Malayalam Short Story : മൂന്നാം പക്കം, തപ്‌സി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. തപ്‌സി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'ഓണത്തപ്പാ കുടവയറാ
എന്നാ പോലും തിരുവോണം...'
പൂക്കളമിടാന്‍ മുളക്കൊട്ടയില്‍ പൂ തെരുക്കിക്കൊണ്ടിരുന്ന ചേച്ചിക്കരികിലേക്ക് ചെന്ന് ഞാന്‍ ഉറക്കെ പാടി.
'നാളേക്കാണേ തിരുവോണം,
നാക്കിലയിട്ടു വിളമ്പേണം..'
ചേച്ചിയും വിട്ടില്ല. കൂടെ പാടിക്കൊണ്ട് എന്നെയൊന്ന് പാളി നോക്കി.
മുല്ല, ചെമ്പരത്തി, മുക്കുറ്റി, തെച്ചി എന്ന് വേണ്ട അന്നാട്ടിലെ ഒരുവിധം പൂവൊക്കെ പൂക്കൊട്ടയില്‍ കിടന്ന് ഓണം കൂടാനുള്ള സന്തോഷത്തിലാണ്.
'ആ, മോളേ നാളെ ഇവിടെയാട്ടോ ഊണ്...'
'എന്റെ ചേച്ചിയേ അത് പിന്നെ പ്രത്യേകിച്ച് പറയാനുണ്ടോ.എല്ലാ വര്‍ഷോം ഇവിടന്ന് തന്നെയല്ലേ ഞങ്ങള് കഴിക്കണേ. നിങ്ങടെ പോലെ രുചിയുള്ള സദ്യയൊന്നും ഞങ്ങക്ക് ഉണ്ടാക്കാനറിയില്ല. കുറേ പച്ചക്കറികള് ഒന്നിച്ചിട്ട് വെക്കണ ഒരു കറിയില്ലേ, ആ എന്താരുന്നു അതിന്റെ പേര്... ഛെ മറന്ന് പോയല്ലൊ..കൊല്ലത്തില് ഈ ഓണത്തിന് മാത്രല്ലേ ഇത് കഴിക്കാന്‍ കിട്ടൂ. അതാ പേര് ഓര്‍ക്കാത്തെ.. ഈ ചേച്ചിക്ക് ഇടക്കൊക്കെ ഒന്ന് വെച്ചുണ്ടാക്കി തന്നൂടെ...'
'ആഹ്, മതി വായാടി. നാളെ ഉണ്ണാന്‍ നേരം പറഞ്ഞ് തരുന്നുണ്ട് പേര്.'
മനോഹരമായ ഒരു പൂക്കളം തീര്‍ത്ത് ചേച്ചി അകത്തേക്ക് കയറിപ്പോയി.
പൂക്കളുടെ ഗന്ധവും പേറി, ഓണം കൂടാന്‍ വിരുന്നു വന്നൊരു കുളിര്‍ക്കാറ്റ് എന്നെ തഴുകിക്കടന്നു പോയി.
ഞാന്‍ അതിന്റെ ഗന്ധവും ആവാഹിച്ച് മുന്നോട്ട് നടന്നു. നേരം ഉച്ചയോടടുക്കുന്നു. മഴയും വെയിലും ഇണചേര്‍ന്ന് നേര്‍ത്തൊരു ചുവപ്പ് രാശിയെ ഗര്‍ഭം ധരിച്ചിരിക്കുന്നു. എന്താണെന്റെ നാടിന് ഇത്രയും ഭംഗി!
ഈ നാട്ടിലെ ഒരേയൊരു മുസ്ലിം കുടുംബം ഞങ്ങള് മാത്രാണ്. ഈ നാടിന്റെ മണ്ണില്‍ മതവിവേചനമില്ലാതെ ജീവിക്കുന്ന മനുഷ്യരാണ് തൊടിയില്‍ പൂത്ത് നിന്ന് സുഗന്ധം പരത്തുന്ന ഓരോ പൂവുകളും എന്നെനിക്ക് തോന്നി.
