Asianet News MalayalamAsianet News Malayalam

പൊലീസിനെ പേടിച്ച് പൊട്ടക്കിണറ്റിലെ പൈപ്പിൽ തൂങ്ങിക്കിടന്നു; ഒടുവിൽ നിലവിളി, രക്ഷിക്കാൻ വന്നതും പൊലീസ്

വാഹനം നിർത്തിയ ഉടൻ പിന്നിലിരുന്ന നജ്മൽ കയ്യിലുള്ള ബാഗുമായി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപെട്ടു

man tried to run away from police fell in well
Author
First Published Oct 20, 2024, 3:57 AM IST | Last Updated Oct 20, 2024, 3:57 AM IST

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് പൊലീസിനെ കണ്ട് ബൈക്കിൽ നിന്നുമിറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവ് പൊട്ട കിണറ്റിൽ വീണു. മൂന്ന് മണിക്കൂറിലധികം കിണറ്റിൽ കിടന്ന നെടുംകണ്ടം സ്വദേശി നജ്മലിനെ ഫയർഫോഴ്സെത്തിയാണ് കരക്ക് കയറ്റിയത്. ഒപ്പമുണ്ടായിരുന്നയാളെ 10 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് സംഭവം.

നെടുങ്കണ്ടം ടൗണിലുള്ള ഒരു ബാറിന് പിൻഭാഗത്ത് യുവാക്കൾ ലഹരി കൈമാറ്റം നടത്തുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതേ തുടർന്ന് നെടുങ്കണ്ടം - കൈലാസപ്പാറ ഇടവഴിയിൽ എട്ട് മണിയോടെ പോലീസ് പരിശോധന തുടങ്ങി. ഇതുവഴിയെത്തിയ ബൈക്ക് പരിശോധനക്കായി പൊലീസ് കൈകാണിച്ചു. നെടുംകണ്ടം സ്വദേശികളായ ശ്രീക്കുട്ടനും നജ്മമലുമാണ് വാഹനത്തിലുണ്ടായിരുന്നത്.

വാഹനം നിർത്തിയ ഉടൻ പിന്നിലിരുന്ന നജ്മൽ കയ്യിലുള്ള ബാഗുമായി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപെട്ടു. ഓട്ടത്തിനിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറോളം പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും രക്ഷപെട്ടയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സമയമത്രയും കിണറ്റിലേക്കിട്ടിരുന്ന പൈപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു നജ്മല്‍. തെരച്ചിൽ സംഘം മടങ്ങിയതോടെ പൈപ്പിൽ പിടിച്ച് മുകളിലേക്ക് കയറുവാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടർന്ന് പതിനൊന്നു മണിയോടെ കിണറ്റിനുള്ളിൽ കിടന്ന് നജ്മൽ അലറി വിളിച്ചു. ശബ്‍ദം കേട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഫയർഫോഴ്സ് സംഘമെത്തി നജ്മലിനെ കിണറ്റിൽ നിന്ന് രക്ഷിക്കുകയായിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞയച്ചു. പൊലീസിനെ കണ്ടു പേടിച്ചിട്ടാണ് ഓടിയതെന്നാണ് ഇയാൾ പറഞ്ഞത്.

ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടനെ പത്തു ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റു ചെയ്തു. മേഖലയിൽ ലഹരിവസ്തുക്കളുടെ കൈമാറ്റവും ഉപയോഗവും വ്യാപകമാണെന്നാണ് നാട്ടുകാരുടെ പരാതി. ലഹരി വിൽപ്പന സംഘം ഇടവഴികളിലൂടെ അമിതവേഗത്തിൽ ബൈക്ക് ഓടിച്ചു പോകുന്നത് ജീവന് ഭീഷണിയാണെന്നും നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്.

കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ചത് ഒരു ലക്ഷം; ചോദിച്ചത് 10 ലക്ഷം, കെണിയൊരുക്കി ഡിപിസിയെ കുരുക്കി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios