Malayalam Short Story: കുളിമുറിക്കള്ളന്‍, ജംഷിദ് മുഹമ്മദ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജംഷിദ് മുഹമ്മദ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ബഷീറിക്കയാണ് ജെന്നിയെ ബ്രാ സെക്ഷനിലേക്ക് മാറ്റിയത്. കുറേ ആഴ്ചകളായി ജെന്നി അനന്തേട്ടന്റെ കൂടെ സാരി സെക്ഷനിലായിരുന്നു. ബഷീറിക്ക അങ്ങനെയാണ്, പെട്ടെന്നായിരിക്കും ഓരോ തീരുമാനങ്ങള്‍. കുര്‍ത്തി സെക്ഷനില്‍ നിന്നും എല്ലാ ടോപ്‌സും എടുത്ത് സല്‍വാര്‍ മെറ്റീരിയല്‍ സെക്ഷനിലേക്ക് മാറ്റാന്‍ പറയും. സല്‍വാര്‍ മെറ്റീരിയല്‍ മൊത്തം സാരി സെക്ഷനിലേക്ക് മാറ്റാന്‍ പറയും. അതുപോലെ തന്നെ സെയ്ല്‍സ് സ്റ്റാഫിനെയും സ്വിച്ച് ചെയ്യും. ഓഫ് സീസണിലാണ് ഇത്തരം കലാപരിപാടികള്‍ അരങ്ങേറുക. കസ്റ്റമേഴ്‌സ് കുറവാണെന്ന് കരുതി ആരും വെറുതെ ഇരിക്കണ്ട എന്ന് വിചാരിച്ചിട്ടായിരിക്കും.
ബ്രാ സെക്ഷനില്‍ ജെന്നി പുതിയതാണ്. കടയില്‍ കഴിഞ്ഞ സീസണ്‍ വരെ ജെന്നി പുതിയ സ്റ്റാഫ് തന്നെയായിരുന്നു. പിന്നെ കഴിഞ്ഞ കല്യാണ സീസണില്‍ രണ്ട് പയ്യന്മാരും രണ്ട് സുന്ദരിമാരും വന്നു. അങ്ങനെ ജെന്നി പഴയ സ്റ്റാഫ് ആയി. എക്‌സ്പീരിയന്‍സ് ഉള്ള സ്റ്റാഫ് ആയി.
രാവിലെ വന്ന് സ്ഥലം മാറി, ഇവിടെയുള്ള പൊടിയൊക്കെ തട്ടി വെടിപ്പാക്കി. ബ്രാ ആയത് കൊണ്ട് സല്‍വാറോ സാരിയോ പോലെ മടക്കി വെക്കേണ്ട പണിയില്ല. ഇനി കസ്റ്റമര്‍ വരണം. പതിനൊന്ന് മണിയായിട്ടും ഒരു മനുഷ്യന്‍ ഈ വഴിക്ക് വന്നില്ല. സെക്ഷന്റെ താഴെ നിലത്ത് പതുക്കെ ഇരുന്നു ജെന്നി. ഫ്‌ലോറില്‍ കസ്റ്റമര്‍ ഇല്ലെങ്കില്‍ ഇരിക്കാന്‍ അനുവാദമുണ്ട്.
തൊട്ടപ്പുറത്ത് റണ്ണിംഗ് മെറ്റീരിയലില്‍ നിന്ന് ശബ്‌ന വന്നു, കൂടെയിരുന്നു.
'ലുഡോ കളിച്ചാലോ?'
'ആ. ശെരി, പക്ഷേ ഞാന്‍ ചുവപ്പ്'
ജെന്നിക്ക് ചുവപ്പാണ് ഇഷ്ടം. ചെറുപ്പം മുതലേ. ജെന്നിയുടെ അച്ഛന്റെ ചുവപ്പിനോടുള്ള ഇഷ്ടമാണ് ജെന്നിയുടെ പേര്. ജെന്നി! കാറല്‍ മാര്‍ക്‌സിന്റെ മകള്‍!
ഉടനെ, ടോപ്‌സില്‍ നിന്നും നിഷയും സല്‍വാര്‍ മെറ്റീരിയല്‍ സെക്ഷനില്‍ നിന്നും അഖിലും വന്നു, ലൂഡോ കളിക്കാന്‍.
'അല്ല, എന്തായിത്?, എല്ലാര്‍ക്കും ഫൈന്‍ അടിച്ച് തരട്ടെ?'
സുലുത്തയാണ്.
'അമ്പത്, അമ്പത്, അമ്പത്, അമ്പത്, ഇരുനൂറ് രൂപ'
ലൂഡോ കളിച്ചു കൊണ്ടിരുന്ന ഓരോരുത്തരുടെയും നേരെ വിരല്‍ ചൂണ്ടി സുല്‍ഫത്ത് പറഞ്ഞു.
സുല്‍ഫത്ത്, കടയുടെ മാനേജര്‍ ആണ്. മുതലാളിയുടെ പെങ്ങളുടെ മകളും കൂടിയാണ്. ഏകദേശം മുതലാളിയുടെ പവര്‍ തന്നെയാണ് സുല്‍ഫത്തിന് കടയില്‍.
'എന്തായാലും ഫൈന്‍ അടിച്ചില്ലേ.. ഇനി കളി മുഴുവനായിട്ട് നമുക്ക് നിര്‍ത്താം.' അഖിലാണ് അത് പറഞ്ഞത്.
'എടാ എടാ.. ഇഞ്ഞി അന്റെ അടുത്തുന്ന് വാങ്ങിക്കുവേ' തന്റെ മാഹി ശൈലിയില്‍ സുല്‍ഫത്ത്.
സ്റ്റാഫിനോടൊക്കെ അത്യാവശ്യം ഫ്രണ്ട്ലി ആണ് സുലുത്ത. പക്ഷേ ഇത്തരം ചില കടുംപിടുത്തങ്ങളാണ് അധികമാര്‍ക്കും അവരെ ഇഷ്ടമാകാത്തത്. ഇടക്കിടെ ഫൈന്‍ പറഞ്ഞ് പേടിപ്പിക്കുക, ഒരഞ്ച് മിനിറ്റ് അധികം ബ്രേക്ക് എടുത്താല്‍ അതിന് കണക്ക് പറയുക, അങ്ങനെയോരോ പിടിവാശികള്‍.
ബഷീറിക്കയും ഫ്രണ്ട്ലിയാണ്. പെണ്ണുങ്ങളോട് കുറച്ചധികം ഫ്രണ്ട്ലിയാണ്. സ്വല്പം പഞ്ചാരയസുഖവുമുണ്ട്. വിശേഷിച്ചും നിഷയുടെയും പാക്കിങ് സെക്ഷനിലെ സിന്ധുവിന്റെയും അടുത്ത്. കൂടുതലും ചായ മുറിയില്‍ വെച്ചാണ് പുള്ളിയുടെ കൊഞ്ചലും കുന്നായ്മയും പുറത്ത് വരിക. ഷോപ്പിനകത്ത് വെച്ച് കട്ട സീരിയസ് ആയിരിക്കും.
സ്റ്റാഫിന് ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ഒരു ചെറിയ പാന്‍ട്രിയുണ്ട് അകത്ത്. അതിനെ സ്റ്റാഫ് വിളിക്കുന്ന പേരാണ് ചായ മുറി.
അന്ന് വൈകിട്ട് ജെന്നി വീട്ടില്‍ എത്തി, രാവിലെ അലക്കി ഉണക്കാനിട്ട വസ്ത്രങ്ങള്‍ ഓരോന്ന് മടക്കി വെക്കുമ്പോഴാണ് ആദ്യമായി അത് ശ്രദ്ധിച്ചത്. ജെന്നിയുടെ ചുവന്ന ബ്രാ കാണാനില്ല. ഉള്ളതില്‍ അല്‍പം പുതിയതും പാഡ് ഒക്കെ ഉള്ള കുറച്ചു ഫാഷന്‍ ആയ ഒരെണ്ണവും അതാണ്. കുറെ തപ്പി നോക്കി, മടക്കിവെച്ച വസ്ത്രങ്ങള്‍ക്കിടയില്‍, വസ്ത്രങ്ങള്‍ക്കകത്ത്, ഒന്നുകൂടി പുറത്തു പോയി, തുണി ഉണക്കാന്‍ ഇടുന്ന അയമേല്‍ ഉണ്ടോ എന്ന് പരിശോധിച്ചു. രക്ഷയില്ല. അത് ശരിക്കും നഷ്ടപ്പെട്ടിരിക്കുന്നു.
എന്നാലും അത് അവിടെ പോയിരിക്കും? അന്ന് ഭക്ഷണം പാകം ചെയ്യുമ്പോഴും ചേട്ടനുമൊത്ത് ഭക്ഷണം കഴിക്കുമ്പോഴും രാത്രി ഉറങ്ങാനായി കിടന്നപ്പോഴുമെല്ലാം ആ നഷ്ടപ്പെട്ട ചുവന്ന ബ്രാ ആയിരുന്നു ജെന്നിയുടെ മനസ്സില്‍.
'എന്നെക്കാള്‍ പ്രായം കുറവ്. ഒരു 17 അല്ല 18-19 വയസ്സ'-രാവിലെ തന്നെ ബ്രാ വേടിക്കാന്‍ വന്ന ഒരു കോളേജ് പയ്യന്‍.
'മോനെ പ്രായം പറഞ്ഞാല്‍ സൈസ് മനസ്സിലാക്കാന്‍ പറ്റില്ല. ആള് കൂടെ വന്നിട്ടില്ലേ?'
ബ്രാ സൈസ് അറിയാതെ തപ്പിപ്പിടിക്കുന്ന പയ്യനോട് ജെന്നി ചോദിച്ചു.
'ഇല്ല ഇതൊരു ഗിഫ്റ്റ് കൊടുക്കാനാണ്, വാലന്റൈന്‍സ് ഡേ ഒക്കെ അല്ലേ' പറഞ്ഞൊപ്പിച്ച ശേഷം പയ്യാനൊന്ന് പല്ലുകളമര്‍ത്തി ചിരിച്ചു. നാണം ഒളിപ്പിക്കാനുള്ള പാഴ് ശ്രമം മാത്രം.
'ഓഹോ! വാലന്റൈന്‍സ് ഡേക്ക് ഇതൊക്കെയാണോ ഗിഫ്റ്റ് കൊടുക്കുന്നത്?'
'ഏകദേശം ദാ ഇത്രയുണ്ട്.' പയ്യന്‍ രണ്ടുകയ്യും കൂട്ടിവെച്ച് താമര പോലെ ഒരു രൂപം കാണിച്ചു.
ജെന്നി മാത്രമല്ല, തൊട്ടപ്പുറത്തെ സെക്ഷനില്‍ നിന്നുള്ളവരും ഇത് കണ്ട് ചിരിച്ചു.
'കൂട്ടുകാരിയുടെ ഫോട്ടോ എന്തെങ്കിലുമുണ്ടോ മോനെ' റണ്ണിങ് മെറ്റീരിയല്‍ നിന്നും ശബ്നയാണ് അത് ചോദിച്ചത്.
'ആഹ്, ഫോട്ടോ മതിയോ?' പയ്യന്‍ ആശ്വാസം പൂണ്ടു.
'തല്‍ക്കാലം നീ ഫോട്ടോ കാണിക്ക്. മനസ്സിലാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ'
ജെന്നി പറഞ്ഞു.
പയ്യന്‍ മൊബൈലില്‍ നിന്നും കാമുകിയുടെ ഫോട്ടോ കാണിച്ചു.
'ഇതാ, ഇത് പറ്റുമായിരിക്കും.'
പുതിയ മോഡലിലുള്ള ഒരു പാഡഡ് ബ്രാ ജെന്നി അവനു കൊടുത്തു.
'ചുവപ്പ് നിറം തന്നെ ആയിക്കോട്ടെ അല്ലേ?'
ജെന്നി പയ്യനോട് ചോദിച്ചു.
പയ്യനും ശരിവെച്ചു.
ജെന്നിക്ക് വീണ്ടും തന്റെ നഷ്ടപ്പെട്ട ബ്രാ ഓര്‍മ്മ വന്നു.
അന്ന് രാത്രി തുണി മടക്കി വെക്കുമ്പോള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. ഭാഗ്യം. പക്ഷേ കുളിക്കുവാന്‍ വേണ്ടി പുറത്തുള്ള ബാത്‌റൂമിലേക്ക് പോയപ്പോഴാണ് രാവിലെ താന്‍ അഴിച്ചുവച്ച നൈറ്റിയും അടിവസ്ത്രങ്ങളും ഒന്നും അലക്കിയിട്ടില്ല എന്ന് ഓര്‍മ്മ വന്നത് ജെന്നിക്ക്.
ഇനിയിപ്പോ എന്തായാലും നാളെ കഴുകാം എന്ന് വെച്ച് ജെന്നി ആ വസ്ത്രങ്ങള്‍ ഒരു സൈഡിലേക്ക് നീക്കി വെച്ചു. അന്നേരമാണ് ജെന്നി മറ്റൊരു കാര്യം ശ്രദ്ധിച്ചത്, രാവിലെ അഴിച്ചുവച്ച ബ്രാ കാണാനില്ല.
എന്തൊരു കഷ്ടമാണ് ഇത്.
ആകെയുള്ളത് അഞ്ചാറ് ബ്രായാണ്. ആഴ്ചയില്‍ ആറു ദിവസം കടയിലേക്കും പോണം. എല്ലാ ദിവസവും അലക്കുന്നത് കൊണ്ട് ഒപ്പിച്ചങ്ങ് പോകുന്നു. അതില്‍ രണ്ടെണ്ണം ഇപ്പോള്‍ കാണാതായിരിക്കുന്നു.
കുളി വേഗം തീര്‍ത്ത് ജെന്നി വീട്ടിനകത്ത് കയറി. മുറിക്കകത്ത് മുഴുവന്‍ പരതി. ഒരു രക്ഷയുമില്ല. അതും നഷ്ടപ്പെട്ടു.
രാത്രി കിടക്കുമ്പോള്‍ ചേട്ടനോട് പറഞ്ഞു, 'നാളെ കടയില്‍ നിന്നും ഞാനൊരു ബ്രാ മേടിക്കും, പൈസ സാലറിയില്‍ നിന്നും കട്ട് ചെയ്‌തോളാന്‍ പറയാം'
'കഴിഞ്ഞ മാസമല്ലേ കല്യാണത്തിന് പോകാന്‍ വേണ്ടി ഡ്രസ്സ് എടുത്തപ്പോള്‍ ആവശ്യമുള്ളതൊക്കെ എടുക്കണം എന്ന് ഞാന്‍ പറഞ്ഞത്. അന്ന് എടുക്കാമായിരുന്നില്ലേ?'
വായിച്ചു കൊണ്ടിരിക്കുന്ന പൈങ്കിളി വാരികയില്‍ നിന്നും കണ്ണെടുക്കാതെ ചേട്ടന്‍ പറഞ്ഞു.
'അന്ന് എടുത്തതാണ്, പക്ഷേ ഇനിയും ആവശ്യമുണ്ട്' ജെന്നി വ്യക്തമാക്കി.
'ശരി'
അടുത്ത ദിവസം ജെന്നി കടയില്‍ നിന്നും ഒരു ബ്രാ മേടിച്ചു. സുലുത്തയോട് പൈസ ശമ്പളത്തില്‍ നിന്നും കട്ട് ചെയ്‌തോളാന്‍ പറഞ്ഞു.
കടയില്‍ സ്റ്റാഫിന് 20% ഡിസ്‌കൗണ്ട് ഉണ്ട്. ഏത് ഡ്രസ്സ് എടുത്താലും. അതുകൊണ്ട് മിക്കവാറും എല്ലാവരും അവിടെ നിന്ന് ടോപ്പും ബ്രായുമെല്ലാം എടുക്കാറുണ്ട്. റണ്ണിങ് മെറ്റീരിയലും.
സാരിയും സല്‍വാര്‍ മറ്റീരിയലും പാര്‍ട്ടി വെയറുമൊന്നും സ്റ്റാഫ് പൊതുവെ കടയില്‍ നിന്നും മേടിക്കാറില്ല. ഡിസ്‌കൗണ്ട് കഴിച്ചാല്‍ പോലും നല്ല കോസ്റ്റ്‌ലി ആണ് അതൊക്കെ.
അന്ന് രാത്രിയും ജെന്നിയെ ഞെട്ടിച്ചത് മറ്റൊന്നുമായിരുന്നില്ല, വീണ്ടും ഒരെണ്ണം കാണാതായിരിക്കുന്നു.
ഇതെന്താണ്! താന്‍ എവിടെയെങ്കിലും കൊണ്ട് കളയുന്നതാണോ! ജെന്നി സ്വയം സംശയിച്ചു. 'ഞാന്‍ എല്ലാം സൂക്ഷിച്ചാണല്ലോ വെക്കുന്നത്! മറ്റ് തുണികളെല്ലാം ഇവിടെത്തന്നെയുണ്ട്. ചേട്ടന്റെയും മക്കളുടെയും എല്ലാം. ഒരു പ്രശ്‌നവുമില്ല. എന്റെ ബ്രാ മാത്രം എങ്ങനെയാണ് നഷ്ടപ്പെടുന്നത്? ജെന്നിക്ക് എത്തും പിടിയും കിട്ടാതെ തല പെരുത്തു.