ഓരോന്നാലോചിച്ച് മുന്നോട്ട് നടക്കുന്നതിനിടയിലാണ് കുറച്ച് ദൂരെ മെലിഞ്ഞൊട്ടിയ ഒരു രൂപത്തെ ഞാന്‍ ശ്രദ്ധിച്ചത്. ദൂരക്കാഴ്ചയില്‍ ആളെ മനസിലാവാതെ ഞാന്‍ കുറച്ചൂടി മുന്നോട്ട് നടന്നു. എന്റെ കണ്ണുകള്‍ പകര്‍ത്തിയ ആ രൂപത്തെ, ചെറു വിതുമ്പലോടെ എന്റെ ചുണ്ടുകള്‍ മൊഴിഞ്ഞു, ശാരദേച്ചി'
ഞാന്‍ അരികിലേക്ക് നടന്നു. കണ്ണീര്‍വറ്റി കറുപ്പണിഞ്ഞ ആ കണ്‍തടങ്ങളിലേക്ക് നോക്കുവാനെന്റെ കണ്ണുകള്‍ക്ക് ശക്തി പോരായിരുന്നു.
'ശാരദേച്ചി എന്ത് ചെയ്യുവാ ഇവിടെ..'
അവരൊന്നെന്നെ നോക്കി ചിരിച്ചു. ആയിരം അര്‍ഥങ്ങളോടുകൂടിയ മങ്ങലേറ്റ ആ ചിരി വന്ന് തറച്ചതെന്റെ നെഞ്ചിലായിരുന്നു...
'ഞാന്‍ വെറുതെ ഇങ്ങോട്ടൊന്നിറങ്ങിയതാ മോളേ'
'അമ്മു ഇല്ലേ വീട്ടില്‍...'
എന്റെ ചോദ്യത്തിനുത്തരമെന്നോണം അവരൊന്ന് കൂടി ചിരിച്ച് കൊണ്ടെന്നെ നോക്കി.
ഞാനാ മുഖത്തേക്ക് നോക്കി. മെലിഞ്ഞ് ശോഷിച്ച കവിളുകളില്‍ പഴയ ഭംഗിയുടെ ഒരു നേരിയ ശേഷിപ്പ് ഇപ്പോഴും കാണാം. സുന്ദരിയായിരുന്നു, ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഏതോ മറുനാട്ടില്‍ നിന്നും വിജയേട്ടന്‍ കെട്ടിക്കൊണ്ട് വന്നപ്പോള്‍ കണ്ടവരൊക്കെ അതിശയപ്പെട്ടിട്ടുണ്ടത്രേ. പറക്കമുറ്റാത്ത രണ്ട് മക്കളെ ശാരദേച്ചിക്ക് നല്‍കി, വിജയേട്ടനെ പടച്ചോന്‍ വിളിച്ചപ്പോ തുടങ്ങിയതാണ് പാവത്തിന്റെ ഈ ഓട്ടം.
'എനിക്കൊന്ന് അമ്മൂനെ കാണണം.'
'അതിനെന്താ, അവള് വീട്ടിലുണ്ട്.'
ശാരദേച്ചിക്ക് പിറകെ ഞാന്‍ നടന്നു. ചേച്ചിയുടെ മക്കളാണ് അമ്മുവും പിന്നെ, എന്റെ അരുണേട്ടനും.
'എന്റെ അരുണേട്ടന്‍'
തൊണ്ടയില്‍ തങ്ങി നിന്നൊരു നിലവിളി പുറത്തേക്ക് വരാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഹൃദയ കോണില്‍ നക്ഷത്രം പോലെ തിളങ്ങുന്നൊരു മുഖം. എന്തേ ഇത്ര നോവാന്‍. ആ ഓര്‍മ്മകള്‍ പോലും കനലില്‍ ചുട്ടെടുത്ത വിധം പൊള്ളുന്നതെന്തിനാണ്. നിറഞ്ഞു വന്ന കണ്ണുകള്‍ മെല്ലെയൊന്ന് തുടച്ച് ചേച്ചിയെ നോക്കി വെറുതെയൊന്ന് ചിരിച്ചു.
'കണ്ണില്‍ കരട് പോയതാ.'
'ഉം,, നീ വാ..'
ഓടിട്ട ഒരു കുഞ്ഞ് വീടാണ് അവരുടേത്. സിമന്റ് പാകിയ ഉമ്മറക്കോലായിലെ തറയില്‍ ഒരുകുഞ്ഞു പൂക്കളം. മുറ്റം നിറയെ പലതരം ചെടികളില്‍ നിറയെ പൂക്കള്‍. വീടിന്റെ കുറച്ച് മാറി ഒരാട്ടിന്‍ കൂട് കാണാം.
