ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റ്, കോട്ടയം സ്വദേശി നൽകിയ വില ഒന്നല്ല, രണ്ടല്ല 10 ലക്ഷം! തൃശൂരുകാരന്റെ പരാതിയിൽ വിധി
എറണാകുളത്ത് സൈക്കോളജിസ്റ്റായി ജോലി നോക്കുന്ന തൃശൂര്‍ സ്വദേശി എംകെ പ്രസാദായിരുന്നു പരാതിക്കാരന്‍.
തൃശൂര്‍: ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്‌റ്റിട്ടയാൾ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി. തൃശൂർ അഡീഷണൽ സബ് കോടതിയുടേതാണ് വിധി. പൊതു ഇടങ്ങളില്‍ അപകീര്‍ത്തികരമായി പെരുമാറുന്നവര്‍ക്കുള്ള സന്ദേശമാണ് കോടതി ഉത്തരവെന്ന് പരാതിക്കാരന്‍ കൂടിയായ കൊച്ചിയിലെ സൈക്കോളജിസ്റ്റ് എംകെ പ്രസാദ് പറഞ്ഞു.
എറണാകുളത്ത് സൈക്കോളജിസ്റ്റായി ജോലി നോക്കുന്ന തൃശൂര്‍ സ്വദേശി എംകെ പ്രസാദായിരുന്നു പരാതിക്കാരന്‍. 2017 ഏപ്രില്‍ 26 ന് പ്രസാദിന്‍റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന ആരോപണവുമായി കോട്ടയം സ്വദേശിയായ ഷെറിൻ വി ജോര്‍ജ്ജ് എന്നയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് തനിക്ക് വ്യക്തമായെന്നായിരുന്നു ഉള്ളടക്കം. ഇത് സമൂഹമധ്യത്തില്‍ തനിക്ക് അവതമിപ്പുണ്ടാക്കിയെന്നും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും കാട്ടി പ്രസാദ് തൃശൂർ അഡീഷനൽ സബ് കോടതിയെ സമീപിച്ചു.
ഇരുകൂട്ടരുടെയും വാദം കേട്ട കോടതി പ്രസാദിന്‍റെ സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ചു. ഷെറിനെതിരായ മാനനഷ്ടക്കേസ് അനുവദിച്ച കോടതി പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ഇതു കൂടാതെ കേസ് നല്‍കിയ കാലം മുതലുള്ള കോടതി ചെലവ് പലിശ സഹിതം നല്‍കാനും ഉത്തരവിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള താക്കീതാണ് കോടതി വിധിയെന്നായിരുന്നു പ്രസാദിന്‍റെ പ്രതികരണം.