ദിവസങ്ങള്‍ കടന്നു പോയി. ഏറ്റവും പുതിയത് ഉള്‍പ്പെടെ മൂന്ന് ബ്രാ വീണ്ടും നഷ്ടമായി. ഇനിയും കടയില്‍ നിന്ന് ബ്രാ മേടിക്കണോ! ശമ്പളത്തില്‍ നിന്നും കട്ട് ചെയ്യാന്‍ പറയാം, പക്ഷേ ചേട്ടനോട് പറയാതെ അങ്ങനെ ചെയ്യാമോ? ഇതുവരെ ഒരു രൂപയും ചേട്ടന്റെ അനുവാദമില്ലാതെ ജെന്നി ചിലവഴിച്ചിട്ടില്ല. അങ്ങനെ ചെയ്യരുതെന്ന് ചേട്ടന്‍ പറഞ്ഞിട്ടൊന്നുമല്ലെങ്കിലും. പത്തോ നൂറോ ശമ്പളത്തില്‍ നിന്നും കുറഞ്ഞാലും ചേട്ടന്‍ അതെങ്ങനെ അറിയാനാണ്!
'ഞാന്‍ പറഞ്ഞറിയും, അല്ലാതെങ്ങനെ?' തനിക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ അറിയില്ലെന്ന് തന്നെ പോലെ ചേട്ടനും അറിയാമല്ലോ.
'പക്ഷേ, ഞാനിപ്പോള്‍ ഒരൊന്നാന്തരം രഹസ്യം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടല്ലോ! അപ്പോ എനിക്ക് അത് കഴിയും!' ജെന്നി ആത്മവിശ്വാസം കൈകൊണ്ടു.
തൊട്ടടുത്ത ദിവസം തന്നെ രണ്ട് പുതിയ ബ്രാകള്‍ മേടിക്കാന്‍ ജെന്നി തീരുമാനിച്ചു. ഒന്ന് ഇപ്പോള്‍ ഉപയോഗിക്കേണ്ട. ഒരു സേഫ്റ്റിക്ക് എടുത്തു വെക്കാം.
രാവിലെ തന്നെ രണ്ട് പാഡഡ് ബ്രാകള്‍ മാറ്റി വെച്ചു. വൈകിട്ട് ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ ബില്ല് ചെയ്ത് കൊണ്ടുപോകാം. അന്ന് സുലൂത്ത ഉച്ചക്ക് തന്നെ പോയി. ചെക്ക് ഔട്ട് ചെയ്യുന്ന സമയം ബഷീറിക്ക മാത്രമായിരുന്നു കൗണ്ടറില്‍. പോകാന്‍ വേണ്ടി ബാഗ് എടുത്ത് തോളിലിട്ട് കയ്യില്‍ ബില്ല് ചെയ്യാനായി രണ്ട് ബ്രായുമായി കൗണ്ടറില്‍ ചെന്ന ജെന്നിയെ നോക്കി ബഷീറിക്ക ചോദിച്ചു. 'എന്താ JN, ഒരെണ്ണം വാങ്ങിച്ചിട്ട് അധികം ആയില്ലല്ലോ.. ഇപ്പൊ പിന്നെയും രണ്ടെണ്ണമോ!'
പെണ്ണുങ്ങളുടെ അടിവസ്ത്രം ഒരു പെണ്ണിന്റെ കയ്യില്‍ കണ്ടതിന്റെ തിളക്കമുണ്ടായിരുന്നു അയാളുടെ കണ്ണുകളില്‍. സാധാരണ ജെന്നിയോടൊന്നും ഇത്തരത്തില്‍ പെരുമാറാത്ത ആളാണ്. ഇന്നിപ്പം സുലുത്ത നേരത്തെ പോയത് പരമാവധി മുതലെടുക്കുകയാണ്. നേരത്തെ സിന്ധു ചെക്ക് ഔട്ട് ചെയ്യുമ്പോഴും എന്തോ വഷളു സംസാരം കേട്ടിരുന്നു. സിന്ധുവിനോടും നിഷയോടും ബഷീറിക്ക കൂടുതല്‍ സ്വാതന്ത്ര്യം എടുക്കുന്നത് അവരതിന് നിന്ന് കൊടുത്തിട്ടാണെന്നാണ് സുലുത്ത പറയുന്നത്. എന്തോ ജെന്നിക്ക് അങ്ങനെ തോന്നിയിട്ടില്ല.
'ഒരെണ്ണം മതി. ഒന്ന് പ്രൈസ് ടാഗ് മാറ്റിയിടാന്‍ കൊണ്ട് വന്നതാ.' ജെന്നി മറുപടി പറഞ്ഞു.
'ഓ അത് ശരി. പ്രൈസ് ടാഗ് നാളെ സുല്‍ഫത്ത് വന്നിട്ട് ഇട്ടോ.'
ബഷീര്‍ പറഞ്ഞു. ആ പണി എടുക്കാനുള്ള മടിയാണ് അയാള്‍ക്ക്. ഒരെണ്ണം ബില്‍ ചെയ്തു. ജെന്നി അത് ബാഗിലിട്ടു. മറ്റേത് തിരിച്ചു കൊണ്ട് വെക്കാനായി ജെന്നി സെക്ഷനിലേക്ക് ഓടി.
'അല്ല, ഞാനെന്തിനാ അയാളെ പേടിച്ച് ഒരെണ്ണം മാത്രം എടുത്തത്?' ജെന്നിക്ക് സ്വയം നാണക്കേട് തോന്നി.
'അയാളുടെ ഒരു കുഴഞ്ഞ വര്‍ത്തമാനം' ജെന്നി പ്രാകി.
അടുത്ത ഞൊടിയില്‍ ജെന്നിക്ക് ഒരു ആശയം തോന്നി. 'ഈ ബ്രായും കൂടി അങ്ങ് ബാഗിലേക്കിട്ടാലോ.'
ബഷീറിക്കയോടുള്ള ദേഷ്യമോ അതോ ആഴ്ചക്കാഴ്ചക്ക് ബ്രാ മേടിക്കാനുള്ള പണചെലവോര്‍ത്തോ, ജെന്നി, ബില്‍ ചെയ്യാത്ത രണ്ട് ബ്രാകള്‍ ബാഗിലേക്കിട്ടു.
അന്നത്തെ രാത്രി ജെന്നിക്ക് മര്യാദക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ജീവിതത്തിലാദ്യമായി ഒരു മോഷണം നടത്തിയതിന്റെ കുറ്റബോധമോ അതോ തന്റെ നഷ്ടപ്പെട്ട അടിവസ്ത്രങ്ങളെ കുറിച്ചും അജ്ഞാതനായ കുപ്പായക്കള്ളനെ കുറിച്ചോര്‍ത്തുമോ!
അടുത്തദിവസം ബുധനാഴ്ചയായിരുന്നു, അന്നാണ് ജെന്നിയുടെ വീക്ക് ഓഫ്. ഓരോരുത്തര്‍ക്കും ഓരോ ദിവസമാണ് ആഴ്ചയിലെ അവധി. ജെന്നിയുടെ ഊഴം ബുധനാഴ്ചയാണ്.
പക്ഷേ ആ ബുധനാഴ്ച മുഴുവന്‍ ജെന്നിയുടെ ചിന്തകള്‍ കളഞ്ഞുപോയ ബ്രാകളെ കുറിച്ചായിരുന്നു. ഉച്ചക്ക് ചേട്ടന്‍ ഭക്ഷണം കഴിക്കാന്‍ വന്നു. ചേട്ടന്‍ നിത്യവും ഉച്ച ഭക്ഷണം കഴിക്കുന്നത് വീട്ടില്‍ നിന്ന് തന്നെയാണ്. ഓട്ടോ ഡ്രൈവര്‍ ആണ്. അതുകൊണ്ടുള്ള സൗകര്യങ്ങള്‍ നോക്കണേ..
'ചേട്ടനോട് കാര്യം പറഞ്ഞാലോ' ജെന്നി ആലോചിച്ചു. 'വേണ്ട, ഞാന്‍ ഒരു സാധനവും എടുത്തിടത്ത് വെക്കാത്തത് കൊണ്ടാണെന്നേ ചേട്ടന് പറയാനുണ്ടാവൂ.' ജെന്നിക്ക് പെട്ടെന്ന് ബോധോദയം വന്നു.
'പക്ഷേ അങ്ങനെയല്ലെന്ന് എനിക്കറിയാമല്ലോ. പിന്നെ ചേട്ടനോട് പറയുന്നതില്‍ എന്ത് തെറ്റ്?' ജെന്നിയുടെ ചിന്തകള്‍ വിടുന്ന ലക്ഷണമില്ല.
പറഞ്ഞു.
'ചേട്ടാ എന്റെ ബ്രാ കാണുന്നില്ല'
നല്ല മുള്ളുള്ള ഒരു മീന്‍ കഷ്ണം സൂക്ഷിച്ച് നുള്ളുന്നതിനിടെ ചേട്ടന്‍ ഒരു നിമിഷം നിശ്ചലനായി.
'ഏത് ബ്രാ? ഇന്നലെ മേടിച്ചതോ?'ചേട്ടന്‍ ചോദിച്ചു.
'അല്ല, കഴിഞ്ഞ മൂന്ന് ദിവസം ഓരോ ബ്രാ വച്ച് കാണാതായി. കഴിഞ്ഞമാസം മേടിച്ച പുതിയതും പിന്നെ വേറെ രണ്ടു പഴയതും'
ജെന്നി വിശദമാക്കി.
'നീ അലക്കാന്‍ ഇട്ടതാണോ?'
ചേട്ടന്‍ ചോദ്യം ചെയ്യുകയാണോ!
'അലക്കാനിട്ടു, എന്നിട്ട് അലക്കി. പിന്നെ..'
ജെന്നി ഒരു നിമിഷം നിശ്ശബ്ദയായി. അപ്പോഴാണ് അവള്‍ അതോര്‍ത്തത്. നഷ്ടപ്പെട്ട ബാകള്‍ ഒന്നും അലക്കിയതല്ല, എല്ലാം പുറത്തെ ബാത്‌റൂമില്‍ അഴിച്ചിട്ട തുണികളുടെ കൂട്ടത്തിലുള്ളതായിരുന്നു.
'ചേട്ടാ എനിക്കൊരു സംശയം.' ജെന്നി ഒരു തുമ്പ് കിട്ടിയ ആവേശത്തില്‍ പറഞ്ഞു.
'പുറത്തെ ബാത്‌റൂമില്‍ നിന്ന് ആരോ എന്റെ ബ്രാ മോഷ്ടിക്കുന്നുണ്ട്.' ജെന്നി തന്റെ കണ്ടെത്തല്‍ ചേട്ടനെ ബോധിപ്പിച്ചു.
കേട്ട പാടെ ചേട്ടന്‍ ചിരിച്ചു. പക്ഷേ ഉടനെ ചേട്ടനും ഒരല്‍പം ഗൗരവം പൂണ്ടു.
'നമ്മുടെ ബാത്‌റൂമില്‍ നിന്നോ!' അയാള്‍ അത്ഭുതം കൂറി.
'ശരി. ഇനിയെന്തായാലും അവിടെ തുണി അഴിച്ചിടണ്ട' ചേട്ടന്‍ തന്റെ നിര്‍ദേശം മുന്നോട്ട് വെച്ചു.
'അഴിച്ചിടാതിരിക്കാം. പക്ഷേ നമുക്കറിയണ്ടേ, ആരാണെന്ന്?' അവള്‍ ചോദിച്ചു.
'അറിയണം. പക്ഷേ തല്‍ക്കാലം നമുക്ക് നഷ്ടപ്പെടാതെ നോക്കണമല്ലോ' ചേട്ടന്‍ പറഞ്ഞു.
'അതെ, ശരിയാണ്' ജെന്നിയും ശരി വെച്ചു.
അടുത്ത ദിവസം ഇതെല്ലാം ശബ്നയോട് പറയണമെന്നുണ്ടായിരുന്നു, ജെന്നിക്ക്. ശബ്നയാണ് ജെന്നിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി. ബാക്കിയുള്ള സഹപ്രവര്‍ത്തകര്‍ കൂട്ടുകാരികളല്ലെന്നല്ല, എങ്കിലും നല്ല പാരവെപ്പ് നടക്കുന്ന സ്ഥലമാണ് അവരുടെ കട. അവിടെ തനിക്ക് നൂറു ശതമാനവും വിശ്വസിക്കാവുന്ന രണ്ടുപേരേയൂള്ളൂ. ഒന്ന് സുലുത്തയാണ്. പക്ഷേ ഇക്കാര്യം സുലുത്തയോട് പറയാന്‍ ചെറിയൊരു മടി.
