17 പവൻ സ്വര്‍ണം മോഷ്ടിച്ച് വിറ്റു, പണം ആഢംബര ജീവിതത്തിന്, ഇൻസ്റ്റഗ്രാം റീൽസ് താരമായ യുവതി ചിതറയിൽ പിടിയിൽ

സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവ കാണാതായിരുന്നു.

Instagram star arrested for stealing gold from the house of a relative and a friend at chithara

കൊല്ലം: ചിതറയിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസിൽ യുവതി പിടിയിൽ. ഇൻസ്റ്റഗ്രാം താരം കൂടിയായ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ സെപ്തംബറിൽ മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവ കാണാതായിരുന്നു. എന്നാൽ സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു.

തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടിൽ വന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് മനസിലായി. ദൃശ്യങ്ങളെല്ലാം ശേഖരിച്ച ശേഷം ഒക്ടോബര്‍ 12ന് മുനീറ ചിതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷണത്തിൽ മുബീനയെ സംശയിക്കുന്നതായും മുനീറ പൊലീസിനോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ജനുവരിയിൽ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനിൽ തന്നെ നൽകിയിരുന്നു. ആ പരാതിയിലും മുബീനയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ ഒരു പരാതി ഭർത്തൃ സഹോദരി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നൽകുന്നത്. തുടർന്ന് പൊലീസ് മുബീനയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. എന്നാൽ മുബീന നയിച്ചിരുന്നത് ആഢംബര ജീവിതമാണെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, അതിനുള്ള അതിനുളള സാമ്പത്തിക ശേഷി മുബീനക്ക് ഇല്ലെന്നും പൊലീസ് മനസിലാക്കി. മുബീനയുടെ കയ്യിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയുടെ ഫോണായിരുന്നു. തുടര്‍ന്ന് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും, ആദ്യ ഘട്ടത്തിൽ മോഷണം നടത്തിയെന്ന് താനാണെന്ന് സമ്മതിച്ചില്ല. 

തുടർന്ന് തെളിവുകൾ നിരത്തി പൊലീസ് നടത്തിയ ചോദ്യചെയ്യലിൽ രണ്ട് മോഷണവും നടത്തിയത്  താനാണെന്ന് മുബീന കുറ്റസമ്മതം നടത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നും മുബീന പോലീസിനോട് പറഞ്ഞു.  മോഷണം പോയവയിൽ കുറച്ച് സ്വർണ്ണവും പണവും പോലീസ് മുബീനയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ പരിശോധനകൾക്ക് ശേഷം മുബീനയെ കോടതിയിൽ ഹാജരാക്കും. സ്വർണ്ണം വിൽപ്പന നടത്തിയ ജ്വല്ലറികളിൽ തെളിവെടുപ്പ് നടത്തുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios