മുള്ളുകൾ; സ്നേഹ മാണിക്കത്ത് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സ്നേഹ മാണിക്കത്ത് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ഞാൻ പറഞ്ഞിട്ടില്ലേ
ചില മനുഷ്യർ മുള്ളുകൾ
ആണെന്ന്...
നിങ്ങൾ റോസാപൂ
മാത്രമേ ഓരോ
നോട്ടത്തിലും ശ്രദ്ദിക്കുകയുള്ളൂ
നിങ്ങളുടെ രാത്രികളിൽ
ഉറക്കം ഒരു തേനീച്ചയെ
പോലെ മൂളി കളിച്ചു
തലയിലൂടെ പാതകൾ
വരച്ചു പോകുന്നത്
കണ്ടിട്ടും,
അവരുടെ
വാക്കുകളിൽ
ആയിരം കത്തിമൂർച്ച
തിളയ്ക്കുന്നുണ്ടെന്നു
അറിഞ്ഞിട്ടും,
അവർ സ്വയം തിരുത്തുകയില്ല
നിങ്ങളുടെ കനിവ്
നിറഞ്ഞ നോട്ടത്തിൽ,
ഒരൽപ്പം ഉപ്പു ജലം
വായിൽ ഇറ്റിച്ചു
ഈ ദാഹം ശമിപ്പിക്കൂ
എന്ന ധ്വനിയിൽ
അവർ സ്വയം വിശുദ്ധരാക്കി
നിങ്ങളെ വൈകാരിക
ജീവികളെന്നു മുദ്ര കുത്തും
അവർക്കു മുള്ളുകൾ
ആകാനും യന്ത്രങ്ങൾ
ആകാനും എളുപ്പം സാധിക്കും
സ്നേഹത്തിന്റെ നിഴൽ
പോലും അദൃശ്യമായ
ഒരു മുറിയിൽ
പണ്ടെന്നോ അവരൊരു
റോസാപുഷ്പമാണെന്നു
നിനച്ചു പോയ വിശ്വാസത്തിന്റെ
പുസ്തകം കൈയിൽ പിടിച്ചു
വിലയിടിഞ്ഞ നാണയം ആയി
ഒരു മൂലയിൽ നിങ്ങൾ ജീവിക്കും
നിങ്ങൾക്ക് പകരക്കാരെ
അവർക്കെളുപ്പം കിട്ടുമെന്ന്
അവരുടെ കണ്ണുകൾ
പറയാതെ പറയും
അവർ നിങ്ങളെ വായിക്കാതെ
അടച്ചു വെച്ച് മാറാല
പിടിച്ച മുറിയിലെ
പ്രേതം ആക്കും..
ഒരു ദിവസം
നിങ്ങളെ ജീവനോടെ
ചുട്ടെരിച്ചു
വെറുപ്പും പുച്ഛവും
തുപ്പി ആ മുള്ളുകൾ
മാഞ്ഞു പോകും
മറ്റെവിടെയോ
ആരോ അതിനെ
റോസാപൂവെന്ന്
വീണ്ടും വിളിച്ചു
പുഞ്ചിരിക്കും.