Asianet News MalayalamAsianet News Malayalam

ഉപ്പിരിക്ക മാളികയിൽ ഉടവാൾ ഏറ്റുവാങ്ങി മന്ത്രി; ഘോഷയാത്ര തലസ്ഥാനത്തേക്ക് പുറപ്പെട്ടു, നാളെ വമ്പൻ സ്വീകരണം

കേരള, തമിഴ്‌നാട് സായുധ പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു

Minister received Udawal at Uppirika Malika  procession left to capital grand reception tomorrow
Author
First Published Oct 1, 2024, 3:55 PM IST | Last Updated Oct 1, 2024, 3:55 PM IST

തിരുവനന്തപുരം:  തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച പുലർച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച ഉടവാൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശനിൽ നിന്നും പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ചു. തുടർന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാൾ ഏറ്റുവാങ്ങിയതിനു ശേഷം ആചാരപ്രകാരം കന്യാകുമാരി ദേവസ്വം ബോർഡ് ചെയർമാൻ പ്രഭാരാമകൃഷ്ണന് കൈമാറി. എംഎൽഎ മാരായ സി കെ ഹരീന്ദ്രൻ, എ വിൻസന്റ്, കന്യാകുമാരി ജില്ലാ കളക്ടർ  ആർ അളഗമീന, സബ്കളക്ടർ വിനയ് കുമാർ മീണ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാർ, ജി സുന്ദരേശൻ എന്നിവർ സന്നിഹിതരായിരുന്നു.

കേരള, തമിഴ്‌നാട് സായുധ പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ ഒൻപതരയോടെ ആനപ്പുറത്തേറി ഘോഷയാത്രയായി സരസ്വതീ വിഗ്രഹം പുറത്തേക്ക് എഴുന്നള്ളി. തൊട്ടുപിന്നാലെ അലങ്കരിച്ച ഇരു പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും ശുചീന്ദ്രം മുന്നൂറ്റി നങ്കയും. ഇന്ന് വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തും. നാളെ രാവിലെ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പൊലീസ്, റെവന്യൂ, ദേവസ്വം അധികൃതർ ചേർന്ന് വരവേൽക്കും. ഘോഷയാത്ര ഒക്ടോബർ മൂന്നിന് വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതൽ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.

സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേൽക്കും. പദ്മതീർഥത്തിലെ ആറാട്ടിനുശേഷം സരസ്വതി മണ്ഡപത്തിലാണ് സരസ്വതിദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. നവരാത്രി പൂജക്ക് ശേഷം ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം മൂന്ന് വിഗ്രഹങ്ങളും തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും.

കാണിക്കവഞ്ചിയിലെ പണം; കള്ളലക്ഷണത്തോടെ ചുറ്റം നോക്കി, ആരും ശ്രദ്ധിക്കാത്തപ്പോൾ 'മുക്കി', വീഡിയോകൾ പുറത്ത്

വലിയ ആശ്വാസം! കഴുത്തറപ്പ് തടയാൻ രണ്ടും കൽപ്പിച്ച് കെഎസ്ആര്‍ടിസി; ഒരു മാസത്തേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios