'രോ​ഗിയായ മകനെയും കൊണ്ട് എങ്ങോട്ട് പോകുമെന്ന് അറിയില്ല'; സഹായം വാഗ്ദാനങ്ങളിലൊതുങ്ങി, ദുരിതത്തില്‍ കുടുംബം

കഴിഞ്ഞ ഒക്ടോബറിലും ഇവരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഉദ്യോ​ഗസ്ഥരെത്തി സഹായം വാ​ഗ്ദാനം ചെയ്തിരുന്നു. ഇതുവരെയും ഒരു സഹായവും കിട്ടിയില്ലെന്നും രതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

muscular dystrophy  child Thiruvananthapuram is facing a miserable life in rain

തിരുവനന്തപുരം: ഒരു മഴ ആഞ്ഞു പെയ്താൽ ഇപ്പോഴും ദുരിതങ്ങളുടെ വേലിയേറ്റമാണ് മസ്കുലർ ഡിസ്ട്രോഫി ബാധിതനായ വിഘ്നേഷിനും കുടുബത്തിനും. തിരുവനന്തപുരം ഉള്ളൂര്‍ ശ്രീചിത്ര നഗറിലെ വീട്ടിൽ ഈ മഴക്കാലത്തും ദുരിതാവസ്ഥയ്ക്ക് ഒരുമാറ്റവും ഇല്ല.  കഴിഞ്ഞ മഴക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് സംഘം വിഘ്നേഷിന്‍റെ ദുരിതം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അന്ന് നഗരസഭ നൽകിയ വാഗ്ദാനങ്ങളെല്ലാം ഇന്നും വെറും വാക്കായി തന്നെ അവശേഷിക്കുകയാണ്.

കഴിഞ്ഞ തുലാവർഷക്കാലത്താണ് വിഘ്നേഷിന്റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയാത്. ഏഴ് മാസങ്ങൾക്കിപ്പുറം ഒരു മാറ്റവും ഈ വീട്ടില്‍ സംഭവിച്ചിട്ടില്ല. ഇപ്പോഴും മഴയൊന്ന് ശക്തമായി പെയ്താല്‍  ശ്രിചിത്ര നഗറിലെ വീടുകളിൽ മുട്ടോളം വെള്ളം നിറയും. മസ്കുലർ ഡിസ്ട്രോഫി ബാധിതനായ 11കാരൻ വിഘ്നേഷിനെയും കൊണ്ട്  മുകൾ നിലയിലേക്ക് കയറുകയല്ലാതെ രതീഷിന് വേറെ വഴിയില്ല. വെള്ളം കയറുന്നുണ്ടോയെന്ന് നോക്കി മകന് കാവലിരിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ  പല ഉറപ്പുകളും ഈ കുടുംബത്തിന് കിട്ടിയിരുന്നു. വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഓടനിർമാണം വേഗത്തിലാക്കാമെന്ന് നഗരസഭ അധികൃതർ ഉറപ്പ് നൽകി. എന്നാല്‍ അവയെല്ലാം  പാഴായി. അസുഖബാധിതനായ മകനെയും കൊണ്ട് ഒന്ന് ആശുപത്രിയിൽ പോകേണ്ടിവന്നാലോ,  ആരെയെങ്കിലും സഹായത്തിന് വിളിക്കേണ്ടി വന്നാലോ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് രതീഷ് പറയുന്നു.

ഉറപ്പുകളെല്ലാം പാഴായാതോടെ വെറും വാക്കുകളിൽ വിശ്വാസമില്ലാതെയായി വിഘ്നേഷിനും കുടുംബത്തിനും. നഗരമേഖലയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും ഇവിടേക്ക് ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios