പ്രചാരണചൂടിൽ ചേലക്കരയും പാലക്കാടും വയനാടും; സരിൻെറ പ്രചാരണത്തിന് ഷാനിബും, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന്
നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ പാലക്കാടും ചേലക്കരയിലും ലോക്സഭ മണ്ഡലമായ വയനാട്ടിലും പ്രചാരണ ചൂടേറി. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ ഇന്ന് പ്രിയദര്‍ശിനി നഗറിൽ പ്രചാരണത്തിനിറങ്ങും. ഇടത് സ്ഥാനാര്‍ത്ഥി സരിന് ഇന്ന് സ്വകാര്യ സന്ദര്‍ശനങ്ങള്‍. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് ഇന്ന് ഭവന സന്ദര്‍ശനം.
പാലക്കാട്/വയനാട്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലായ പാലക്കാടും ചേലക്കരയിലും ലോക്സഭ മണ്ഡലമായ വയനാട്ടിലും പ്രചാരണ ചൂടേറി. പാലക്കാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് 7 മണി മുതൽ 9 മണി വരെ പ്രിയദർശനി നഗറിൽ പ്രചാരണം നടത്തും. തുടർന്ന് കൊടുന്തിരപ്പിള്ളി പഞ്ചായത്ത് ഓഫീസ് പരിസരത്തടക്കം വോട്ട് തേടും. ഇടത് സ്ഥാനാർത്ഥി ഡോ. പി.സരിൻ രാവിലെ പരസ്യ പ്രചാരണത്തിന് ഇറങ്ങില്ല. സ്വകാര്യ സന്ദർശനങ്ങൾ മാത്രമായിരിക്കും സരിന് ഇന്ന്.
കഴിഞ്ഞ ദിവസം സരിന് പിന്തുണ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ.കെ. ഷാനിബും ഇന്ന് സരിന്‍റെ പ്രചാരണത്തിൽ പങ്കാളിയാകും. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ഇന്ന് ഭവന സന്ദർശനമാകും നടത്തുക. പത്രിക സമർപ്പണം കഴിഞ്ഞതോടെ പാലക്കാട് 16 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ചേലക്കരയിലും പ്രചാരണ ചൂട് മുറുകകയാണ്. ചേലക്കരയിൽ 9 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മുന്നണി സ്ഥാനാർഥികൾക്ക് അപരനില്ലെങ്കിലും രമ്യ ഹരിദാസിന്‍റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി യുആർ പ്രദീപ് , എൻഡിഎ സ്ഥാനാർഥിയായി കെ ബാലകൃഷ്ണനും പിവി അൻവറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ എൻകെയും മത്സര രംഗത്തുണ്ട്.
വയനാട് മണ്ഡലത്തിലെ യുഡിഎഫിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് തുറക്കും. തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. പ്രിയങ്ക ഗാന്ധി മറ്റന്നാൾ വീണ്ടും പ്രചാരണത്തിനായി എത്തും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടമായി ചികിത്സയിൽ കഴിയുന്ന ശ്രുതിയെ ഇന്ന് സന്ദർശിക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് തിരുവമ്പാടി മണ്ഡലത്തിലാണ് ഇന്ന് പ്രചാരണം നടത്തുക.
അതേസമയം, ഉപതെരഞ്ഞെടുപ്പ് ചൂടിനും രാഷ്ട്രീയ വിവാദങ്ങൾക്കുമിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാകും പ്രധാന ചർച്ച. ഇടത് എംഎൽഎമാരെ കൂറുമാറ്റാൻ തോമസ് കെ.തോമസ് ശ്രമിച്ചെന്ന ആരോപണം രാഷ്ട്രീയ ചർച്ചയായതോടെ വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചേക്കും. ബിജെപി ഘടക കക്ഷിക്ക് വേണ്ടി ഇടത് എംഎൽഎ നടത്തിയ നീക്കം ഉപതെരഞ്ഞെടുപ്പ് സമയത്ത് ക്ഷീണമായെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
തോമസ് കെ.തോമസിന്‍റെ നീക്കത്തിൽ അതൃപ്തി ഉണ്ടെങ്കിലും വാർത്തകൾ നിഷേധിച്ച് പ്രതിരോധം തീർക്കുകയാണ് സിപിഎം. എഡിഎമ്മിന്‍റെ മരണത്തിൽ പി.പി.ദിവ്യക്കെതിരെ സംഘടനാ നടപടി വൈകുന്നുവെന്ന വിമർശനങ്ങൾക്കിടെ കൂടിയാണ് യോഗം ചേരുന്നത്. നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചതിനാൽ തൃശ്ശൂരിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.
തോമസ് കെ തോമസുമായുള്ള തുടര്‍ സഹകരണവും ചര്‍ച്ചയാകും
തോമസ് കെ തോമസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് സിപിഎമ്മിലെ വലിയൊരു വിഭാഗത്തിന്‍റെ ആവശ്യം. തുടർ സഹകരണം എങ്ങനെ വേണം എന്ന
കാര്യം ഗൗരവമായി ആലോചിക്കണമെന്ന അഭിപ്രായവുമുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങളും .യോഗത്തിൽ ചര്‍ച്ചയായേക്കും. അതേസമയം, കോഴ ആരോപണം നിഷേധിച്ച് കത്ത് നൽകിയിട്ടും മുഖവിലക്ക് എടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിൽ എൻസിപിക്കും അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം തുടർ നടപടികൾക്ക് ഒരുങ്ങുകയാണ് തോമസ് കെ തോമസ് വിഭാഗം. മന്ത്രി മാറ്റം വേണമെന്ന മുറവിളി അടഞ്ഞ അധ്യായം ആയെന്ന വിലയിരുത്തുന്ന എകെ ശശീന്ദനും അനുകൂലികളും ഇതൊരു അവരമായി എടുക്കുകയാണ്.