റോഡിലെറിഞ്ഞ അമിട്ട് പൊട്ടിയില്ല, ലോറി കയറും മുമ്പേ തിരിച്ചെടുത്തപ്പോള്‍ പൊട്ടി, യുവാവിന് കൈപ്പത്തി നഷ്ടമായി
ആഘോഷങ്ങൾ തുടരുന്നതിന് ഇടയിൽ റോഡിലൂടെ ലോറി കടന്നുവരുന്നത് കണ്ട് നേരത്തെ കത്തിച്ചെറിഞ്ഞിരുന്ന പടക്കം ഓടിയെത്തി എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടയിൽ പടക്കം പൊട്ടി യുവാവിൻ്റെ കൈപ്പത്തി നഷ്ടമായി. മുല്ലുർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിനാണ് (20) ദാരുണാമായ അപകടം സംഭവിച്ചത്. തുന്നിച്ചേർക്കാൻ സാധിക്കാത്തവിധം മാംസം വേർപ്പെട്ടതിനെ തുടർന്ന് നയൻ്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റി. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. വീട്ടുമുറ്റത്ത് സുഹൃത്തുക്കളോടൊപ്പം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിൽ വലിപ്പമുളള അമിട്ട് വിഭാഗത്തിലുളള പടക്കം കത്തിച്ച് റോഡിലേക്ക് എറിഞ്ഞുവെങ്കിലും പൊട്ടിയില്ല.
Read More... സ്കൂട്ടറിൽ കൊണ്ടുപോകവേ ഉള്ളി ഗുണ്ട് പൊട്ടിത്തെറിച്ചു, ഒരാൾ കൊല്ലപ്പെട്ടു, ആറ് പേർക്ക് ഗുരുതര പരിക്ക്
ആഘോഷങ്ങൾ തുടരുന്നതിന് ഇടയിൽ റോഡിലൂടെ ലോറി കടന്നുവരുന്നത് കണ്ട് നേരത്തെ കത്തിച്ചെറിഞ്ഞിരുന്ന പടക്കം ഓടിയെത്തി എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ വലതു കൈയിലെ മാംസ ഭാഗങ്ങൾ ചിന്നിച്ചിതറി. ഉടൻ തന്നെ യുവാവിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിൽ മാംസം ചിതറിയതിനാൽ കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.