വ്യാഴാഴ്ച പക്ഷേ ശബ്‌നയുടെ വീക്ക് ഓഫാണ്. അതുകൊണ്ട് വെള്ളിയാഴ്ച വരെ കാത്തിരുന്നു. വെള്ളിയാഴ്ച അവളോട് വിഷയം ധരിപ്പിക്കുകയും ചെയ്തു.
ശബ്നയുടെയും ആദ്യ പ്രതികരണം ഒരു പൊട്ടിച്ചിരിയായിരുന്നു.
പക്ഷേ പിന്നെ കുറെ നേരം ശബ്ന അതേക്കുറിച്ച് ആലോചിച്ചിരുന്നു.
'നീ ഇപ്പൊ ആ വീട്ടിലേക്ക് താമസം മാറിയിട്ട് എത്രയായി?' റണ്ണിംഗ് മെറ്റീരിയല്‍ സെക്ഷന്റെ സൈഡില്‍ നിലത്ത് കാലുകള്‍ ക്രോസ് ചെയ്ത് ഇരിക്കുന്ന ശബ്‌ന തലയൊന്ന് വെട്ടിച്ചുകൊണ്ട് ചോദിച്ചു.
'ആറു മാസം ആയി.' ജെന്നി മറുപടി പറഞ്ഞു.
'വല്ല പയ്യന്മാരും ഉണ്ടോ നിന്റെ അയല്‍പക്കങ്ങളില്‍ നിന്നെ വായി നോക്കി നടക്കുന്നവര്‍?' ശബ്‌ന വിഷയത്തിലേക്ക് വന്നു.
'ഹേയ്, അടുത്തുള്ളതൊക്കെ എന്റെ മക്കളുടെ പ്രായമുള്ളവരാ. മക്കളുടെ കൂട്ടുകാരാ. അവരൊന്നും അങ്ങനെ ചെയ്യില്ലെന്നെ' ജെന്നിക്ക് ഒരിക്കല്‍ പോലും അങ്ങനെയൊരു സംശയം ഉണ്ടായിരുന്നില്ല.
'കുട്ടികള്‍ അല്ലെങ്കില്‍ പിന്നെ, മുതിര്‍ന്ന ആരെങ്കിലും..' ശബ്‌ന വീണ്ടും ചോദിച്ചു.
'അറിയില്ല SN' ജെന്നി ആശയക്കുഴപ്പത്തിലായി.
'ഞാന്‍ ചേട്ടനോട് പറഞ്ഞ് അവിടുന്ന് വീട് മാറിയാലോ! എന്തായാലും വാടക വീടല്ലേ. അവിടെത്തന്നെ നിന്നേക്കണം എന്ന് നിര്‍ബന്ധമൊന്നും ഇല്ലല്ലോ.' ജെന്നി തുടര്‍ന്നു.
'എന്തിന്?' ശബ്‌ന നേരെയിരുന്നു. 'ആരെ പേടിച്ച്? അതിന്റെ ഒരു ആവശ്യവുമില്ല. നമുക്ക് കണ്ടുപിടിക്കാം ആരാണെന്ന്.' ശബ്‌ന കൂടെയുണ്ടാകുമെന്ന് ജെന്നിക്ക് നേരത്തെ ഉറപ്പായിരുന്നു.
അന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഷബ്‌ന ഇക്കാര്യം സുലുത്തയോട് പറഞ്ഞു. മൂവരും ഒരുമിച്ചാണ് എപ്പോഴും ഭക്ഷണം കഴിക്കുന്നതും ചായ കുടിക്കുന്നതുമെല്ലാം.
മുമ്മൂന്ന് പേരുള്ള സംഘങ്ങള്‍ ആയിട്ടാണ് കടയില്‍ എല്ലാവരും ചായ കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. അതില്‍ സുല്‍ഫത്തിന്റെ ഗാങ് ആണ് ഇത്. മുതലാളിച്ചിയുടെ ഗ്യാങ്ങിലുള്ള രണ്ടുപേരോട് സ്വാഭാവികമായും മറ്റു ലേഡിസ് സ്റ്റാഫിന് തെല്ലസൂയയുണ്ട്.
സുലുത്തയോട് പറയണമെന്ന് വിചാരിച്ചിരുന്നെങ്കിലും അത് ശബ്‌ന ഇപ്പോള്‍ തന്നെ പറയുമെന്ന് കരുതിയില്ല. ഇത്തരം കാര്യങ്ങളില്‍ സുലുത്ത കുറച്ചു കൂടി അഗ്രസീവ് ആണ്. ഈ കാര്യം കേട്ട് അവര്‍ ചിരിച്ചില്ല. ആദ്യമേ ചോദിച്ചത് ചേട്ടന്‍ എന്താ പറഞ്ഞത് എന്നാണ്.
'അലക്കാനുള്ള തുണി പുറത്തെ ബാത്‌റൂമില്‍ വെക്കേണ്ട എന്ന് പറഞ്ഞു' ജെന്നി പറഞ്ഞു.
'അതല്ലാതെ ഒന്നും പറഞ്ഞില്ലേ?' സുലുത്ത ചോദിച്ചു.
'പോലീസില്‍ അറിയിക്കണം' സുലുത്ത നിര്‍ദേശം മുന്നോട്ട് വെച്ചു.
'അയ്യോ അതെന്തിനാ' ജെന്നി പേടിച്ചു.
'പിന്നെ വീട്ടില്‍ മോഷണം നടന്നാല്‍ പോലീസില്‍ പറയില്ലേ?' സുലുത്ത ന്യായീകരിച്ചു.