'ആടുണ്ടോ ചേച്ചി ഇവിടെ'
'ഉണ്ടാരുന്നു മോളേ രണ്ടെണ്ണം. ഒന്ന് കഴിഞ്ഞ വര്‍ഷം ചത്തു. ഒന്ന് ഈ കര്‍ക്കിടത്തിലും. മനുഷമ്മാരെ പോലെ തന്നെ ആടും ഈ വീട്ടില് വാഴില്ല.'
നോവേറിയ സംസാരത്തിന്റെ പ്രതിഫലനമെന്നോണം കണ്ണുകള്‍ നിറഞ്ഞ് തൂവി. എന്ത് പറഞ്ഞ് സമാധാനിപ്പിക്കും ചേച്ചിയെ. കനല് പോലെ എരിയുന്ന ആ ഹൃദയത്തെ തണുപ്പിക്കാന്‍ എന്റെ ഏത് വാക്കുകള്‍ക്കാണ് കഴിവുള്ളത്.
'അമ്മൂ...അമ്മൂ...ദേ നിന്നെ നോക്കി ഉമ്മാടെ വീട്ടിലെ കൊച്ച് വന്നിരിക്കുന്നു.'
വിളി കേട്ട്, കടുംകാപ്പി കണ്ണുള്ള ഒരു കൊച്ചു സുന്ദരി പുറത്തേക്ക് വന്നു. കഴുത്തിലൊരു കറുത്ത ചരടുള്ളതൊഴിച്ചാല്‍ യാതൊരു അലങ്കാരവുമില്ലാത്ത ശരീരം. എങ്കിലും ഒരു മുല്ലപ്പൂ എന്ന പോലെ. ഇതായിരുന്നിരിക്കണം ഉമ്മ പറഞ്ഞ ആ പഴയ ശാരദേച്ചി. കണ്ണിമ വെട്ടാതെ ഞാന്‍ അമ്മൂനെ നോക്കി.
'വാ ചേച്ചി അകത്തേക്ക് കയറ്'
അമ്മു എന്നെ വിളിച്ച് അകത്തേക്ക് പോയി. ഹാളിലെ പെയിന്റടിക്കാത്ത ചുമരില്‍ പൂമാലക്ക് നടുവില്‍ രണ്ട് മുഖങ്ങള്‍. ഒന്ന് വിജയേട്ടന്‍. മറ്റേത് പുഞ്ചിരിച്ച് കൊണ്ട് ഒരു ചെറുപ്പക്കാരന്‍-അരുണേട്ടന്‍.
ഒരു മിന്നല്‍ പിണര്‍ എന്റെ ഹൃദയത്തെ കൊത്തിവലിച്ച് കൊണ്ട് കടന്ന് പോയി. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
'ഡീ നീ അധികം വിളച്ചിലെടുക്കല്ലേ'
അരുണേട്ടന്റെ ശബ്ദം. മറവിയിലേക്കൂര്‍ന്ന് പോകാത്ത ഒരായിരം ഓര്‍മ്മകള്‍.
'നീ പോടാ...'
'പോടാന്നോ... ഡീ നിന്റെ എത്ര വയസ്സിന് മൂത്തതാന്ന് അറിയോ ഞാന്‍. ഇവിടെ എല്ലാരും ചേട്ടാന്ന് വിളിക്കുമ്പൊ നിനക്ക് മാത്രം എന്താ.'
വൈകിട്ട് സ്‌കൂള്‍ വിട്ട് വന്നാ ഞങ്ങളെല്ലാവരും റോഡിന്റെ വശത്തുള്ള വലിയൊരു ഗ്രൗണ്ടില്‍ ക്രിക്കറ്റും മറ്റുമായി കൂടും. അരുണേട്ടന് ചെറിയൊരു ജോലിയുണ്ട്. വൈകിട്ട് ജോലി കഴിഞ്ഞു വന്നാ കൊച്ചു പിള്ളാരെ പോലെ ഞങ്ങള്‍ക്കൊപ്പം കൂടും. ആദ്യമൊക്കെ ജോലിക്ക് പോയിരുന്ന ശാരദേച്ചിക്ക് വാതത്തിന്റെ അസുഖം വന്നതില്‍ പിന്നെ എവിടേം പോകാന്‍ പറ്റാതെയായി. അരുണേട്ടന്റെ ചെറിയൊരു വരുമാനം കൊണ്ട് അല്ലലില്ലാതെ കുടുംബം കഴിഞ്ഞ് പോകുന്നു.
