Read more: റേഷൻ കടയല്ല, കെ- സ്റ്റോർ: പണമിടപാട് അടക്കം നിരവധി സേവനങ്ങളുമായി റേഷൻ കടകളുടെ മുഖം മാറ്റം, അറിയാം സേവനങ്ങൾ

കഴിഞ്ഞ ദിവസമാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സന്ദീപ് അതിക്രമം കാണിച്ചത് വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തുകയായിരുന്നു.   പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു ഡോ. വന്ദന വൈകാതെ മരിക്കുകയായിരുന്നു. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്.  ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ വന്ദന മരണത്തിന് കീഴടങ്ങുകയായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios