Health Tips: കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ നാല് വിറ്റാമിനുകള്‍
ചില വിറ്റാമിനുകളുടെ കുറവു മൂലം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം. വിറ്റാമിനുകളാൽ സമ്പുഷ്ടമായ സമീകൃതാഹാരം കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പല കാരണങ്ങള്‍ കൊണ്ടും കണ്ണുകളുടെ ആരോഗ്യം മോശമാകാം. ചില വിറ്റാമിനുകളുടെ കുറവു മൂലം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം. വിറ്റാമിനുകളാൽ സമ്പുഷ്ടമായ സമീകൃതാഹാരം കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. നേത്രാരോഗ്യത്തിനായി ഒമേഗ -3 ഫാറ്റി ആസിഡുകൾ, സിങ്ക് തുടങ്ങിയവയ്ക്ക് പുറമേ ആവശ്യമായ വിറ്റാമിനുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വിറ്റാമിന്‍ എ
കണ്ണിന്‍റെ ഏറ്റവും പുറം പാളിയായ കോർണിയയുടെ ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ എ അത്യാവശ്യമാണ്. കണ്ണിന്‍റെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ എ പ്രധാനമാണ്. ഇതിനായി ക്യാരറ്റ്, മധുരക്കിഴങ്ങ്, ചീര, മറ്റ് ഇലക്കറികള്‍, മുട്ട, പാല്‍ മാമ്പഴം, പപ്പായ തുടങ്ങിയ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. വിറ്റാമിന്‍ സി
ശക്തമായ ആന്‍റി ഓക്സിഡന്‍റായ വിറ്റാമിൻ സി കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ കണ്ണുകളിലെ രക്തക്കുഴലുകളെ സംരക്ഷിക്കുകയും തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ അവസ്ഥകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിനായി ഓറഞ്ച്, സ്ട്രോബെറി, ബെല്‍ പെപ്പര്‍, ബ്രൊക്കോളി, പേരയ്ക്ക കിവി, നാരങ്ങ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
3. വിറ്റാമിന്‍ ഇ
വിറ്റാമിന്‍ ഇ ഒരു മികച്ച ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിച്ചുകൊണ്ട് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും. ഇവയും തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ അവസ്ഥകളുടെ സാധ്യതയെ കുറയ്ക്കും. ഇതിനായി ബദാം, സൂര്യകാന്തി വിത്തുകള്‍, നിലക്കടല, അവക്കാഡോ, ചീര തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. വിറ്റാമിൻ ഡി
കുറഞ്ഞ വിറ്റാമിൻ ഡി അളവ് ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തിൽ സാൽമൺ ഫിഷ്, അയല, ഫോർട്ടിഫൈഡ് പാൽ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രമിക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഉലുവ കുതിര്‍ത്ത് കഴിക്കൂ, നാല് ആരോഗ്യ പ്രശ്നങ്ങളെ തടയാം; വീഡിയോയുമായി ന്യൂട്രീഷ്യനിസ്റ്റ്