കാരശ്ശേരിയിൽ പെട്രോള്‍ പമ്പിനായി മണ്ണെടുത്ത കുന്ന് ഇടിഞ്ഞു; പ്രദേശവാസികൾ ആശങ്കയില്‍
എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ കാരശ്ശേരി കറുത്തപറമ്പിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ കുന്ന് ഇടിഞ്ഞത്.
കോഴിക്കോട്: സംസ്ഥാന പാതയോരത്ത് പെട്രോള്‍ പമ്പിനായി മണ്ണെടുത്ത കുന്ന് കനത്ത മഴയില്‍ ഇടിഞ്ഞത് സമീപത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ കാരശ്ശേരി കറുത്തപറമ്പിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ കുന്ന് ഇടിഞ്ഞത്. കറുത്ത പറമ്പ് അങ്ങാടിക്കും സംസ്ഥാന പാതയിലെ യാത്രക്കാര്‍ക്കും കുന്നിന് താഴ്‌വാരത്തെ വീടുകള്‍ക്കും നിലവിലെ സാഹചര്യം ഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
നേരത്തെ പെട്രോള്‍ പമ്പ് നിര്‍മാണത്തിനായി ഇവിടെ നിന്നും അനുവദിച്ചതില്‍ കൂടുതല്‍ മണ്ണ് എടുത്തിരുന്നു. പിന്നീട് പരാതിയെ തുടര്‍ന്ന് റവന്യു, ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ ഉടമകള്‍ അധികം മണ്ണ് എടുത്തതിന് പിഴ അടച്ച് പ്രവൃത്തി വീണ്ടും ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പമ്പിനായുള്ള ഷെഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചപ്പോള്‍ ശക്തമായ മഴയില്‍ കുന്ന് ഇടിഞ്ഞ് ഷെഡ് ഉള്‍പ്പെടെ പൂര്‍ണമായും തകര്‍ന്നിരുന്നു. പിന്നീട് നിർമാണം നിര്‍ത്തി വച്ചെങ്കിലും രണ്ട് മാസം മുന്‍പാണ് ഇരുമ്പ് നെറ്റ് ഉള്‍പ്പെടെ എത്തിച്ച് സംരക്ഷണ ഭിത്തിയുടെ നിർമാണം ആരംഭിച്ചത്. പ്രവൃത്തി തുടരുന്നതിനിടെയാണ് ഇന്ന് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം