സുമംഗല ഇല്ലാത്ത കാലം!

അവസാന ദീപസ്തംഭം. എംജി രാധാകൃഷ്ണന്‍ എഴുതുന്നു

Tribute to Sumangala prominent author of children literature

സുമംഗല ആദ്യമായി ഞങ്ങളുടെ ബാല മനസ്സുകളിലെ നിഴല്‍ വീണ രഹസ്യ അറകളിലേക്ക് യാത്ര ചെയ്തു. അപസര്‍പക സ്വഭാവവും ഉദ്വേഗവും ഒരു കഴഞ്ച് ഭയവും കലര്‍ത്തി ഞങ്ങള്‍ക്ക് കിട്ടിയ അന്നത്തെ മാജിക്കല്‍ റിയലിസം. 

 

Tribute to Sumangala prominent author of children literature

 

കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി സുമംഗല യാത്ര ആയതോടെ അറുപതിനോട് അടുക്കുകയോ ആ നാഴികക്കല്ല് പിന്നിടുകയോ ചെയ്ത ഞങ്ങളുടെ തലമുറയുടെ ബാല്യകൗമാരങ്ങള്‍ക്ക്  വര്‍ണവും വെളിച്ചവും പകര്‍ന്ന അവസാനത്തെ ദീപസ്തംഭവും വീണു. ടി വി യും  സിനിമയും ക്രിക്കറ്റും ഇല്ലാത്ത, ഷോപ്പിങ്ങ് മാളോ വാഹന പ്രളയമോ കൂറ്റന്‍ സമുച്ചയങ്ങളോ ഭീമന്‍ പാതകളോ ഒന്നും  കേട്ടിട്ട് തന്നെ ഇല്ലാതിരുന്ന അവസാന തലമുറയുടെ ബാല്യം.  തന്തൂരി ചിക്കനും കുഴിമന്തിയും ഭാവനയില്‍ പോലും  ഇല്ലാതിരുന്ന കാലം.  പുഴയും തൊടിയും ഉത്സവവും പെരുന്നാളും മാങ്ങാക്കാലവും അണ്ടിക്കാലവും കുറെയധികം ഇല്ലായ്മകളും ഒരുപാട് സമയവും ഉണ്ടായിരുന്ന കാലം. 

ആ കൊച്ചു ലോകത്തും കാലത്തും ഞങ്ങളെ ഏതൊക്കെയോ സ്വപ്ന ലോകങ്ങളിലേക്കും അനുഭൂതി വിസ്മയങ്ങളിലേക്കും കൊണ്ടുപോയ ചുരുക്കം ചിലര്‍ ഉണ്ടായിരുന്നു.  സുമംഗല , നരേന്ദ്രനാഥ്, മാലി, നന്തനാര്‍ തുടങ്ങിയവര്‍.  മറ്റെല്ലാവരും വിട്ടുപോയി ഏറെ ആയിട്ടും ശൈശവം മുതല്‍ ഷഷ്ടിപൂര്‍ത്തി വരെ ഞങ്ങള്‍ക്ക് ഒപ്പം നടന്നു സുമംഗല.  

എല്ലാവരും ഒന്നിനൊന്ന് വ്യത്യസ്തര്‍ ആയിരുന്നു. അവര്‍ ഞങ്ങള്‍ക്ക് പണിഞ്ഞു തന്ന ലോകങ്ങളും. നന്തനാരുടെ ഉണ്ണിക്കുട്ടന്റെ അതിസാധാരണ ലോകം നൂറ് ശതമാനവും ഞങ്ങളുടെ സ്വന്തം ലോകമായിരുന്നു. നരേന്ദ്രനാഥന്റെ കുഞ്ഞിക്കൂനനും കുഞ്ഞു നീലാണ്ടനും  ഇല്ലായ്മകളെ വെല്ലാന്‍ ഞങ്ങളെ പഠിപ്പിച്ചു. മാലി ഞങ്ങള്‍ക്ക് പുരാണ കഥാപാത്രങ്ങളുടെ അത്ഭുത ലോകം ലളിതമായി തുറന്നു തന്നു. പക്ഷേ സുമംഗല ആദ്യമായി ഞങ്ങളുടെ ബാല മനസ്സുകളിലെ നിഴല്‍ വീണ രഹസ്യ അറകളിലേക്ക് യാത്ര ചെയ്തു. അപസര്‍പക സ്വഭാവവും ഉദ്വേഗവും ഒരു കഴഞ്ച് ഭയവും കലര്‍ത്തി ഞങ്ങള്‍ക്ക് കിട്ടിയ അന്നത്തെ മാജിക്കല്‍ റിയലിസം. 

