കോൺട്രാക്ടറുടെ വീടിന്റെ ഗേറ്റിന് മുന്നിൽ രാവിലെ ഗ്രനേഡും ഭീഷണിക്കത്തും; അന്വേഷണം തുടങ്ങി ഇംഫാൽ പൊലീസ്
ഗ്രനേഡ് കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികൾ പരിഭ്രാന്തരായി. പൊലീസ് സ്ഥലത്തെത്തി ഗ്രനേഡ് കൊണ്ടുപോയി.
ഇംഫാൽ: കോൺട്രാക്ടറുടെ വീടിന് മുന്നിൽ ഗ്രനേഡും ഭീഷണിക്കത്തും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മണിപ്പൂരിലെ ഈസ്റ്റ് ഇംഫാൽ ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഗ്രനേഡ് കിട്ടിയതോടെ പ്രദേശത്തെ നാട്ടുകാരും പരിഭ്രാന്തിയിലായി.
കൈരംഗ് മഖാ ലെയ്കെ ലേൻ-3ൽ താമസിക്കുന്ന 52കാരൻ ശങ്കറിന്റെ വീടിന്റെ ഗേറ്റിന് മുന്നിലാണ് ഞായറാഴ്ച രാവിലെ ഗ്രനേഡ് കണ്ടെത്തിയത്. ശങ്കറിന് തന്റെ കുടുംബത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമോ എന്ന് ചോദിക്കുന്ന കുറിപ്പാണ് ഗ്രനേഡിനൊപ്പം ഉണ്ടായിരുന്നത്.
വിവരമറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഗ്രനേഡ് കസ്റ്റഡിയിലെടുത്തു. മോഷണ ശ്രമം പോലുള്ള കാരണങ്ങളാണ് പൊലീസ് സംശയിക്കുന്നത്. ആരാണ് പിന്നിലെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു വീടിന് മുന്നിൽ അന്ന് ബോംബ് ആണ് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം