കോട്ടയം അടിച്ചിറയിൽ ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു; ഇടിച്ചത് ശബരി എക്‌സ്പ്രസ്
ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് വിവരം
തിരുവനന്തപുരം: കോട്ടയം അടിച്ചിറയിൽ ട്രെയിൻ ഇടിച്ച് അമ്മയും, കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപത്ത് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്ന് കരുതുന്നു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പാതയിൽ ഗതാഗതം നിയന്ത്രിച്ചു. തുടര്‍ന്ന് മൃതദേഹങ്ങൾ പാളത്തിൽ നിന്ന് നീക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളെ കണ്ടെത്താനായാൽ മൃതദേഹം ഇവര്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
തൃശ്ശൂരിൽ കൂട്ട ആത്മഹത്യ
അതിനിടെ തൃശ്ശൂർ പേരാമംഗലം അമ്പലക്കാവിൽ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി. അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ്(35), ഭാര്യ സംഗീത (33), മകൻ ഹരിൻ (ഒൻപത്), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടിസ ബാധിതനായിരുന്നു കുട്ടി. ഹരിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയെന്നാണ് നിഗമനം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയിൽ കിടത്തിയിരിക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഉച്ചയായിട്ടും വീട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നു കയറിയപ്പോൾ മൃതദേഹങ്ങൾ കണ്ടെത്തി. സുമേഷ് 12 ദിവസം മുൻപ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)