ഒരുമിച്ചിരുന്ന് മദ്യപിച്ച സംഘം കൂട്ടത്തിലൊരാളെ വെട്ടിക്കൊന്നു; സ്ത്രീകളെ ശല്യം ചെയ്തതിലെ വൈരാഗ്യമെന്ന് മൊഴി
ബാറിലിരുന്ന് മദ്യപിച്ച ശേഷം പിന്നീട് ഒരു റബ്ബര്‍ തോട്ടത്തിലിരുന്ന് വീണ്ടും മദ്യപിച്ചു. ഇതിനും ശേഷമാണ് കൂട്ടത്തിലൊരാളെ വെട്ടികത്തി കൊണ്ട് കൊലപ്പെടുത്തിയത്.
തിരുവനന്തപുരം: ആറ്റിങ്ങലിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി സുജിയുടെ മൃതദേഹമാണ് വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്. പ്രതികളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സുജിയുടേയും പ്രതികളുടേയും പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആലംകോട് നിന്നും സുജിയും സുഹൃത്തുക്കളായ ബിജുവും അനീഷും ആറ്റിങ്ങലിലുള്ള ബാറിലെത്തി മദ്യപിച്ചത്. ശേഷം മേലാറ്റിങ്ങല്‍ ശങ്കരമംഗലം ക്ഷേത്രത്തിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ എത്തി. വീണ്ടും മദ്യപിക്കുന്നതിനിടയിലാണ് ഇരുകൂട്ടരും തമ്മിൽ വാക്ക് തര്‍ക്കമുണ്ടാവുന്നത്. തുടര്‍ന്നുണ്ടായ സംഘര്‍ഷം സുജിയുടെ കൊലപാതകത്തിലേക്ക് നയിച്ചു. സുജിയുടെ സുഹൃത്തുക്കളായ കീഴാറ്റിങ്ങല്‍ സ്വദേശി ബിജുവിനെയും, കരിച്ചയില്‍ സ്വദേശി അനീഷിനെയും കടയ്ക്കാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട സുജിയുടെ ദേഹത്ത് വെട്ട് കത്തി കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. കൊലപാതകത്തിന് ശേഷം രാത്രി 12 മണിയോടെ ബിജുവിന്റെ ഓട്ടോയിൽ ഇരുവരും രക്ഷപ്പെടുകയായിരുന്നു. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് എതിര്‍വശത്ത് ഓട്ടോറിക്ഷ ഉപേക്ഷിച്ച ശേഷം ഒളിവില്‍ പോയ പ്രതികളെ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യം പൊലീസ് പിടികൂടിയത്.
പ്രതികളായ അനീഷിന്റെയും ബിജുവിന്റെയും വീട്ടിലെ സ്ത്രീകളെ കൊല്ലപ്പെട്ട സുജി ഇതിനു മുൻപ് ശല്യം ചെയ്തതാണ് പ്രതികൾക്ക് വ്യക്തി വൈരാഗ്യം ഉണ്ടാകാൻ കാരണമെന്നാണ് തുടർന്നുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സുജി വധശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. പ്രതിയായ ബിജുവിനെ മുൻപ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. അനീഷിനെതിരെയും കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീഡിയോ റിപ്പോര്‍ട്ട് കാണാം...
Watch Video