എരഞ്ഞോളിയിലെ വേലായുധൻ, പറമ്പിൽ നിന്ന് കിട്ടിയ 'സ്റ്റീൽ പാത്രം' കവർന്ന ജീവൻ; മാഞ്ഞുപോകുന്ന ബോംബ് കേസുകൾ
ഒരു മണിയോടെയാണ് വൻ പൊട്ടിത്തെറിയുടെ ശബ്ദം നാട്ടുകാർ കേൾക്കുന്നത്. തൊട്ടടുത്ത് പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്നവർ പാഞ്ഞെത്തിയപ്പോൾ കണ്ടത് വീടിന്‍റെ മുൻവശത്തെ തിണ്ണയിൽ ചോരയിൽ കുളിച്ചുനിൽക്കുന്ന വേലായുധനെ.
കണ്ണൂർ: ബോംബ് സ്ഫോടനക്കേസുകൾ പഞ്ഞമുണ്ടായില്ല ഈ വർഷവും കണ്ണൂരിൽ. പാനൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് നിർമാണത്തിനിടെ ബോംബ് പൊട്ടി ഒരാൾ മരിച്ചത്. സിപിഎം ബന്ധമുളള പതിനൊന്ന് പേർ പ്രതികളായി. നിരപരാധികൾ കൊല്ലപ്പെടുന്ന സംഭവങ്ങളും ആവർത്തിച്ചു. എരഞ്ഞൊളിയിൽ തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടി തൊണ്ണൂറുകാരൻ കൊല്ലപ്പെട്ടത് കഴിഞ്ഞ ജൂണിലാണ്. പ്രതികളില്ലാതെ,തെളിവില്ലാതെ മാഞ്ഞുപോകുന്ന ബോംബ് കേസുകളിലൊന്നായി എരഞ്ഞോളി സ്ഫോടനവും മാറുകയാണ്.
തൊണ്ണൂറുകാരനായ വേലായുധൻ തൊട്ടടുത്തുളള ആളില്ലാത്ത വീട്ടിലെ പറമ്പിൽ ഉച്ചക്ക് പന്ത്രണ്ടരക്ക് തേങ്ങ പെറുക്കാൻ പോയപ്പോഴാണ് അപകടം സംഭവിക്കന്നത്. ഒരു മണിയോടെയാണ് വൻ പൊട്ടിത്തെറിയുടെ ശബ്ദം നാട്ടുകാർ കേൾക്കുന്നത്. തൊട്ടടുത്ത് പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്നവർ പാഞ്ഞെത്തിയപ്പോൾ കണ്ടത് വീടിന്‍റെ മുൻവശത്തെ തിണ്ണയിൽ ചോരയിൽ കുളിച്ചുനിൽക്കുന്ന വേലായുധനെ. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാഴ്ച്ചക്കുറവുണ്ടായിരുന്നു വേലായുധന്. വളപ്പിൽ കണ്ട സ്റ്റീൽ പാത്രം സിമന്‍റ് തറയിൽ ഇടിച്ച് തുറക്കാൻ ശ്രമിച്ചതാവാം. അതൊരു സ്റ്റീൽ ബോംബായിരുന്നു. ആരെയോ വകവരുത്താനുണ്ടാക്കിയത്, ആരോ ഒളിപ്പിച്ചത്, നിരപരാധിയായ വൃദ്ധന്‍റെ ജീവനെടുത്തു.
സഹികെട്ടൊരു നാട്ടുകാരി ഗതികേട് പറഞ്ഞു. തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. പറമ്പുകളും ആളില്ലാ വീടുകളും അരിച്ചുപെറുക്കി. പക്ഷേ എത്ര അന്വേഷണം നടത്തിയിട്ടും ബോംബ് എവിടെ നിന്ന് വന്നുവെന്നതി് ഉത്തരം പൊലീസിനില്ല. പിന്നിൽ ആരെന്ന് കണ്ടെത്തിയില്ല. അധികം ദൂരെയല്ലാതെ ചാലക്കരയിൽ ആർഎസ്എസ് പ്രവർത്തകന്‍റെ വീടിന് നേരെ ദിവസങ്ങൾക്ക് മുമ്പ് ബോംബേറുണ്ടായിരുന്നു. സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. സിസിടിവി ഉളളത് കൊണ്ട് പ്രതിയെ പിടിച്ച പൊലീസിന് പക്ഷേ എരഞ്ഞോളിയിൽ തുമ്പൊന്നും കിട്ടിയില്ല.
സാക്ഷികളില്ല, ദൃശ്യങ്ങളില്ല.അങ്ങനെ വന്നാൽ ബോംബുകൾക്ക് നാഥനില്ല. എരഞ്ഞോളിയിലെ സ്ഫോടനം ആദ്യത്തേതല്ല. 25 വർഷത്തിനിടെ സമാനമായ ഇരുപതിലേറെ സ്ഫോടനങ്ങൾ കണ്ണൂരിലുണ്ടായി. കുട്ടികൾക്കുൾപ്പെടെ കണ്ണും കയ്യും നഷ്ടമായ കേസുകൾ. ഒരെണ്ണത്തിൽപ്പോലും ബോംബുണ്ടാക്കിയവരെയോ ഒളിപ്പിച്ചവരെയോ കണ്ടെത്താനായില്ല. പ്രതികളില്ലാ കേസുകൾ എവിടെയുമെത്തിയില്ല. അഞ്ച് വർഷത്തിനിടെ ജില്ലയിൽ കണ്ടെത്തിയത് 250 ലധികം ബോംബുകളാണ്. 2024ൽ മാത്രം 19 ബോംബുകൾ കണ്ടെത്തി.
കല്ലും കുപ്പിച്ചില്ലും ആണിയും വെടിമരുന്നും നിറച്ച് നൂലുകെട്ടുന്ന നാടൻ ബോംബുകളും സ്റ്റീൽ പാത്രം ഉപയോഗിക്കുന്ന സ്റ്റീൽ ബോംബുകളും. രാഷ്ട്രീയപ്പാർട്ടികളും ക്വട്ടേഷൻ സംഘങ്ങളുമാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. പൊട്ടിത്തെറിയിൽ അപകടമുണ്ടാകുമ്പോൾ മാത്രം നിർമാണസംഘങ്ങളെ പൊലീസ്പിടികൂടും. എന്നാൽ വേരറുക്കാൻ മടിക്കും. ബോംബുകൾ വീണ്ടും പൊട്ടും. എരഞ്ഞോളിയിൽ ഒന്നുമറിയാത്ത വേലായുധനെ പോലെ ഇനിയും ഇരകൾ വരും. പലരും പൊട്ടിത്തെറിക്കും. തെളിവില്ലാതെ കേസ് തീരും. ബോംബ് നിർമാണ യൂണിറ്റുകൾ വീണ്ടും സജീവമാകും. അന്ന് വീണ്ടും പൊലീസ് പേരിനൊരു അന്വേഷണ നാടകം നടത്തും. ഇതിങ്ങനെ തുടരുമെന്നല്ലാതെ ജീവന് ഭീഷണി ഒരുകാലത്തും ഒഴിയില്ലെന്ന് നാട്ടുകാർ പറയുന്നു.
വീഡിയോ സ്റ്റോറി കാണാം