പതിറ്റാണ്ടുകളായി ഹൈന്ദവ കുടുംബം പള്ളിയില്‍ നടത്തുന്ന നോമ്പുതുറ ഇത്തവണയില്ല; തുക സിഎംഡിആര്‍എഫിലേക്ക്
പതിറ്റാണ്ടുകളായി മുസ്ലിം പള്ളിയിൽ നോമ്പുതുറ നടത്തിവന്ന ഹൈന്ദവ കുടുംബം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ചെലവ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ചാരുംമൂട്: പതിറ്റാണ്ടുകളായി മുസ്ലിം പള്ളിയിൽ നോമ്പുതുറ നടത്തിവന്ന ഹൈന്ദവ കുടുംബം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ചെലവ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വള്ളിക്കുന്നം കടുവിനാൽ ജമാഅത്ത് പള്ളിയിൽ കടുവിനാൽ വലിയവിളയിൽ കുടുംബമാണ് റമദാൻ 26ലെ നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ ഒരുക്കി നൽകിയിരുന്നത്.
നോമ്പുകാർക്ക് ഒപ്പം ഈ ഹൈന്ദവ കുടുംബാംഗങ്ങളും നോമ്പുതുറയിൽ പങ്കുചേരുകയായിരുന്നു പതിവ്. എന്നാൽ ഇക്കുറി ലോക്ക്ഡൗണായതിനാൽ പള്ളികളിൽ ചടങ്ങുകൾ നടക്കാത്ത സാഹചര്യത്തിലാണ് നോമ്പുതുറയ്ക്കുള്ള ചെലവ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വലിയവിള കുടുബാംഗങ്ങളായ പ്രകാശ്, പ്രസന്നൻ എന്നിവർ ചേർന്ന് 10000 രൂപയുടെ ചെക്ക് ആർ രാജേഷ് എംഎൽഎയ്ക്ക് കൈമാറി.