117 കോടി ചെലവഴിച്ച് പൂർത്തീകരിച്ച പുതിയ ഒപി മന്തിരം തുറന്നു, ആരോഗ്യ മേഖലയുടെ മുഖച്ഛായ മാറിയെന്ന് മുഖ്യമന്ത്രി

എം ആർ ഐ സ്കാനിംഗ് സെന്ററിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും,  സി.റ്റി സ്കാനിങ് സെന്ററിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദും നിർവഹിച്ചു

new OP building completed at a cost of 117 crores inaugurated by Chief Minister pinarayi vijayan Alappuzha

ആലപ്പുഴ: ആധുനിക ചികിത്സാരീതി, ഉപകരണങ്ങൾ എന്നിവയുടെ ഗുണപരമായ മാറ്റത്തിലൂടെ എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നും കേരളത്തിൽ പൊതുജനാരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ജനറൽ ആശുപത്രിയിൽ 117 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ ഓപി ബഹുനില മന്ദിരത്തിന്റെയും ഉപകരണ സംവിധാനങ്ങളുടെയും  ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കഴിഞ്ഞ സർക്കാർ ആരംഭിച്ച ആർദ്രം മിഷൻ വഴി ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റി. ഇത് അവസാന ഘട്ടത്തിലാണ്. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തി വരികയാണ്. 

കൊവിഡ് വ്യാപകമായപ്പോൾ അതിനെ അതിജീവിക്കുന്നതിന് കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രവർത്തനം ലോക പ്രശംസ നേടി. ആർദ്രം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യം, വയോജനാരോഗ്യം, പകർച്ചവ്യാധി നിയന്ത്രണം, രോഗനിവാരണം എന്നീ മേഖലകളിൽ ശീലവത്കരണം നടത്തി അവയുടെ വ്യാപനം തടയുന്നതിനുള്ള ക്യാമ്പയിൻ നടക്കുന്നു. ജീവിതശൈലി രോഗങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയാനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവയുടെ രജിസ്ട്രി തയ്യാറാക്കുകയാണ്. 

സർക്കാർ ആശുപത്രികളിൽ ക്യാൻസർ ചികിത്സാ സൗകര്യം ഒരുക്കി സാധാരണക്കാരുടെ ചികിത്സാ ചെലവ് കുറയ്ക്കാൻ ശ്രമിച്ചുവരുന്നു. സർക്കാർ ലാബുകളെ പരസ്പരം ബന്ധപ്പെടുത്തി മികച്ച രോഗ നിർണയം സാധ്യമാക്കുന്നുണ്ട്. നഗരപ്രദേശത്ത് 102 കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നു. പുതുതായി 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ നിയോജക മണ്ഡലത്തിലും ആധുനിക സൗകര്യങ്ങളോടെ 10 കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ പൂർത്തിയായി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ദിവസം മുഴുവൻ പ്രവർത്തിക്കുന്ന നിലയിലേക്ക് മാറ്റി. തുറവൂരിൽ പുതിയ ട്രോമാകെയർ, മാവേലിക്കര ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങി ആരോഗ്യ പരിചരണത്തിൽ ജില്ലയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രണത്തിന് രോഗനിർണയം പ്രധാനമാണ്. കേരളത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഒരു ലക്ഷം ചതുരശ്ര അടിയിൽ രണ്ട് കെട്ടിടങ്ങൾ ഇതിനോടകം പ്രവർത്തിക്കുന്നു. 14 അത്യാധുനിക നിലവാരമുള്ള ലാബും ഒരുക്കിയിട്ടുണ്ട്. 

ജനറൽ ആശുപത്രിയിൽ 117 കോടി രൂപയാണ്  കിഫ്ബിയിൽ നിന്നും കെട്ടിട നിർമ്മാണത്തിനും മെഡിക്കൽ ഉപകരണങ്ങൾക്കും ഫർണിച്ചറുകൾക്കുമായി സർക്കാർ വകയിരുത്തിയത്. പുതിയ എംആർഐ സ്കാൻ, സിറ്റി സ്കാൻ, മാമോഗ്രാം, ആധുനിക ഉപകരണങ്ങളോടെയുള്ള മെഡിക്കൽ ലാബ് തുടങ്ങിയതെല്ലാം സജ്ജമാക്കിയിട്ടുണ്ട്. രണ്ടു നിലകളിൽ ഐപി വാർഡുകളും പ്രവർത്തിക്കും. ആലപ്പുഴ നഗരസഭ അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി സിവേജ് ട്രീറ്റ്മെൻറ് പ്ലാന്റും നിർമ്മിച്ചിട്ടുണ്ട്. 

ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ച് ഓൺലൈനായി സംസാരിച്ചു. എം ആർ ഐ സ്കാനിംഗ് സെന്ററിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സി.റ്റി സ്കാനിങ് സെന്ററിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. എച്ച്. സലാം എംഎൽഎ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി പി ചിത്ത രഞ്ജൻ എംഎൽഎ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ ചെയർപേഴ്സൺ  കെ .കെ ജയമ്മ , ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡേ, ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ.കെ.ജെ.റീന,നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്.കവിത, നസീർ പുന്നയ്ക്കൽ, എംജി സതീദേവി, എം.ആർ.പ്രേം, ആർ.വിനീത, വാർഡ് കൗൺസിലർ പി.എസ്.ഫൈസൽ, ഡി.എം.ഓ ഡോ.ജമുനാ വർഗ്ഗീസ്, എൻ.എച്ച്.എം.ഡി.പി.എം ഡോ.കോശി പണിക്കർ, നഗരസഭാ സെക്രട്ടറി മൂംതാസ്, കയർകോർപ്പറേഷൻ മുൻ ചെയർമാൻ ആർ.നാസർ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.സി.ഫ്രാൻസിസ്, എ.എം.നസീർ, സാദിഖ് എം.മാക്കിയിൽ, ജെയ്സപ്പൻ മത്തായി, ബിന്ദുമോൾ വി, അഗസ്റ്റിൻ കരിമ്പുംകാല,പ്രദീപ്കുമാർ, സി.അൻഷാദ്,സാദത്ത് ഹമീദ്,സലിം മുല്ലാത്ത്,എ.നൗഷാദ്,ജേക്കബ് എബ്രഹാം,രതീഷ് പി, സൂപ്രണ്ട് ഡോ.സന്ധ്യ, ആർ.എം.ഓ ഡോ.ആശ എന്നിവർ സംസാരിച്ചു.

റൺ ഓഫ് ദി റിവർ സംവിധാനം, ട്രയൽ റണ്ണിൽ തന്നെ ഉൽപാദനം 173 ദശക്ഷം യൂണിറ്റ്, തോട്ടിയാർ വൈദ്യുതപദ്ധതി ഉദ്ഘാടനം നാളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios