Harry Potter : ഹാരി പോട്ടർ ആദ്യ പതിപ്പ് ലേലത്തിൽ വിറ്റുപോയത് 3.56 കോടി രൂപയ്ക്ക്!

"ഹാരി പോട്ടർ ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും ചെലവേറിയ പുസ്തകം മാത്രമല്ല, 20-ാം നൂറ്റാണ്ടിൽ ഇതുവരെ വിറ്റഴിഞ്ഞതിൽ വച്ച് ഏറ്റവും വിലയേറിയ നോവൽ കൂടിയാണിത്," ഹെറിറ്റേജ് ഓക്ഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോ മദ്ദലീന പ്രസ്താവനയിൽ പറഞ്ഞു.

Harry Potter first edition sold for 3.56 crore

ജെ കെ റൗളിംങി(J. K. Rowling)ന്റെ ആദ്യ ഫാന്റസി നോവൽ ഹാരി പോട്ടർ(Harry Potter) 1997- ലാണ് ഇറങ്ങുന്നത്. എന്നാൽ അതിന് മുൻപ് നിരവധി പ്രസാധകർ മുഴുവൻ വായിക്കാൻ പോലും മെനക്കെടാതെ, ചവറ്റുകുട്ടയിൽ എറിഞ്ഞ കഥയായിരുന്നു അത്. ഒരുപാട് തിരസ്കാരങ്ങൾ ശേഷം അത് ഇറങ്ങിയപ്പോൾ എല്ലാവരെയും വിസ്‍മയിപ്പിച്ചു കൊണ്ട് ഫാന്റസി ലോകത്ത് അത് വിപ്ലവം സൃഷ്ടിച്ചു. അന്ന് വരെ വായനക്കാർ കാണാത്ത, അനുഭവിക്കാത്ത ഒരു പുതിയ മാന്ത്രിക ലോകമായിരുന്നു അത്. മാന്ത്രികരെക്കുറിച്ചുള്ള നമ്മുടെ ബാല്യകാല ഓർമ്മകളെയും, സങ്കൽപ്പങ്ങളെയും പുസ്തകം പൊളിച്ചെഴുത്തി. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തക പരമ്പരകളിൽ ഒന്നായി മാറി അത്. എന്നാൽ ഒരിക്കൽ പ്രസാധകർ ചവറ്റുകുട്ടയിൽ എറിഞ്ഞ ആ പുസ്തകം ഇപ്പോൾ ഇരുപതാം നൂറ്റാണ്ടിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും വിലയേറിയ പുസ്തകം എന്ന ബഹുമതി നേടിയിരിക്കയാണ്.  

"ഹാരി പോട്ടർ" ന്റെ ആദ്യ പതിപ്പ് വ്യാഴാഴ്ച യുഎസിൽ 3.56 കോടി രൂപക്കാണ് വിറ്റു പോയത്. ഇരുപതാം നൂറ്റാണ്ടിലെ ഒരു ഫിക്ഷന്റെ ലോക റെക്കോർഡ് വിലയാണിതെന്ന് ലേലക്കാർ പറയുന്നു. "ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോൺ" എന്ന പുസ്തകത്തിന്റെ 1997 -ലെ ബ്രിട്ടീഷ് പതിപ്പാണ് കോടികൾക്ക് വിറ്റുപോയത്.  

പുസ്തകം യുണൈറ്റഡ് സ്റ്റേറ്റ്സിൽ "ഹാരി പോട്ടർ ആൻഡ് സോർസറേഴ്സ് സ്റ്റോൺ" എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. അന്ന് ഒരുപാട് പ്രസാധകർ ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ വിസമ്മതിക്കുകയുണ്ടായി. ഒടുവിൽ ബ്ലൂംസ്ബറിയാണ് പുസ്തകത്തിന്റെ 500 ഹാർഡ്‌ബാക്ക് കോപ്പികൾ അച്ചടിക്കാൻ മനസ്സ് കാണിച്ചത്. മിക്കതും പൊതു ലൈബ്രറികളിൽ വയ്ക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. സാമ്പ്രദായികവും, നീണ്ടതുമാണെന്ന് പറഞ്ഞ് നിരസിക്കപ്പെട്ട ആ പുസ്തകമാണ് ഇപ്പോൾ കോടികൾക്ക് വിറ്റു പോയത്. ലേലത്തിൽ ആദ്യം 52 ലക്ഷമാണ് ഇതിന് വിലയിട്ടിരുന്നത്. എന്നാൽ ഒടുവിൽ കണക്കാക്കിയതിലും ആറിരട്ടിയിലധികം വിലയ്ക്കാണ് പുസ്തകം വിറ്റുപോയത്. മുമ്പ്, ഹാരി പോട്ടറിന്റെ ആദ്യ പതിപ്പുകളുടെ ലേല വില $110,000 മുതൽ $138,000 വരെയായിരുന്നു.  

"ഹാരി പോട്ടർ ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും ചെലവേറിയ പുസ്തകം മാത്രമല്ല, 20-ാം നൂറ്റാണ്ടിൽ ഇതുവരെ വിറ്റഴിഞ്ഞതിൽ വച്ച് ഏറ്റവും വിലയേറിയ നോവൽ കൂടിയാണിത്," ഹെറിറ്റേജ് ഓക്ഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോ മദ്ദലീന പ്രസ്താവനയിൽ പറഞ്ഞു. ഒരു അമേരിക്കൻ കളക്ടറാണ് പുസ്തകം വിറ്റത്, വാങ്ങുന്നയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. റൗളിങ് അതിന് ശേഷം ആറ് പുസ്തകങ്ങൾ കൂടി എഴുതി. ലോകമെമ്പാടും 80 ഭാഷകളിലായി അതിന്റെ 500 ദശലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. പിന്നീട് പുസ്തകങ്ങൾ സിനിമകളായി മാറിയപ്പോൾ ആഗോള ബോക്‌സ് ഓഫീസിൽ 7.8 ബില്യൺ ഡോളർ ലാഭം കൊയ്യാൻ അവയ്ക്കായി. 

Latest Videos
Follow Us:
Download App:
  • android
  • ios