രണ്ട് മാസം ഒളിവിൽ, ഒടുവിൽ അറസ്റ്റ്; തിരുവോണത്തലേന്ന് വീട്ടിൽ കയറി യുവാവിനെ കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ

തിരുവോണത്തലേന്ന് രാത്രി പത്തരയോടെ ചിങ്ങോലി അനിതാ ഭവനത്തിൽ അർജുനെ(28)യാണ് അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിന് ഏതാനും ദിവസം മുൻപ് അർജുനും പ്രവീണും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു

man arrested from cheppad railway station for allegedly attempt to murder a youth in alappuzha

ഹരിപ്പാട് : ആലപ്പുഴയിൽ തിരുവോണത്തലേന്ന്  ബിജെപി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ  യുവാവിനെ  വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച  കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി രണ്ടു മാസത്തിനുശേഷം പിടിയിലായി. ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീണി(37)നെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച വൈകീട്ട്   ചേപ്പാട് റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നാണ് പ്രതി പിടിയിലായത്. സംഭവത്തിൽ എട്ടുപേർക്കെതിരെയാണ് കരീലക്കുളങ്ങര പൊലീസ് കേസെടുത്തത്. 

രണ്ടാം പ്രതി മുതുകുളം ഗ്രാമപ്പഞ്ചായത്തംഗവും ബിജെപി നേതാവുമായിരുന്ന  മുതുകുളം വടക്ക് കടയശ്ശേരിൽ വീട്ടിൽ മിഥുലേഷ് മനോഹരൻ(31), മൂന്നാം പ്രതി കടയശ്ശേരിൽ വീട്ടിൽ അഖിലേഷ് (21) എന്നിവർ നേരത്തേ കോടതിയിൽ കീഴടങ്ങിയിരുന്നു. മറ്റു പ്രതികളായ ചിങ്ങോലി വിശാഖം വീട്ടിൽ അനീഷ് (35), ചേപ്പാട് രാകേഷ് ഭവനത്തിൽ രാകേഷ് (36), മുതുകുളം വടക്ക് നടയിൽ പടീറ്റതിൽ ഹേമന്ത് (19), രാകേഷ് ഭവനത്തിൽ രാകേഷ് (24), ശ്രീവത്സം വീട്ടിൽ ശിവ എസ്. സുരേഷ് (20) എന്നിവരെ അക്രമണത്തിനു ശേഷം പൊലീസ് പിടിയിലായിരുന്നു.

തിരുവോണത്തലേന്ന് രാത്രി പത്തരയോടെ ചിങ്ങോലി അനിതാ ഭവനത്തിൽ അർജുനെ(28)യാണ് അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിന് ഏതാനും ദിവസം മുൻപ് അർജുനും പ്രവീണും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് മൂന്നു ബൈക്കുകളിൽ പ്രവീണിന്റെ നേതൃത്വത്തിൽ വടിവാളുൾപ്പെടെയുളള മാരകായുധങ്ങളുമായെത്തിഅർജുനെ ആക്രമിച്ചത്. രണ്ടുകാലിനും മുഖത്തും വലതു കൈക്കും അർജുന് വെട്ടേറ്റിരുന്നു.2022 നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ്. സ്വതന്ത്രൻ ജി.എസ്. ബൈജുവിനെ ഫലപ്രഖ്യാപന ദിവസം വധിക്കാൻ ശ്രമിച്ച കേസിലും മുഖ്യപ്രതിയാണ് പ്രവീൺ.

Read More : മൈസൂരിൽ നിന്നുള്ള ബസ്, പിന്നിലെ സീറ്റിനടിയിൽ കറുത്ത ബാഗ്; പരിശോധിച്ചപ്പോള്‍ നിറയെ സ്മാര്‍ട്ട് ഫോണുകള്‍, അന്വേഷണം

Latest Videos
Follow Us:
Download App:
  • android
  • ios