'എന്നും പ്രതീക്ഷയുടെ പച്ചത്തുരുത്ത് അവശേഷിപ്പിക്കുന്ന നന്മ', ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ടിന്‍റെ ചെറുപ്പം

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളം രൂപീകൃതമായത്

Kerala Piravi 2024 Kerala State Celebrates 68th Formation Day Kerala Piravi news updates

തിരുവനന്തപുരം: ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. വികസന നേട്ടങ്ങളുടേയും സമൂഹമെന്ന നിലയിൽ നേരിടുന്ന വലിയ വെല്ലുവിളികളുടേയും നടുവിലൂടെയാണ് കേരളത്തിന്‍റെ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോകുന്നത്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന കേരളം അതിജീവനത്തിന്‍റെ പുതിയ ചരിത്രത്തിനും തുടക്കം കുറിക്കുകയാണ്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേൽക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം.

ഒക്ടോബറിൽ സംഭവിച്ചത്, തുലാവർഷം കലിതുള്ളിയില്ല! ആദ്യ മാസം പിന്നിടുമ്പോൾ കണക്ക് പുറത്ത്, കേരളത്തിൽ 22% മഴ കുറവ്

ഭൂപടമെടുത്ത് മേശപ്പുറത്ത് നിവർത്തിയാൽ ഭൂലോകത്തിന്‍റെ ഒരറ്റത്താണെന്ന് തോന്നും. കടലിലേക്ക് കിനിഞ്ഞിറങ്ങും പോലെ കേരളമെന്ന കുഞ്ഞുനാട്. ഐക്യകേരളത്തിന് വേണ്ടിയുള്ള മുറവിളിക്കൊടുവിലായിരുന്നു പിറവി. മലയാള ഭാഷയുടെ മാത്രമല്ല, മതിലില്ലാത്ത മനസ്സുകളുടേയും മതേതര മൂല്യങ്ങളുടേയും കലവറയായിരുന്നു എന്നും കേരളം. കാലത്തിന്‍റെ കുതിപ്പിൽ എങ്ങും എവിടെയും ഒന്നാമതെത്താൻ നാട് ഒത്തൊരുമിച്ച് കൈകോര്‍ത്ത എത്രയെത്ര ഏടുകൾ.

അക്ഷരം പഠിച്ച് സാക്ഷരതയിൽ ഒന്നാമതെത്തി, രാഷ്ട്രീയ ധാരണകൾ കെട്ടിപ്പടുത്ത് മാതൃകയായി, രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക ജീവിത നിലവാര സൂചികകളിൽ ഓടിയോടി മുന്നിലെത്തി, അങ്ങനെ നിരവധി നേട്ടങ്ങൾ ഇക്കാലയളവിൽ മലയാളക്കരക്ക് സ്വന്തമായി. കേരളത്തിന്‍റെ അറുപത്തെട്ടിന്‍റെ ചെറുപ്പം പക്ഷെ ഇപ്പോൾ വെല്ലുവിളികളുടേത് കൂടിയാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലും മതേതരത്വത്തിന്‍റെ മേൽക്കുപ്പായത്തിലും ആശങ്കയുടെ നേരിയ നിഴൽപ്പാടുണ്ട്. മനുഷ്യമനസുകൾക്ക് ചുറ്റും കെട്ടിപ്പൊക്കുന്ന വിദ്വേഷത്തിന്‍റെ മതിലുകളും മുറിപ്പാടുകളുമുണ്ട്. വൻ വികസനത്തിലേക്ക് കുതിക്കുമ്പോൾ പിന്നോട്ട് വലിക്കാൻ സാമ്പത്തിക ഞെരുക്കത്തിന്‍റെ കാണാകുരുക്കുണ്ട്.

പക്ഷെ എന്നും എവിടെയും പ്രതീക്ഷയുടെ പച്ചത്തുരുത്ത് അവശേഷിപ്പിക്കുന്നതാണ് കേരളത്തിന്‍റെ നന്മ. എല്ലാം തകര്‍ത്തെറിഞ്ഞ വയനാട് ദുരന്തത്തിൽ നിന്ന് കേരളം കരകയറാനൊരുങ്ങുന്നത് സഹജീവി സ്നേഹത്തിന്‍റെയും അതിജീവനത്തിന്‍റെയും അനുകമ്പയുടേയും എല്ലാം പുതു ചരിത്രം എഴുതിയാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസത്തിന് അപ്പുറത്തെ കെട്ടുറപ്പും ഭരണ നിര്‍വ്വഹണ ശേഷിയും കൈമുതലാക്കിയാണ് കേരളം എന്നും കുതിക്കാറുള്ളത്. അങ്കത്തട്ടിൽ പതിനെട്ടടവും പയറ്റുന്ന ഉപതെരഞ്ഞെടുപ്പ് കാഹളത്തിന്‍റെ നടുക്കാണ് ഇത്തവണ കേരളത്തിന്‍റെ പിറന്നാളാഘോഷം. മൂല്യങ്ങളുടെ വീണ്ടെടുപ്പ് കാലം കൂടിയാകട്ടെ ഇതെന്ന് നമുക്കുമാശിക്കാം. ഏഷ്യാനെറ്റ് ന്യൂസും കേരളപ്പിറവി ദിനത്തിൽ ഏവർക്കും ആശംസകൾ നേരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios