പുതുവത്സര ആഘോഷത്തിനിടെ കോവളത്ത് റഷ്യന്‍ ഭാഷയില്‍ പൊലീസ് അനൗന്‍സ്‌മെന്റ്; കാരണമിത്

60കാരനായ ജി.ജി. വാത്മീക് എന്ന ലിത്വാനിയന്‍ സ്വദേശിയാണ് പൊലീസിനെ സഹായിക്കാനായി സേവന സന്നദ്ധനായി രംഗത്തെത്തിയത്. 

kovalam russian tourist announcement at police out post joy

തിരുവനന്തപുരം: പുതുവത്സര ആഘോഷരാവില്‍ കോവളത്ത് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുയര്‍ന്ന റഷ്യന്‍ ഭാഷയിലെ  അനൗന്‍സ്‌മെന്റുമായി വിദേശ വിനോദ സഞ്ചാരിയെത്തിയത് കൗതുകമായി. സുരക്ഷ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാനും തീരത്തെ സിസി ടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കാനുമായി ഒരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ ഉയര്‍ന്ന റഷ്യന്‍, സ്പാനിഷ് ഭാഷകളില്‍ വിദേശ വിനോദ സഞ്ചാരി നടത്തിയ  അനൗന്‍സ്‌മെന്റാണ് കൗതുകം പകര്‍ന്നത്.

മലയാളത്തിലും ഇംഗ്ലീഷിലുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പതിവില്ലാതെ മറ്റ് ഭാഷകളില്‍ കൂടി നിര്‍ദ്ദേശങ്ങള്‍ എത്തിയതോടെയാണ് കണ്‍ട്രോള്‍ റൂമിലെ വിദേശ വിനോദ സഞ്ചാരിയുടെ സാന്നിധ്യം വെളിവായത്. 60കാരനായ ജി.ജി. വാത്മീക് എന്ന ലിത്വാനിയന്‍ സ്വദേശിയാണ് പൊലീസിനെ സഹായിക്കാനായി സേവന സന്നദ്ധനായി രംഗത്തെത്തിയത്. 

നിലവില്‍ തീരത്തുള്ള വിദേശ വിനോദ സഞ്ചാരികളില്‍ ഏറെയും റഷ്യന്‍ സഞ്ചാരികളാണ്. റഷ്യക്കാര്‍ക്ക് റഷ്യന്‍ അല്ലാതെ ഇംഗ്ലീഷ് അടക്കമുളള മറ്റ് ഭാഷകള്‍ വശമില്ലാത്തത് കാരണമാണ് റഷ്യന്‍ ഭാഷയില്‍ അനൗന്‍സ്‌മെന്റ് നടത്താന്‍ സന്നദ്ധത അറിയിച്ചെത്തിയ ജി.ജി.വാത്മീകിന്റെ സേവനം പൊലീസ് സ്വീകരിച്ചതെന്ന് തീരത്ത് സുരക്ഷയുടെ ചുമതല വഹിക്കുന്ന ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാജി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി കോവളത്ത് സ്ഥിരമായി എത്തുന്നയാളാണ് ലിത്വാനിയക്കാരനായ ഈ വിനോദ സഞ്ചാരി. നിലവില്‍ ഇംഗ്ലീഷിലും മലയാളത്തിലും തീരത്ത് പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അനൗണ്‍സ് ചെയ്ത റിട്ട. എസ്.ഐ അനില്‍ കുമാറിനൊപ്പമിരുന്നാണ് ജി.ജി.വാത്മീക് റഷ്യന്‍, സ്പാനിഷ് ഭാഷകളില്‍ റഷ്യന്‍ സഞ്ചാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉച്ചഭാഷിണിയിലൂടെ മുഴക്കിയത്. ഫോര്‍ട്ട് എ.സി.പി എസ് ഷാജിയുടെ നേതൃത്വത്തില്‍ എസ്.എ.പി ബറ്റാലിയനിലെ അസിസ്റ്റന്റ് കമാണ്ടന്റുമാരായ രതീഷ്, ഡൊമിനിക്ക് സേവ്യര്‍, ഷെമീര്‍ ഖാന്‍, തിരുവനന്തപുരം എല്‍.ആര്‍ തഹസീല്‍ദാര്‍ മോഹന്‍ കെ ജി എന്നിവരടങ്ങിയ സംഘമാണ് തീരത്ത് സുരക്ഷയൊരുക്കിയത്.

പുതുവര്‍ഷത്തില്‍ 'ഹായ് നാണ്ണാ' ഒടിടി റിലീസ്: എവിടെ കാണാം, എന്ന് കാണാം റിലീസ് വിവരം പുറത്ത് 
 

Latest Videos
Follow Us:
Download App:
  • android
  • ios