44 വർഷത്തെ സിനിമ ജീവിതം, കച്ചമുറുക്കി, സർവ്വസജ്ജമായി ഡയറക്ടർ മോഹൻലാൽ, 'ബറോസ്' വമ്പൻ അപ്ഡേറ്റ്
ജിജോ പുന്നൂസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം.
ഒരു സിനിമ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ടൈറ്റിലിലെ കൗതുകം, കഥ, സംവിധായകൻ, നടൻ- സംവിധായകൻ കോമ്പോ, സംവിധായകൻ-നടൻ- തിരക്കഥാകൃത്ത് കോമ്പോ ഒക്കെയാകും അതിന് കാരണം. അത്തരത്തിലൊരു സിനിമ മലയാളത്തിൽ റിലീസിന് ഒരുങ്ങുന്നുണ്ട്. അതുമൊരു മോഹൻലാൽ ചിത്രം. അതേ മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ആണ് ആ ചിത്രം.
മുണ്ടും മടക്കിക്കുത്തി, മീശ പിരിച്ച്, മാസ് ഡയലോഗുകളുമായി പ്രേക്ഷകരെ ത്രസിപ്പിച്ച മോഹൻലാൽ, സംവിധായകൻ ആയെത്തുമ്പോൾ എങ്ങനെയുണ്ടെന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് ബറോസ് തിയറ്ററിൽ എത്തുമെന്ന് മോഹൻലാൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒക്ടോബർ മൂന്നിന്, ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. പക്ഷേ റിലീസുമായി ബന്ധപ്പെട്ട അലയൊലികൾ ഒന്നും തന്നെ കാണാനില്ല. അതുകൊണ്ട് തന്നെ റിലീസ് മാറ്റിയോ എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ ലോകത്ത് നടക്കുന്നുണ്ട്.
ഈ അവസരത്തിൽ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പങ്കിട്ടൊരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് 'ബറോസ് ത്രീഡിയുടെ ആദ്യ സ്‌ക്രീനിംഗ് കാണാൻ കാത്തിരിക്കുന്ന സംവിധായകനും നടനും ഒപ്പം ഛായാഗ്രാഹകൻ', എന്നാണ് സന്തോഷ് ശിവൻ കുറിച്ചത്. ഈ ഫോട്ടോയും ക്യാപ്ക്ഷനും ആരാധകർ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് സ്‌ക്രീനിംഗ് നടക്കുമെന്നും നടന്നുവെന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
കഴിഞ്ഞ നാല്പത്തി നാല് വർഷമായി മലയാള സിനിമയിൽ തലപ്പൊക്കത്തിൽ നിൽക്കുന്ന ആളാണ് മോഹൻലാൽ. ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ടു കൊണ്ടുള്ള ഓരോ കാര്യങ്ങളുമായാണ് അദ്ദേഹം സംവിധായകന്റെ മേലങ്കി അണിഞ്ഞത്. അതിന്റെ ആദ്യ സംരംഭം കാണാൻ ഏവരും അക്ഷമരായി കാത്തിരിക്കുകയാണ് ഇപ്പോൾ.
ജിജോ പുന്നൂസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് അനൗദ്യോഗിക വിവരം. ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാൽ ആണ്. വിദേശ താരങ്ങൾക്ക് ഒപ്പം മായ, സീസര്‍, ഗുരു സോമസുന്ദരം എന്നിവരും ബറോസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അതേസമയം, കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയാണ് ബറോസ് എന്നാണ് നേരത്തെ മോഹൻലാൽ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..