സെൻട്രൽ ജയിലിൽ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, 5 പേർക്ക് പരിക്ക്; ഏറ്റുമുട്ടിയവരിൽ കൊടി സുനിയുടെ സംഘവും
തടവുകാർ കുളിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്. ഇതിന് തുടര്‍ച്ചയായി പിന്നീടും സംഘംതിരിഞ്ഞ് തടവുകാര്‍ ഏറ്റുമുട്ടി.
മലപ്പുറം: കൊടി സുനി ഉൾപ്പെടെയുള്ള കുപ്രസിദ്ധ കുറ്റവാളികളെ പാർപ്പിച്ചിട്ടുള്ള തവനൂർ സെൻട്രൽ ജയിലിൽ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തടവുകാർ കുളിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്. പിന്നീട് മൂന്നുതവണകൂടി ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കുണ്ട്.
തടവുകാർ തമ്മിലുള്ള മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി തവനൂർ ജയിലിലാണ് കഴിയുന്നത്. വിയ്യൂർ അതീവ സുരക്ഷ ജയിലിൽനിന്ന് ഈയിടെയാണ് സുനിയെ തവനൂരിലേക്ക് മാറ്റിയത്. വിയ്യൂരിലുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു മാറ്റം. അന്ന് സുനിക്കൊപ്പം തവനൂരിൽ എത്തിയവരിൽ രണ്ടുപേർ ഏറ്റുമുട്ടലിൽ ഉൾപ്പെട്ടിട്ടുണ്ട്.
തവനൂർ ജയിലിൽ നേരത്തെയും തടവുകാർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മറ്റു ജയിലുകളിലിൽനിന്ന് ഇവിടേയ്ക്കു മാറ്റിയ പ്രശ്നക്കാരായ തടവുകാരും ഇവിടെയുള്ള തടവുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പത്തോളം പേരാണ് സംഘർഷത്തിലേർപ്പെട്ടത്. ഇവർക്കിടയിലെ കുടിപ്പകയാണ് സംഘർഷത്തിനു കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ജയിൽ ജീവനക്കാർ വളരെ പ്രയാസപ്പെട്ടാണ് തടവുകാരെ പിടിച്ചുമാറ്റിയത്.
ജയിലിൽ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നതിനു തിരിച്ചടിയാണ്. 92 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ വേണ്ടിടത്ത് നിലവിൽ 27 പേരാണുള്ളത്. അഞ്ഞൂറിലധികം തടവുകാരാണ് ഈ ജയിലിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...