ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ യുവാവിനുനേരെ ജാതി അധിക്ഷേപം; യുവാവിനെതിരെ കേസ്
പറവൂരിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തില്‍ ശാന്തിക്കാരനായ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനുനേരെ ജാതി അധിക്ഷേപം. പരാതിയില്‍ പ്രദേശവാസിയായ ജയേഷിനെതിരെ കേസെടുത്തു
കൊച്ചി: എറണാകുളം പറവൂരിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തില്‍ ശാന്തിക്കാരനായ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനെ ജാതി അധിക്ഷേപം നടത്തിയതായുള്ള പരാതിയിൽ പൊലീസ് കേസെടുത്തു. വടക്കൻ പറവൂർ തത്തപ്പള്ളി ശ്രീ ദുർഗ ക്ഷേത്രത്തിലാണ് സംഭവം. പ്രദേശവാസിയായ ജയേഷാണ് തത്കാലിക ശാന്തിക്കാരനായ വിഷ്ണുവിന്‍റെ ജാതി ചോദിച്ചു അധിക്ഷേപിച്ചതെന്നാണ് പരാതി.
കീഴ്ജാതിക്കാരന്‍ പൂജ ചെയ്താല്‍ വഴിപാട് നടത്തില്ലെന്നും ഇയാൾ പറഞ്ഞതായും പരാതിയുണ്ട്. വിഷ്ണുവിന്‍റെ പരാതിയിൽ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം ജയേഷിനെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് മുന്നിൽ വെച്ച് ജാതി അധിക്ഷേപം നേരിട്ടെന്ന് എറണാകുളം നോർത്ത് പറവൂർ തത്തപ്പിള്ളി ശ്രീ ദുർഗ ക്ഷേത്രത്തിലെ താത്കാലിക ശാന്തിക്കാരൻ വിഷ്ണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജാതി അധിക്ഷേപത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നതിൽ കാലതാമസം വരുത്തിയെന്നും വിഷ്ണു പറഞ്ഞു. ക്ഷേത്രത്തിലെ മറ്റു ജീവനക്കാരോടും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നും വിഷ്ണു പറഞ്ഞു. അതേസമയം, വിഷ്ണുവിന്‍റെ പരാതി വ്യാജമെന്നും അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് ജയേഷ് പറയുന്നത്.