'ഡീ നീ ഇതേത് ലോകത്താ'
എന്റെ മറുപടിയൊന്നും കേള്‍ക്കാതായപ്പോ എന്റെ തലക്കിട്ടൊന്ന് കൊട്ടിക്കൊണ്ട് അരുണേട്ടന്‍ ചോദിച്ചു. എന്നെ ദേഷ്യം പിടിപ്പിക്കാന്‍ എന്തോ ഇഷ്ടടവാണ്..
'ഞാന്‍ വിളിക്കൂല...എന്റെ ചേട്ടനൊന്നുവല്ലാലോ.'
ഞാന്‍ ദേഷ്യത്തോടെ പറഞ്ഞതും അരുണേട്ടന്‍ എന്റെയരികിലേക്ക് വന്നു. എന്റെ മുഖത്തിന് തൊട്ടരികില്‍, എന്റെ ചെവിക്കരികെ ആ ചുണ്ടുകള്‍ ചേര്‍ത്ത് 'ഡീ മരപ്പട്ടീന്ന്' വിളിച്ചതും എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുവായിരുന്ന എന്റെ കണ്ണുകള്‍ നിറഞ്ഞു.
ധൈര്യമുണ്ടേല്‍ ഒന്നൂടി വിളിക്കെടോന്ന് ഞാന്‍ പറഞ്ഞതും വീണ്ടും മരപ്പട്ടീന്നും വിളിച്ച് അരുണേട്ടന്‍ മറ്റുള്ളവര്‍ക്കടുത്തേക്ക് ഓടി.
സങ്കടം വന്നു. ദേഷ്യം വന്നു. വല്ലാതെ നൊന്തു. അരുണേട്ടനെന്താ ഇങ്ങനെ? എന്നോട് മാത്രമേ ഈ മൂരാച്ചി സ്വഭാവം കാണിക്കൂ. അക്കൂനോടും മാളൂനോടുമൊക്കെ എന്ത് നല്ലതാ. അനുവാദം ചോദിക്കാതെ പെയ്ത് തുടങ്ങിയ കണ്ണുകള്‍ തുടച്ച് ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ പോയി ഞാനിരുന്നു. കൂട്ടുകാരൊക്കെ വിളിക്കുന്നുണ്ട്.. ഞാന്‍ മനപ്പൂര്‍വം പോകാതിരുന്നു. കുറച്ച് കഴിഞ്ഞ് അരുണേട്ടന്‍ എന്റെ അരികിലേക്ക് വന്നു. ഞാന്‍ നോക്കിയില്ല.
'ഡീ...'
ഞാന്‍ മുഖം കുനിച്ച് തന്നെയിരുന്നു.
നിന്നെയല്ലേ വിളിച്ചത് ഇങ്ങോട്ട് നോക്കെടീ ഉണ്ടക്കണ്ണീന്നും പറഞ്ഞ് എന്റെ മുഖം പിടിച്ചുയര്‍ത്തി. എന്റെ കണ്ണുകള്‍ നിറഞ്ഞ് കണ്ടിട്ടാവണം ആ ഹൃദയം നൊന്തത് ഞാനറിഞ്ഞു. കണ്ണുകള്‍ എന്റെ മുഖത്തോടി നടന്നു. ഒന്നും പറയാതെ ഞാന്‍ പെട്ടെന്ന് എണീറ്റ് അവര്‍ക്കിടയിലേക്ക് പോയി. എന്ത് പറ്റി ഈ അരുണേട്ടന്? പിറ്റേന്ന് കളിക്കാന്‍ വന്നപ്പോഴും അരുണേട്ടന് മൗനമായിരുന്നു കൂട്ട്. എന്റെ കൂടെ അടികൂടാതെ. ഞാനും ഒന്നും മിണ്ടാന്‍ പോയില്ല. ഒരാഴ്ച്ച കഴിഞ്ഞിട്ടും ഞങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ല. വല്ലാത്തൊരു മടുപ്പ് തോന്നിയ ദിവസങ്ങള്‍. അരുണേട്ടനും ആ കുസൃതിത്തരവും ഇല്ലെങ്കില്‍ ജീവിതം ശൂന്യമാണെന്ന് തോന്നിയ നിമിഷങ്ങള്‍...
പെട്ടെന്ന് പിറകില്‍ കരിയിലകളില്‍ ചവിട്ടുന്ന ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞൊന്ന് നോക്കി.. അരുണേട്ടന്‍. ഞാനെന്തെങ്കിലും പറയും മുന്നേ ഓടിവന്നെന്റെ കവിളില്‍ ഒരു സ്‌നേഹമുദ്രണം ചാര്‍ത്തി.
'ഛെ എന്താ ഈ കാട്ടിയെ അരുണേട്ടാ...'
'സോറി... ഞാന്‍..ഡീ ഞാന്‍...'
വാക്കുകള്‍ കിട്ടാതെ പതറിപ്പോയ ആ മുഖത്തേക്ക് ഞാനൊന്ന് നോക്കി. കണ്ണില്‍ വശ്യതയാര്‍ന്ന ഏതോ ഒരു ഭാവം. ചുണ്ടില്‍ തങ്ങി നിക്കുന്ന ഒരിളം പുഞ്ചിരി. എന്ത് പറ്റി ഈ അരുണേട്ടന്.
ആ കള്ളച്ചിരിയില്‍ ഒരു നിമിഷം ഞാനും അലിഞ്ഞ് ചേര്‍ന്നു. ഹൃദയമിടിപ്പ് കൂടി. ഞാന്‍ എണീറ്റ് തിരികെ നടക്കാന്‍ തുടങ്ങിയതും എന്റെ കയ്യില്‍ പിടിച്ച് നിര്‍ത്തി അരികിലേക്ക് വന്നു.
'ഡീ സോറി, ഞാന്‍ ഓര്‍മ്മിക്കാതെ...നീ മിണ്ടാതിരുന്നപ്പൊഴാണ് എനിക്ക് നീ എത്രമാത്രം പ്രിയപ്പെട്ടതാന്ന് മനസ്സിലായെ. നിന്നോട് അടികൂടീല്ലെങ്കില്‍ ആ ദിവസം പോക്കാ. ഈ ഒരാഴ്ച എങ്ങനാ പിടിച്ച് നിന്നേന്ന് അറിയോ.'
'അരുണേട്ടാ വിട്.. ആരേലും കണ്ടോണ്ട് വന്നാ'
'ആര് കണ്ടോണ്ട് വന്നാലും എനിക്കെന്താ. ഇനി ഇങ്ങനെ മിണ്ടാതിരുന്നാ കണ്ണ് ഞാന്‍ അടിച്ച് പൊട്ടിക്കും, പറഞ്ഞേക്കാം..'
'പിന്നേ കണ്ണ് പൊട്ടിക്കാന്‍ നിന്ന് തരുന്നുണ്ട്.'
അതും പറഞ്ഞ് ഞാന്‍ തിരിഞ്ഞോടി.
'അതേയ് ഞാനിന്ന് അമ്മവീട്ടില്‍ പോകും. രണ്ടൂസം കഴിഞ്ഞേ തിരിച്ച് വരൂ, വന്നിട്ട് കാണാട്ടോ...'
തിരിഞ്ഞോടുന്നതിനിടയില്‍ അരുണേട്ടന്‍ വിളിച്ച് പറഞ്ഞത് കേട്ട് ഞാനൊന്ന് നിന്നു. എന്തിനെന്നറിയാതെ ഒരു സങ്കടം വന്നെന്നെ പൊതിഞ്ഞു...
അന്ന് രാത്രി ഏറെ കഴിഞ്ഞും, നിദ്ര തഴുകാത്ത കണ്ണുകള്‍ തുറന്ന് പിടിച്ച് ഞാന്‍ കിടന്നു. കണ്ണടച്ചാല്‍ നിറയെ അരുണ്‍ ചേട്ടന്റെ മുഖമാണ്. എന്തിനായിരിക്കും അങ്ങനെയൊക്കെ എന്നോട് കാട്ടിയത്. ആ കണ്ണില്‍ നിറഞ്ഞ് നിന്നത് പ്രണയമായിരുന്നോ. അതോ ഒരനിയത്തിക്കുട്ടിയോടുള്ള കുറുമ്പും സ്‌നേഹവും ആണോ. എന്ത് തന്നെയായാലും ഒരു പ്രണയം ചിന്തിക്കാന്‍ പോലും കഴിയില്ല. എങ്കിലും ഹൃദയത്തിലെവിടെയോ ആ മുഖം ഉറക്കം പോലും നഷ്ടപ്പെടുത്തുന്നു.
