ഗൃഹാതുരമായ ഓര്‍മകളുറങ്ങുന്ന ഇരയിമ്മൻ തമ്പിയുടെ ജന്മവീട്, നടുവിലേൽ കോവിലകത്തിന്റെ പകുതി ഭാഗം തകര്‍ന്നുവീണു

കഴിഞ്ഞ ഒരു മാസം മുമ്പാണ് എട്ടുകെട്ടായ കോവിലകത്തിന്റെ വടക്കേ ഭാഗമാണ് കാലപഴക്കത്താൽ തകർന്നുവീണത്. 

Irayimman Thampi s birth house which is filled with nostalgic memories half of the shrine collapsed

ചേർത്തല: മലയാളിയുടെ ഗൃഹാതുര മനസ് തൊട്ടുണർത്തുന്ന താരാട്ട് പാട്ടിന്റെ ഉപജ്ഞാതാവ് ഇരയിമ്മൻ തമ്പി ജനിച്ച വാരനാട് നടുവിലേൽ കോവിലകത്തിന്റെ പകുതി ഭാഗം തകർന്നു വീണു. വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്ത പുരാവസ്തു വകുപ്പും, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തും തുടങ്ങി മറ്റ് ഭരണ നേതൃത്വവും ഇരയിമ്മൻ തമ്പിയോടും കോവിലകത്തോടും അവഗണന കാട്ടിയെന്ന് ആരോപിച്ച് കോവിലകം സ്മാരക സമിതി അംഗങ്ങൾ രംഗത്തെത്തി. 

കഴിഞ്ഞ ഒരു മാസം മുമ്പാണ് എട്ടുകെട്ടായ കോവിലകത്തിന്റെ വടക്കേ ഭാഗമാണ് കാലപഴക്കത്താൽ തകർന്നുവീണത്. പിന്നീട് മഴയും വെയിലുമേറ്റ് നശിക്കുകയാണ്. അവസാന അവകാശിയായ രുഗ്മിണി ഭായി തമ്പുരാട്ടിയുടെ ആശ്രിതയായ അംബിക (57) യാണ് മൂന്ന് പതിറ്റാണ്ടിലേറെയായി കോവിലകം നിലവിൽ കാത്തുസൂക്ഷിക്കുന്നത്.

ചേർത്തല വാരനാട് നടുവിലെ കോവിലകത്ത് കേരള വർമ്മ തമ്പാന്റെയും തിരുവനന്തപുരത്ത് പുതുമന രാജകുടുംബത്തിലെ പാർവതിപിള്ള തങ്കച്ചിയുടെയും മകനായി 1782 ഒക്ടോബർ 12 നാണ് ഇരയിമ്മൻ തമ്പി ജനിച്ചത്. റാണി ഗൗരി ലക്ഷ്മി ഭായിയുടെ ആവശ്യപ്രകാരം. കുട്ടിയായിരുന്ന സ്വാതിതിരുനാളിനെ ഉറക്കുവാനായിട്ടാണ് 'ഓമന തിങ്കൾ കിടാവോ നല്ല' എന്ന താരാട്ട് പാട്ട് ഇരയിമ്മൻ തമ്പി എഴുതി ഈണം നൽകിയത്. 

14 വയസുവരെ ചേർത്തല വാരനാട് കോവിലകത്തായിരുന്നു കഴിഞ്ഞത്. പിന്നീട് അനന്തപുരിയിലേയ്ക്ക് പോകുകയും 1856 ജൂലൈ 29ന് 74-ാം വയസിൽ അന്തരിച്ചു എന്നതുമാണ് ചരിത്രം. പിന്നീട് അനാഥമായ എട്ട് കെട്ടായ വാരാട് കോവിലകം പിൻമുറക്കാരുടെ അവകാശതർക്കങ്ങളിൽ 1996 ജൂലൈ 16-ന് കുറച്ച് ഭാഗം പൊളിച്ചു. ഇതിന്റെ ഭാഗമായി അവകാശികളിൽ ഒരാളായ രുഗ്മിണി ഭായി തമ്പുരാട്ടി വാരനാട് കോവിലകത്ത് എത്തുകയും 12 വർഷത്തോളം നീണ്ടു നിന്ന നിയമ യുദ്ധത്തിൽ കോവിലകം സംരക്ഷിക്കുകയും ചെയ്തു. 

2006 ൽ കോവിലകവും 40 സെന്റ് സ്ഥലവും പുരാവസ്തു വകുപ്പിന്റെ സംരക്ഷണ സ്മാരകമാക്കി മാറ്റി. 2011 ൽ കേരള സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചു കോവിലകത്തിന്റെ ചുറ്റുമതിൽ മാത്രം നിർമിച്ചു. 2014 ൽ രുഗ്മിണി ഭായി തമ്പുരാട്ടിയും മരിച്ചതോടെ സഹോദരൻ എം കൃഷ്ണ വർമ്മയായിരുന്നു കേസ് നടത്തിയത്. അധിക നാൾ കഴിയുംമുമ്പേ അദ്ദേഹവും മരിച്ചു. മന്ത്രി പി തിലോത്തമന്റെ ഇടപെടൽ മൂലം 2017 ൽ പുരാവസ്തു വകുപ്പിൽ നിന്നും തുക അനുവദിച്ച് എട്ടുകെട്ടിന്റെ പകുതി ഭാഗം പുതിക്കിപ്പണിതു. കോവിലകത്തേയ്ക്ക് 150 മീറ്ററോളം നീളത്തിൽ ടാർ റോഡും നിർമ്മിച്ചു. 

എന്നാൽ റോഡിന് ഇരുവശവും കൈയ്യേറിയെന്ന പരാതിയും ഉയരുന്നുണ്ട്. മരപ്പട്ടികളുടെയും വവ്വാലുകളുടെയും വിഹാര കേന്ദ്രമാണ് ഇന്ന് കോവിലകം. വർഷങ്ങൾക്ക് മുമ്പ് ഓസ്കാർ വിവാദത്തിലും താരാട്ട് പാട്ട് നിറഞ്ഞ് നിന്നിരുന്നു. ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിനായി ബോംബെ ജയശ്രീ താരാട്ട് പാട്ടിന് ഈണം നൽകിയതോടെ ഓസ്കാർ പട്ടികയിൽ ഇടം നേടിയിരുന്നു.  ജൂലൈ 29 ന് ഇരയിമ്മൻ തമ്പിയുടെ 168-ാമത് ചരമവാർഷികവും, ഒക്ടോബർ 18 ന് 242-ാമത് ജന്മദിനവുമാണ്. നാല് പതിറ്റാണ്ടായി കോവിലകത്ത് സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ആഘോഷങ്ങളും, ആചരണങ്ങളും കോവിലകത്തോടുള്ള അവഗണനയെ പ്രതിഷേധിച്ച് മറ്റ് പലയിടങ്ങളിൽ നടത്തുമെന്ന് സെക്രട്ടറി പ്രൊഫ. തോമസ് വി പുളിക്കനും, പ്രസിഡന്റ് എൻ സദാനന്ദനും പറഞ്ഞു. 

ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയി: കുന്നംകുളത്ത് വാഹനാപകടത്തിൽ പോര്‍ക്കുളം സ്വദേശിക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios