മൂന്നാറിലേക്ക് വിനോദയാത്ര, 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; സഫയർ ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് വിദ്യാർത്ഥികൾ ആഹാരം കഴിച്ച അടിമാലിയിലെ സഫയർ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു.
ഇടുക്കി: ഇടുക്കി അടിമാലിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികളും അധ്യാപകരുമടക്കം 51 പേർക്ക് ഭക്ഷ്യവിഷബാധ. അടൂരിൽ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സ്വകാര്യ ട്യൂഷൻ സെന്ററിലെ ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് വിദ്യാർത്ഥികൾ ആഹാരം കഴിച്ച അടിമാലിയിലെ സഫയർ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ചത് അടിമാലിയിലെ സഫയർ ഹോട്ടലിൽ നിന്നുമാണ്. ഉച്ചയ്ക്ക് ഹോട്ടൽ ജീവനക്കാർ മൂന്നാറിൽ എത്തിച്ചു നൽകുകയും വൈകിട്ട് ഇവർ നേരിട്ട് ഹോട്ടലിലെത്തിയുമാണ് ഭക്ഷണം കഴിച്ചത്. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികൾക്ക് തുടർച്ചയായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഹോട്ടലിനെതിരെ മുമ്പും സമാനമായ പരാതികൾ ഉയർന്നതിനെ തുടർന്ന് 14 ന് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ചികിത്സക്ക് ശേഷം കുട്ടികൾ സ്വദേശത്തേക്ക് മടങ്ങി.