നഗരമദ്ധ്യത്തിലെ ക്ഷേത്രത്തിൽ ഭണ്ഡാര മോഷണം; തുറന്നുനോക്കിയപ്പോൾ കാലിയെന്ന് കണ്ട് ഓടയിൽ ഉപേക്ഷിച്ചു
മോഷണ വിവരം അറിഞ്ഞ് പരിശോധിക്കാൻ എത്തിയ വിരലടയാള വിദഗ്ധരിൽ ഒരാളാണ് ഓടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭണ്ഡാരങ്ങൾ കണ്ടെത്തിയത്.
കോഴിക്കോട്: നഗരമധ്യത്തിലെ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരങ്ങള്‍ മോഷ്ടിച്ചു. കോഴിക്കോട് മുതലക്കുളത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. കഴിഞ്ഞ ദിവസം തന്നെ ഭണ്ഡാരത്തിലെ പണം ജീവനക്കാര്‍ എടുത്ത് മാറ്റിയിരുന്നതിനാല്‍ പണമൊന്നും നഷ്ടമായില്ല. എന്നാൽ ഭണ്ഡാരം കാലിയാണെന്ന് മനസ്സിലാക്കിയ മോഷ്ടാവ് അവ സമീപത്തെ ഓടയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 8.45 വരെ ജീവനക്കാര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ 5.45ന് ക്ഷേത്രത്തില്‍ എത്തിയവരാണ് ഭണ്ഡാരങ്ങള്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായാണ് വിവരം.
പാവമണി റോഡ് ഭാഗത്ത് നിന്ന് പ്രതി ക്ഷേത്ര പരിസരത്തേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. ഇതിനിടെ സമീപത്തെ ഓടയില്‍ പുല്ലുകൊണ്ട് മൂടിയ നിലയില്‍ രണ്ട് ഭണ്ഡാരങ്ങള്‍, സിറ്റി ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥന്‍ സുധീര്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഈ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം