ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടി; മീഡിയ റിലേഷൻസ് മേധാവിയെ ഇസ്രായേൽ വധിച്ചെന്ന് സ്ഥിരീകരണം

ഹസൻ നസ്റല്ലയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നയാളാണ് മുഹമ്മദ് അഫീഫ്. 

Hezbollah media relations chief Mohammad Afif killed by Israel in Beirut

ടെഹ്റാൻ: ഹിസ്ബുല്ലയുടെ മീഡിയ റിലേഷൻസ് മേധാവി മുഹമ്മദ് അഫീഫ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹിസ്ബുല്ല തന്നെയാണ് ഇക്കാര്യം  സ്ഥിരീകരിച്ചിരിക്കുന്നത്. ലെബനനിലെ അറബ് സോഷ്യലിസ്റ്റ് ബാത് പാർട്ടിയുടെ ഓഫീസിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുല്ലയുടെ ഉന്നത വക്താവ് കൂടിയായ അഫീഫ് കൊല്ലപ്പെട്ടത്. അഫീഫിനെ വധിച്ചതായി ഇസ്രായേൽ സൈന്യം ഞായറാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹിസ്ബുള്ളയുടെ ആദ്യകാല നേതാക്കളിൽ ഒരാളാണ് മുഹമ്മദ് അഫീഫ്. 1983-ലാണ് അഫീഫ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. ഇക്കഴിഞ്ഞ സെപ്തംബർ 27-ന് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ ഹസൻ നസ്റല്ലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാൾ കൂടിയാണ് മുഹമ്മദ് അഫീഫ്. 2014-ൽ നസ്‌റല്ലയുടെ മാധ്യമ ഉപ​ദേഷ്ടാവായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അഫീഫിനെ ഹിസ്ബുല്ലയുടെ മീഡിയ റിലേഷൻസ് വിഭാഗം മേധാവിയായി നിയമിച്ചത്. ഹിസ്ബുല്ലയുടെ കീഴിലുള്ള അൽ-മനാർ ടിവിയിലെ പരിപാടികൾളുടെയും വാർത്തകളുടെയും മേൽനോട്ടം വഹിച്ചിരുന്നത് മുഹമ്മദ് അഫീഫാണ്. 2006 ജൂലൈയിൽ നടന്ന ഇസ്രായേൽ- ലെബനൻ സംഘർഷത്തിന്റെ കവറേജ് കൈകാര്യം ചെയ്യുന്നതിൽ അഫീഫ് നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. 

അതേസമയം, ഇസ്രായേലും ഹിസ്ബുല്ലയുമായി നിലവിൽ നടക്കുന്ന സംഘർത്തെ കുറിച്ച് ഇക്കഴിഞ്ഞ നവംബർ 11ന് മുഹമ്മദ് അഫാഫ് പ്രതികരിച്ചിരുന്നു. ലെബനനിലെ ഒരു പ്രദേശവും പിടിച്ചെടുക്കാൻ ഇസ്രായേൽ സൈനികർക്ക് കഴിഞ്ഞിട്ടില്ലെന്നും ഒരു നീണ്ട യുദ്ധം നടത്താൻ ആവശ്യമായ ആയുധങ്ങളും മറ്റും ഹിസ്ബുല്ലയുടെ പക്കലുണ്ടെന്നും അഫീഫ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുല്ലയുടെ നേതൃത്വത്തെയും ആശയവിനിമയ സംവിധാനങ്ങളെയും തകർക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമാണ് മീഡിയ റിലേഷൻസ് മേധാവിയുടെ കൊലപാതകമെന്നാണ് വിലയിരുത്തൽ. 

READ MORE: ഝാൻസി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു; തീപിടിത്തവുമായി ബന്ധമില്ലെന്ന് ഡോക്ടർമാർ

Latest Videos
Follow Us:
Download App:
  • android
  • ios