'തെളിവെടുപ്പിന് ഒരാൾ മാത്രം വന്നില്ല, പൊലീസിന് സംശയം'; നിലമ്പൂരിൽ ടാപ്പിംഗ് തൊഴിലാളിയെ വെട്ടിയത് അയൽവാസി

നൗഫലിനെ വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തി ഷമീലിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഷമീലിൻ്റെ വസ്ത്രങ്ങൾ ഇയാളുടെ വീടിന് ഏതാനും മീറ്ററുകൾ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റിൽ നിന്നും കണ്ടെടുത്തു.

neighbor arrested for stabbing rubber tapping worker in malappuram nilambur

നിലമ്പൂർ: മലപ്പുറം മുത്തേടത്ത് ടാപ്പിങ് തൊഴിലാളിയായ യുവാവിനെ വെട്ടിപരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. അയൽവാസിയായ വട്ടിപ്പറന്പത്ത് ഷമീൽ ബാബുവിനെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ശനിയാഴ്ച പുലർച്ചെയാണ് പനമ്പറ്റയിലെ പുല്ലാണിക്കാടന്‍ നൗഫലിന് വെട്ടേറ്റത്. 

നൌഫലിന്‍റെ വീടിന് ഇരുനൂറ് മീറ്റര്‍ അടുത്തുവച്ചായിരുന്നു ആക്രമണമുണ്ടായത്. പാലാങ്കരയിലുള്ള റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് ബൈക്കില്‍ പോകുകയായിരുന്നു നൗഫല്‍. റോഡരികിലെ മതിലിന് മറവിൽ ഒളിച്ച് ഇരുന്ന മുഖംമൂടി ധരിച്ച അക്രമി ബൈക്കിന് നേരെ ചാടിവീണ് ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടി പരിക്കേൽപിക്കുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നൗഫലിൻ്റെ വീടിന് പിറകുവശത്ത് താമസിക്കുന്ന പ്രതി ഷമീൽ ബാബു പിടിയിലായത്. 

നൗഫലിനെ വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തി ഷമീലിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഷമീലിൻ്റെ വസ്ത്രങ്ങൾ ഇയാളുടെ വീടിന് ഏതാനും മീറ്ററുകൾ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റിൽ നിന്നും കണ്ടെടുത്തു. നൗഫല്‍ പരിഹസിക്കുകയും വീട്ടുകാരെക്കുറിച്ച് അപവാദം പറയുകയും ചെയ്ത വിരോധത്തിലാണ് അക്രമിച്ചതെന്ന് ഷെമീല്‍ ബാബു പൊലീസിനോട് പറഞ്ഞു.

കേസ് അന്വേഷിക്കാൻ പൊലീസ് സംഭവസ്ഥലത്ത് എത്തിയ സമയം പരിസരവാസികളെല്ലാം വരികയും ഷമീല്‍ ബാബു മാത്രം വരാതിരിക്കുകയും ചെയ്തിരുന്നു. ഇതാണ് അന്വേഷണം ഇയാളിലേക്ക് എത്തിച്ചത്.കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി കുറ്റം സമ്മതിച്ചു.നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Read More : ആകാശ് തില്ലങ്കേരി വയനാട്ടിൽ കറങ്ങിയ ജീപ്പ് 'സ്ഥിരം കേസ്'; വാഹനം മലപ്പുറം സ്വദേശിയുടേത്, പിഴയടച്ചത് പലതവണ
 

Latest Videos
Follow Us:
Download App:
  • android
  • ios