രവി ബസ്‍റൂറിന്‍റെ സംഗീതം; 'സിങ്കം എഗെയ്‍ന്‍' ടൈറ്റില്‍ ട്രാക്ക് എത്തി

ദീപാവലി റിലീസ് ആണ് ചിത്രം. വന്‍ താരനിര അണിനിരക്കുന്ന ചിത്രം

Singham Again title track ajay devgn ravi basrur rohit shetty

ബോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിങ്കം എഗെയ്ന്‍. അതെ, അജയ് ദേവ്‍ഗണ്‍ ബിഗ് സ്ക്രീനിലെ തന്‍റെ ഹിറ്റ് കഥാപാത്രം ബജിറാവു സിങ്കമായി മൂന്നാം തവണ എത്തുന്ന ചിത്രം. അജയ്ക്കൊപ്പം ഇക്കുറി വമ്പന്‍ താരനിരയെയാണ് രോഹിത് ഷെട്ടി ഇറക്കുന്നത്. കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജീക്കി ഷ്രോഫ് എന്നിങ്ങനെ നീളുന്നു ആ നിര. ഒപ്പം സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. ചിത്രത്തിന്‍റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ടൈറ്റില്‍ ട്രാക്ക് ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു.

രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ടൈറ്റില്‍ ട്രാക്കിന് വരികള്‍ എഴുതിയിരിക്കുന്നത് സ്വാനന്ത് കിര്‍ക്കിറെ ആണ്. ആലപിച്ചിരിക്കുന്നത് സന്തോഷ് വെങ്കി. ഒരു ദിവസം കൊണ്ട് 2 കോടിയിലധികം കാഴ്ചകളാണ് ടൈറ്റില്‍ ട്രാക്കിന് യുട്യൂബില്‍ ലഭിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിലെ ഗാനങ്ങള്‍ രവി ബസ്‍റൂറിനൊപ്പം തമന്‍ എസും ഒരുക്കിയിട്ടുണ്ട്. രോഹിത് ഷെട്ടിക്കൊപ്പം യൂനസ് സജാവല്‍, അഭിജീത് ഖുമന്‍, ഷിതിജ് പട്‍വര്‍ധന്‍, സന്ദീപ് സാകേത്, അനുഷ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഗിരീഷ് കാന്തും റാസ ഹുസൈന്‍ മെഹ്‍തയുമാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ബണ്ടി നാഗി. ലോറന്‍സ് ബിഷ്‍ണോയ് സംഘത്തില്‍ നിന്നുള്ള വധഭീഷണി അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സെക്യൂരിറ്റി പ്രശ്നങ്ങളെ തുടര്‍ന്ന് ചിത്രത്തിലെ സല്‍മാന്‍ ഖാന്‍റെ സാന്നിധ്യം ഒഴിവാക്കിയതായി ആദ്യം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ സല്‍മാന്‍ പിന്നീട് മുംബൈയിലെ സ്റ്റുഡിയോയിലെത്തി തന്‍റെ ഭാഗം ചിത്രീകരിച്ചു. ദീപാവലി റിലീസ് ആയി നവംബര്‍ 1 നാണ് ചിത്രം എത്തുക. 

ALSO READ : 'ലക്കി ഭാസ്‍കര്‍' ഗ്ലോബല്‍ ലോഞ്ച്; ദുല്‍ഖറിന് ദുബൈയില്‍ വന്‍ വരവേല്‍പ്പ്: വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios