ജയിലിൽ കഴിയുന്ന ദിവ്യക്ക് നിർണായകം, കളക്ടറുടെയും പ്രശാന്തൻ്റെയും മൊഴികൾ ആയുധമാക്കി ജാമ്യാപേക്ഷ, ഇന്ന് വിധി

ദിവ്യയുടെ ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്‍റെ കുടുംബം എതിര്‍ക്കും

Court will consider the bail plea of PP Divya who is in jail in the Naveen Babu Death case live updates

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം. റിമാൻഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുക. വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നൽകിയത്. കണ്ണൂര്‍ ജില്ലാ കളക്ടറുടേയും പ്രശാന്തന്‍റേയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ; നീതിക്കായി ഏതറ്റം വരെയും പോകും

ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്‍റെ കുടുംബം എതിര്‍ക്കും. കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തനേയും പ്രതി ചേര്‍ക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. റിമാന്‍ഡിലായ ദിവ്യ ഇപ്പോൾ പള്ളിക്കുന്ന് ജയിലിലാണുള്ളത്. ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന നിലപാട് ദിവ്യയെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.

നേരത്തെ നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ രംഗത്തെത്തിയിരുന്നു. സഹപ്രവർത്തകരോട് സൗഹാർദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നാണ് മഞ്ജുഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.

ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതിനാൽ തന്നെ കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല. അത്തരത്തിൽ നവീൻ ഒരു കാര്യവും തുറന്നുപറയാൻ യാതൊരു സാധ്യതയുമില്ല. അത് പൂര്‍ണമായിട്ടും അറിയാം. കളക്ടറുമായി ഒരു തരത്തിലുള്ള ആത്മബന്ധവും നവീൻ ബാബുവിനില്ല.  അതിനാൽ തന്നെ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താൻ തന്നെ എടുത്ത തീരുമാനമാണ്. അദ്ദേഹം വീട്ടിലേക്ക് വരുന്നതിൽ താത്പര്യമില്ല. മരണത്തിൽ നീതി ലഭിക്കുന്നതിനായി നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും മഞ്ജുഷ പറഞ്ഞു.

യാത്രയയപ്പ് ദിവസം കളക്ടറോട് നവീൻ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട് പറഞ്ഞത്.  കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കളക്ടറുടെ ഈ മൊഴി തള്ളിക്കൊണ്ടാണ് നവീന്‍റെ ഭാര്യ മഞ്ജുഷ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios