എങ്ങനെയുണ്ട് 'ലക്കി ഭാസ്‍കര്‍'? ദുല്‍ഖറിന്‍റെ വന്‍ തിരിച്ചുവരവ്? ആദ്യ റിവ്യൂസ് എത്തി
തെലുങ്കില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ദീപാവലി റിലീസ്. 150 ല്‍ ഏറെ പ്രിവ്യൂ ഷോകളാണ് ഇന്ന് നടന്നത്
മലയാളത്തിലേതിനേക്കാള്‍ മികച്ച തെരഞ്ഞെടുപ്പുകളാണ് മറുഭാഷകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയിട്ടുള്ളത്. അതിന്‍റെ മെച്ചം അവിടങ്ങളില്‍ അദ്ദേഹത്തിന്‍റെ സ്വീകാര്യതയില്‍ വ്യക്തവുമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം തെലുങ്കില്‍ നിന്നാണ്. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന പിരീഡ് ക്രൈം ത്രില്ലര്‍ ചിത്രം ലക്കി ഭാസ്കര്‍ ആണ് അത്. ദീപാവലി റിലീസ് ആയി ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോകള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
നന്നായി നിര്‍മ്മിക്കപ്പെട്ട, പിടിച്ചിരുത്തുന്ന ഒരു ഫിനാന്‍ഷ്യല്‍ ഡ്രാമയാണ് ചിത്രമെന്ന് ആന്ധ്ര ബോക്സ് ഓഫീസ് ഡോട്ട് കോം എന്ന തെലുങ്ക് മാധ്യമം എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആവേശം പകരുന്ന നിരവധി മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ടെന്ന് അവര്‍ പറയുന്നു. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആണെന്ന് പ്രശാന്ത് രംഗസ്വാമി പോസ്റ്റ് ചെയ്യുന്നു. എന്തൊരു കഥാപാത്രം, എന്തൊരു പ്രകടനം, ദുല്‍ഖറിന്‍റെ കഥാപാത്രത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ പ്രതികരണം. സംഗീതം പകര്‍ന്നിരിക്കുന്ന ജി വി പ്രകാശിനും രചനയും സംവിധാനവും നിര്‍വ്വഹിച്ച വെങ്കി അറ്റ്‍ലൂരിക്കും അദ്ദേഹത്തിന്‍റെ അഭിനന്ദനമുണ്ട്. കുടുംബങ്ങളുമൊന്നിച്ച് ടിക്കറ്റ് എടുക്കാവുന്ന ചിത്രമെന്നും പ്രശാന്ത് രംഗസ്വാമി കുറിക്കുന്നു.
ഹരിചരണ്‍ പുടിപ്പെഡ്ഡി എന്ന തെലുങ്ക് എന്‍റര്‍ടെയ്ന്‍മെന്‍റ് ജേണലിസ്റ്റ് ചിത്രത്തിന് അഞ്ചില്‍ നാല് സ്റ്റാര്‍ ആണ് നല്‍കിയിരിക്കുന്നത്. തെലുങ്കില്‍ നിന്ന് ഉണ്ടായ സ്മാര്‍ട്ട് ആയ, നന്നായി എഴുതപ്പെട്ട്, നന്നായി സംവിധാനം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഒന്ന്, ഹരിചരണ്‍ കുറിക്കുന്നു. തുടക്കം മുതല്‍ അവസാനം വരെ ആവേശം നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ആന്ധ്രയിലും തെലങ്കാനയിലുമായി 150 ല്‍ അധികം പ്രീമിയര്‍ ഷോകളാണ് ചിത്രത്തിന്‍റേതായി ഇന്ന് നടന്നത്. പ്രിവ്യൂ ഷോകളിലെ അഭിപ്രായങ്ങള്‍ നാളെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷവും ലഭിക്കുകയാണെങ്കില്‍ വന്‍ വിജയമാവും ദുല്‍ഖറിനെ കാത്തിരിക്കുന്നത്.
ALSO READ : ലെഹങ്കയിൽ സുന്ദരിയായി ബിന്നി സെബാസ്റ്റ്യൻ, ചിത്രങ്ങൾ