കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം: കുറ്റിപ്പുറത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു
പരിക്കേറ്റ സഹോദരങ്ങളെ കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രികയിൽ പ്രവേശിപ്പിച്ചു
മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. സഹോദരങ്ങളായ അറുമുഖൻ (29), മണി (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
മണിക്ക് തലയിൽ മടല് കൊണ്ട് അടിയേറ്റ് പരിക്കുണ്ട്. കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് ഇദ്ദേഹത്തിന് നെഞ്ചിലും പരിക്കേറ്റു. മണിയുടെ ഇടത് തോളിലാണ് വാള് കൊണ്ട് വെട്ടിയത്. ഇരുവരും നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകൾ തമ്മിലാണ് ഇന്ന് രാവിലെ തര്‍ക്കും തുടങ്ങിയത്. ഇത് പിന്നീട് പുരുഷന്മാര്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. പ്രദേശവാസികളായ മൂന്ന് പേര്‍ ആക്രമിച്ചെന്നാണ് അറുമുഖനും മണിയും പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.