പിരായിരിയിൽ അപകടം മണത്ത് കോൺഗ്രസ്, ഷാഫിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കുടുംബസംഗമം, മറികടക്കുമോ പ്രതിസന്ധി?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിരായിരി പഞ്ചായത്തിലാണ് യുഡിഎഫിന് ഏറ്റവുമധികം വോട്ട് ലഭിച്ചത്.
പാലക്കാട്: നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ പ്രതിസന്ധി മറികടക്കാന്‍ പാലക്കാട് പിരായിരി പഞ്ചായത്തില്‍ കുടുംബസംഗമവുമായി കോണ്‍ഗ്രസ്. എംഎല്‍എ ആയിരുന്ന സമയത്ത് ഷാഫി പറന്പിൽ മണ്ഡലത്തില്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞാണ് പാര്‍ട്ടി വിട്ടവരുടെ ആരോപണങ്ങളെ നേതൃത്വം നേരിടുന്നത്. പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിരായിരി പഞ്ചായത്തിലാണ് യുഡിഎഫിന് ഏറ്റവുമധികം വോട്ട് ലഭിച്ചത്. അതുകൊണ്ടു തന്നെ പിരായിരിയില്‍ നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ തലവേദന ചില്ലറയല്ല കോണ്‍ഗ്രസിന്. ഇത് മുന്‍കൂട്ടി കണ്ട് സിപിഎം ഇടഞ്ഞു നില്‍ക്കുന്നവരെ ലക്ഷ്യം വെച്ച് നടത്തുന്ന നീക്കങ്ങള്‍ വേറെയുമുണ്ട്. പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കളാണ് പിരായിരിയില്‍ രണ്ടു ദിവസം കൊണ്ട് ഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇതിലെ അപകടം മണത്ത കോണ്‍ഗ്രസ് നേതൃത്വം പിരായിരിയില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനൊപ്പമാണ് പ്രദേശത്ത് കുടുംബ സംഗമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പുതുകുളങ്ങരയില്‍ നടന്ന കുടുംബസംഗമം ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്തു. കൂറുമാറിയവരുടെ രാഷ്ട്രീയ ഭാവി അവസാനിക്കുകയല്ലാതെ യുഡിഎഫിനെ അത് ബാധിക്കില്ലെന്ന് ബെന്നി ബഹനാന്‍ എം പി പറഞ്ഞു.
ഷാഫി പറമ്പിലിനെതിരെ വിമര്‍ശനമുയര്‍ത്തിയാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതെന്നതിനാല്‍ അദ്ദേഹം ചെയ്ത വികസന പ്രവര്‍ത്തനങ്ങളുള്‍പ്പെടെ ഉയര്ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് തീരുമാനം. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ,ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും കുടുംബസംഗമത്തില്‍ പങ്കെടുത്തു. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നതെങ്കിലും അസൗകര്യത്തെ ത്തുടര്‍ന്ന് അദ്ദേഹമെത്തിയില്ല.