'ഇത് അങ്ങനെ ഒരു മോഷണം ആണോ' ജെന്നി പ്രതിരോധിക്കാനുള്ള തത്രപ്പാട് തുടങ്ങി.
'മോഷണം മാത്രമല്ലല്ലോ, എന്നാല്‍ മോഷണം കൂടിയാണ്. ഏതാണ് ആ ഞരമ്പുരോഗി എന്ന് നമുക്ക് കണ്ടുപിടിക്കണം' സുലുത്ത വിടുന്ന മട്ടില്ല.
'പോലീസില്‍ ഒന്നും പറയണ്ട. ആരാണെന്ന് കണ്ടുപിടിക്കണമെന്നുമില്ല. ഇനി എന്റെ തുണിയൊന്നും നഷ്ടപ്പെടാതിരുന്നാല്‍ മതി' ജെന്നി പറഞ്ഞു.
'എന്തിനാണ് നീ പേടിക്കുന്നത്? ഇന്ന് നീ പുറത്തു തന്നെ തുണിയിടണം. എന്നിട്ട് നമുക്ക് കാവലിരിക്കാം. ആരാണ് എടുക്കാന്‍ വരുന്നതെന്ന് നമുക്ക് നോക്കണമല്ലോ.' സുല്‍ഫത്തിന്റെ മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകി. ആവേശം കൊണ്ടോ അതോ ദേഷ്യം കൊണ്ടോ!
'പക്ഷേ ഇത് പകലാണോ രാത്രിയാണോ നടക്കുന്നതെന്ന് അറിയില്ലല്ലോ.' ശബ്‌നയാണ് അത് ചോദിച്ചത്.
'പകല്‍ ആണെങ്കിലും രാത്രി ആണെങ്കിലും നമ്മള്‍ കാവല്‍ ഇരിക്കും, എന്താ നിനക്കും പേടിയാണോ?' സുല്‍ഫത്ത് ശബ്‌നയോട് ചോദിച്ചു. ജെന്നിയുടെ അഭിപ്രായത്തിന് ഇനി പ്രസക്തിയില്ല എന്നവള്‍ക്ക് മനസ്സിലായി.
'എനിക്ക് പേടിയൊന്നുമില്ല' ശബ്‌ന ധൈര്യം സംഭരിച്ച് പറഞ്ഞു.
'എന്നാ ശരി നമുക്ക് ഒരു പ്ലാന്‍ സെറ്റാക്കാം'
പ്ലാനിങ്ങും അറേഞ്ച്‌മെന്റുമെല്ലാം സുല്‍ഫത്തും ശബ്‌നയും ചേര്‍ന്ന് നടത്തി. അതും ഞൊടിയിടയില്‍.
അന്ന് വൈകിട്ട് സുല്‍ഫത്തും ഷബ്‌നയും ജെന്നിയുടെ വീട്ടിലേക്ക് വിരുന്നിന് വന്നു. അങ്ങനെ രാത്രി ജെന്നി, ജെന്നിയുടെ ചേട്ടന്‍, സുല്‍ഫത്ത്, ശബ്‌ന.. എല്ലാവരും ചേര്‍ന്ന് വീടിനകത്ത് ജനല്‍ പാളി ഒരല്പം തുറന്ന് കള്ളനെ കാത്തിരുന്നു.
ഇരിപ്പ് തുടര്‍ന്നു. ആരെയും കാണാനില്ല.
ഒടുക്കം ജെന്നി പറഞ്ഞു, 'ഇനി ഭക്ഷണം കഴിച്ചിട്ട് നോക്കാം. അതുവരെ കള്ളനൊന്നും വരില്ല.'
ശബ്‌ന പറഞ്ഞു, 'നിങ്ങളെല്ലാവരും കഴിക്ക്. ഞാനിവിടെ കാവലിരിക്കാം. നിങ്ങള്‍ കഴിച്ച് കഴിഞ്ഞ് ഞാന്‍ കഴിച്ചോളാം.'
'ഓ പിന്നേ.. അതൊന്നും വേണ്ട. എന്തായാലും ഇന്നൊരു പാര്‍ട്ടിമൂഡ് ആയി. ഇനി ഇതുപോലെ നമ്മളെല്ലാവരും ഈ വീട്ടില്‍ ഒരുമിച്ച് എപ്പോഴാ?!' ജെന്നി ശബ്നയുടെ കൈ പിടിച്ച് വലിച്ചു.
'അത് ശരിയാ, ഒരുമിച്ച് കഴിക്കാം' സുലുത്ത കൂടി വിളിച്ചതു കൊണ്ട് ശബ്നയും എണീറ്റു.
എല്ലാവരും ഭക്ഷണം കഴിക്കാനായി കൈ കഴുകി മേശക്കടുത്തേക്ക് ചെന്നു.
ജെന്നി, 'ഞാനൊന്ന് മുള്ളിയേച്ചും വരാമേ' എന്ന് പുറത്ത് ബാത്‌റൂമിലേക്ക് പോയി.
'ഇതാ ഈ ടോര്‍ച്ച് എടുത്തോ' സുല്‍ഫത്ത് വീട്ടില്‍ നിന്നും ടോര്‍ച്ചൊക്കെ എടുത്തായിരുന്നു വന്നിരുന്നത്.
'ഓ ഈ സുലുത്തയുടെ ഒരു ടോര്‍ച്ച്. ഇവിടെ ടോര്‍ച്ചില്ലെന്ന് കരുതിയോ ഇതൊക്കെ എടുത്ത് വരാന്‍' ജെന്നി ചോദിച്ചു.
'എടീ ഇത് കള്ളനെ കയ്യില്‍ കിട്ടിയാല്‍ അവന്റെ തലമണ്ടക്ക് കൊടുക്കാന്‍ കൂടിയാണ്' സുല്‍ഫത്ത് ഒരുങ്ങിത്തന്നെയായിരുന്നു.
