പുതിയ തട്ടിപ്പ്; പൊതുസ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്യുന്നവരുടെ ഡാറ്റ ചോരാൻ സാധ്യത, മുന്നറിയിപ്പുമായി ബെംഗളൂരു പൊലീസ്
യുഎസ്ബി പോർട്ടുകൾ വഴി വിവരങ്ങൾ ചോർത്തുന്നത് തട്ടിപ്പുകാരെ സംബന്ധിച്ച് കൂടുതൽ എളുപ്പമാണെന്നാണ് പൊലീസും സൈബർ വിദഗ്ധരും നൽകുന്ന മുന്നറിയിപ്പ്.
ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നവരുടെ ഡാറ്റ മോഷണം പോകാനുള്ള സാധ്യത കൂടുതലാണെന്ന് ബെംഗളൂരു പൊലീസ്. ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിലുള്ള മൊബൈൽ ഫോൺ ചാർജിംഗ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഡാറ്റ മോഷ്ടിക്കുന്നുണ്ടെന്നാണ് പൊലീസും സൈബർ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹോട്ടലുകളിലും റെയിൽവേ, ബസ് സ്റ്റേഷനുകളിലും റസ്റ്റോറൻ്റുകളിലുമൊക്കെയുള്ള യുഎസ്ബി ചാർജിംഗ് പോർട്ടുകളുടെ ഉപയോഗം പുതിയ അഴിമതിയുടെ ഭാഗമായിത്തീരുകയാണെന്നാണ് മുന്നറിയിപ്പ്.
യുഎസ്ബി പോർട്ടുകൾ വഴി വിവരങ്ങൾ ചോർത്തുന്നത് തട്ടിപ്പുകാരെ സംബന്ധിച്ച് കൂടുതൽ എളുപ്പമാണെന്നാണ് പൊലീസ് പറയുന്നത്. യുഎസ്ബി പോർട്ടുകൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ മാത്രമല്ല, ഡാറ്റ കൈമാറാനും ഉപയോഗിക്കാം എന്നതാണ് ഇതിന് കാരണം. ഇത്തരം പോർട്ടുകൾ ഉപയോഗിക്കുന്നതിനെതിരെ കർണാടക പൊലീസും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ ഓരോരുത്തരും അവരുടെ സ്വകാര്യ ചാർജിംഗ് കേബിളുകൾ ഉപയോഗിക്കാൻ പൊലീസ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്.
വ്യക്തികളുടെ സാമ്പത്തിക വിവരങ്ങൾ, വ്യക്തിഗത ഫയലുകൾ, പാസ്‌വേഡുകൾ, ബാങ്കിംഗ് വിശദാംശങ്ങൾ എന്നിവ പോലുള്ള സുപ്രധാന ഡാറ്റകൾ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നത്. ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം എന്നതാണ് ആശങ്കയാകുന്നത്. ചാർജ് ചെയ്യുന്ന മൊബൈലുകളിലേയ്ക്ക് മാൽവെയറോ വൈറസുകളോ ഇൻസ്റ്റാൾ ചെയ്യാൻ യുഎസ്ബി പോർട്ടുകൾ ഉപയോഗിക്കാം. ഇവയുടെ സഹായത്തോടെ ഹാക്കർമാർക്ക് ഫോണിലെ ഡാറ്റ ക്ലോൺ ചെയ്യാനും അത് അവരുടെ ഉപകരണത്തിലേക്ക് മാറ്റാനും കഴിയും. പഴയ ജനറേഷൻ ആൻഡ്രോയിഡ്, ഐഒഎസ് മൊബൈലുകൾ ഇത്തരം ആക്രമണങ്ങൾക്ക് എളുപ്പത്തിൽ ഇരയാകുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.