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തന്നെ ബാലസാഹിത്യം മലയാളത്തിലും സജീവം. ആദ്യമൊക്കെ പഞ്ചതന്ത്രവും ഐതിഹ്യമാലയും ബൈബിള്‍ കഥകളും ഈ സോപ്പും ഗ്രിമ്മും ഒക്കെ ആയിരുന്നു. ഗളിവറും സിന്ദ്ബാദും ക്കൈ തര്‍ജമകളായി എത്തിചേര്‍ന്നു.  കഥകളെക്കാള്‍ സജീവമായിരുന്നു കുട്ടികള്‍ക്കുള്ള കവിതയുടെ ലോകം. സാക്ഷാല്‍ നാരായണ ഗുരുവും വലിയ കോയി തമ്പുരാനും പന്തളം കേരള വര്‍മ്മയും കുമാരനാശാനും ഉള്ളൂരും വള്ളത്തോളം ഒക്കെ ഇവിടെ  നിറഞ്ഞു.

 

Tribute to Sumangala prominent author of children literature

Photo: Shasiya 

 

പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ മാത്രമേ മലയാളത്തിന്റെ തനതായ  കുട്ടികഥാലോകം സജീവമായുള്ളൂ. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ (എസ് പി സി എസ്) വരവോടെ ആണത്.  1960 കളോടെ ഇത് ഏറ്റവും ഊര്‍ജസ്വലമായിത്തീര്‍ന്നു. ഓണക്കാലത്ത് കുട്ടികള്‍ക്കായി അവര്‍ ആരംഭിച്ച പുസ്തക സമാഹാരം - സമ്മാനപ്പെട്ടി - ഞങ്ങളുടെ തലമുറക്ക് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനം ആയിരുന്നു. സമ്മാനപ്പെട്ടിയിലെ പുസ്തകങ്ങള്‍ പലപ്പോഴും മലയാളത്തിലെ പ്രാമാണിക കഥാകൃത്തുക്കളുടെ സൃഷ്ടികള്‍ ആയിരുന്നു. ഉറൂബും കാരൂരും അന്തര്‍ജനവും ഒക്കെ ഇതില്‍ ഉള്‍പ്പെട്ടു. പുരാണങ്ങളുടെയും ദൈവങ്ങളുടെയും ഇതിഹാസ വീരന്മാരുടെയും  മുത്തശ്ശി കഥകളുടെയും സാരോപദേശ കഥകളുടെയും ലോകത്ത് നിന്ന് തങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് കുട്ടികള്‍ക്ക് എത്താന്‍ കഴിഞ്ഞത് അതോടെയാണ്. പക്ഷേ, കുട്ടികളെ അവരുടെ തന്നെ മനസ്സിലൂടെയും ചിന്തകളിലൂടെയും ആകര്‍ഷിക്കാന്‍ സുമംഗലയെയും നന്തനാരെയും  നരേന്ദ്ര നാഥിനെയും കഴിഞ്ഞത് പോലെ അധികമാര്‍ക്കും കഴിഞ്ഞില്ല. (രാജ്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അതിരുകള്‍ തകര്‍ത്ത് എത്തിയ സോവ്യറ്റ് കഥകളും അന്ന് ഞങ്ങളെ കീഴടക്കിയത് അത്ഭുതകരമായിരുന്നു.)

ഇവര്‍ മിക്കവരും വള്ളുവനാടന്‍ സവര്‍ണ  മധ്യവര്‍ഗ ലോകം ആണ് വരച്ചിട്ടതെന്നത് ശരിയാകാം. കുട്ടികളുടെ സാഹിത്യ ലോകവും കാലത്തിന്റെ രാഷ്ടീയ സാമൂഹ്യ സമവാക്യങ്ങള്‍ക്ക് അതീതമല്ലല്ലോ. കീഴാളന് ഇടം ഉണ്ടായിരുന്ന വാമൊഴിയുടെ കാലത്തില്‍ നിന്ന് സംസ്‌കാരം വരമൊഴിയിലെത്തിയപ്പോള്‍ ഉല്പാദകനും ഉപഭോക്താവും ഉന്നതകുലരായി. പക്ഷേ പരസ്പര സ്‌നേഹവും ദുര്‍ബലരോടുള്ള അനുതാപവും സ്വപ്നം കാണാനുള്ള അഭിനിവേശവും ഊര്‍ജവും അല്ലാതെ വിദ്വേഷമോ അഹന്തയോ മതമോ ജാതിയോ ദൈവം പോലുമോ ആ കഥകളില്‍ ഇടം പിടിച്ചില്ല. പൊയ്‌പ്പോയി ആ നല്ല കാലവും ആ കാവലാള്‍മാരും!

Latest Videos
Follow Us:
Download App:
  • android
  • ios