ജെന്നി ടോര്‍ച്ച് അടിച്ചു പുറത്തേക്കിറങ്ങി. സിറ്റൗട്ടില്‍ നിന്നും പടിയിറങ്ങിയ ഉടനെ അവള്‍ ബാത്‌റൂമിന്റെ വാതിലിലേക്ക് ടോര്‍ച്ചടിച്ചു. അതാ ഒരാള്‍ ഇറങ്ങി ഓടുന്നു. ജെന്നി നിശ്ചലയായി. ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്.
'അപ്പോള്‍ ഈ കള്ളന്‍ ശരിക്കും ഉള്ള കള്ളന്‍ ആയിരുന്നല്ലേ!' എവിടെയോ വച്ച് മറന്നു പോയതായിരിക്കാം ആ നഷ്ടപ്പെട്ട വസ്ത്രങ്ങള്‍ എന്ന് ഉള്ളില്‍ എവിടെയോ വിചാരിച്ചിരുന്നു ജെന്നി.
തന്റെ എല്ലാ വിചാരങ്ങളും തകിടം മറിക്കുന്നതായിരുന്നു ആ കാഴ്ച.
അകത്ത് കള്ളനെ പിടിക്കാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ട്. ജെന്നി ഇപ്പോഴൊന്ന് ഒച്ചയനക്കിയാല്‍ മതി, അയാളുടെ കഥ തീരാന്‍.
അയാളെ പിടിച്ചാല്‍ എന്ത് ചെയ്യും? അയാള്‍ ആരായിരിക്കും? ഇവിടെ അടുത്ത് തന്നെയുള്ള ആരെങ്കിലും ആയിരിക്കുമോ? താന്‍ അറിയുന്നതോ അറിയാത്തതോ ആയ ആരോ!
അയാള്‍ക്കും വീട്ടുകാര്‍ കാണില്ലേ?!
ഒരു അര്‍ദ്ധനിമിഷം കൊണ്ട് ജെന്നി എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.
ഒരിക്കല്‍ക്കൂടി ടോര്‍ച്ചടിച്ചു നോക്കി. അപ്പുറത്തെ വാഴ തോട്ടത്തിലൂടെ അയാളോടുന്നത് ജെന്നി കണ്ടു. ഒരു ടീ ഷര്‍ട്ട് ആണ് ഇട്ടിരിക്കുന്നത്. കടും നീലനിറത്തിലുള്ള ടീ ഷര്‍ട്ട്. ഒരു ചെറിയ നിക്കറും ഇട്ടിട്ടുണ്ട്. ആരാണത്!? ആവോ അറിയില്ല.
എന്തൊക്കെയായാലും അയാള്‍ തന്റെ ഒരു ആരാധകന്‍ അല്ലേ. കുറഞ്ഞത് തന്റെ മാറിടങ്ങളുടെയെങ്കിലും.
വലിപ്പം കൂടിയ തന്റെ മാറിടങ്ങളെ പലരും അധിക്ഷേപിച്ചു കേട്ടിട്ടുണ്ട്. ഏറ്റവും അടുത്ത പലരില്‍ നിന്നും പോലും. ചുരുക്കം ചില സന്ദര്‍ഭങ്ങളിലെങ്കിലും തന്റെ പ്രിയപ്പെട്ട ചേട്ടന്‍ പോലും 'കയ്യില്‍ ഒതുങ്ങാത്ത മുലകള്‍' എന്ന് തമാശ പറഞ്ഞിട്ടുണ്ട്. അതും തങ്ങളുടെ ഏറ്റവും സ്വകാര്യസന്ദര്‍ഭങ്ങളില്‍.
ആരോടൊക്കെയോ ഉള്ള ഉള്‍വൈരാഗ്യമോ, ആ കള്ളന്റെ തുടര്‍ ജീവിതം താറുമാറാകാതിരിക്കാന്‍ ഉള്ള സിംപതിയോ, അതോ ആരാധകനോടുള്ള വാത്സല്യമോ, എന്തോ, ജെന്നി ഒരക്ഷരം മിണ്ടിയില്ല. ഒരൊച്ചയും വെച്ചില്ല.
അയാള്‍ ഓടിമറയുന്നത് നോക്കി നിന്നു. അയാള്‍ തങ്ങളുടെ പറമ്പ് കടന്നെന്ന് ഉറപ്പുവരുത്തിയ ശേഷം ജെന്നി ബാത്‌റൂമിലേക്ക് പോയി.
ഭക്ഷണമൊക്കെ കഴിച്ച ശേഷം വീണ്ടും എല്ലാവരും കള്ളനെ കാത്ത് ജനാലക്കരികില്‍ ഇരിപ്പായി. നേരം ഒത്തിരി കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി ഉറക്കം തൂങ്ങി തുടങ്ങി. എപ്പോഴൊക്കെയോ ആരൊക്കെയോ ഇരുന്നോ കിടന്നോ ഉറങ്ങിപ്പോയി.
നേരം വെളുത്ത് സുല്‍ഫത്തും ശബ്‌നയും തിരിച്ചു പോകാന്‍ നേരം ജെന്നി, കടയില്‍ നിന്നെടുത്ത, അല്ല, കടയില്‍ നിന്നും മോഷ്ടിച്ച രണ്ട് ബ്രാകള്‍ സുലുത്തക്ക് നല്‍കി. 'ഇത് കടയിലിലുള്ളതാ.'
'നീ വാങ്ങിച്ചതാണോ?' സുലുത്ത ചോദിച്ചു.
'അല്ല, ഞാന്‍ വാങ്ങിച്ചതല്ല. ഞാന്‍ എടുത്തതാ. സോറി.' ജെന്നി ക്ഷമ പറഞ്ഞു.
സുല്‍ഫത്തിന് ഒന്നും മനസ്സിലായില്ല.
'ആ ശരി. ഇത് സുലുത്ത കടയില്‍ തിരിച്ചു കൊണ്ടു വച്ചോളും.' ശബ്‌ന പെട്ടെന്ന് ഇടപെട്ടു. 'നമുക്ക് പോകാം' സുലുത്തയെ നോക്കി ശബ്‌ന പറഞ്ഞു.
അവര്‍ പോയ ശേഷം ജെന്നി തന്റെ ദിനചര്യകളിലേക്ക് കടന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...