രണ്ട് ദിവസം എങ്ങനെയൊക്കെയോ കഴിഞ്ഞ് പോയി. മൂന്നാം ദിവസം അരുണ്‍ ചേട്ടനെ കാത്തിരുന്ന ഞങ്ങള്‍ക്കിടയിലേക്ക് ചേട്ടന്റെ മരണവാര്‍ത്തയാണെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചുവെന്നാരോ പറഞ്ഞത് മാത്രേ ഓര്‍മ്മയുള്ളു. മനസ്സ് മരവിച്ച് പോയിരുന്നു. ആ കണ്ണുകളില്‍ അവസാനമായ് കണ്ടതെന്താണ്. ഒരു തുള്ളി കണ്ണുനീര്‍ പോലും വരാതെ വറ്റിയ കണ്ണുകളും വരണ്ടുണങ്ങിയ ഹൃദയവുമായി എത്രയോ നാള്‍. മറ്റുള്ളവര്‍ക്കൊക്കെ പ്രിയപ്പെട്ട ഒരു കൂട്ടുകാരനെ നഷ്ടപ്പെട്ടപ്പോള്‍ എനിക്ക് നഷ്ടമായത് എന്താണ്... അറിയില്ല, അത്രമേല്‍ പ്രിയപ്പെട്ടതെന്തോ...
'ചേച്ചീ'
അമ്മുവിന്റെ വിളിയാണ് ചിന്തകളില്‍ നിന്നെന്നെ ഉണര്‍ത്തിയത്.
'ഓണക്കോടിയൊക്കെ എടുത്തോ അമ്മൂ.'
'അത് പിന്നെ അമ്മ... ആ എടുത്തു ചേച്ചീ.'
മുഖം തരാതെ അമ്മു അത് പറഞ്ഞപ്പോള്‍ എന്തോ എനിക്ക് വല്ലാതായി. ശാരദേച്ചിയെ നോക്കിയപ്പോള്‍ ആ മുഖവും താണിരിക്കുന്നത് കണ്ടു..
'അവന്‍ പോയേ പിന്നെ ഞങ്ങക്കാരാ ഉള്ളത് മോളേ. ആദ്യമൊക്കെ ആരെങ്കിലുമൊക്കെ വന്ന് തിരക്കും. കഴിഞ്ഞ ഓണത്തിന് പണി ഉണ്ടായിരുന്നോണ്ട് അല്ലലില്ലാതെ കഴിഞ്ഞ് പോയി. ഈ ഓണത്തിന്..... എന്റെ മോന്‍ ഉണ്ടായിരുന്നെങ്കില്‍...'
തോളില്‍ ഇട്ടിരുന്ന തോര്‍ത്ത്മുണ്ടില്‍ കണ്ണീരൊപ്പിക്കൊണ്ട് നിന്ന അവരെ കണ്ടതും എന്റെ ഹൃദയം നൊന്തു. അരുണ്‍ ചേട്ടന്റെ സ്‌നേഹത്താല്‍ മുറിവേറ്റ ഒരു ഹൃദയമാണ് എനിക്കെങ്കില്‍ ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുന്ന ഒരു മാതൃഹൃദയമാണ് ഇപ്പൊ എനിക്ക് മുന്നിലുള്ളത്.
മറ്റൊന്നും ചോദിക്കാതെ അവിടന്ന് ഇറങ്ങി നടന്നു. ഉമ്മയുടെ അടുത്ത് പോയി കുറച്ച് കാശ് വേണോന്ന് പറഞ്ഞു. കാര്യം എന്താണെന്ന് പറഞ്ഞതും ഉമ്മാക്കും ഒരു വല്ലായ്മ തോന്നി. ഉമ്മാന്റെ കയ്യിന്ന് കാശും വാങ്ങി ശാരദേച്ചിയുടെ കയ്യില്‍ കൊടുത്തു. നാളത്തെ ഓണത്തിന് ഞാന്‍ ഇവിടുന്ന് ചോറ് ഉണ്ടോട്ടെ എന്ന് ചോദിച്ചപ്പോള്‍ ഒരു പൊട്ടിക്കരച്ചിലോടെ അവരെന്നെ കെട്ടിപ്പുണര്‍ന്നു.
പിറ്റേന്ന് പുത്തന്‍ കോടിയുടുത്ത അമ്മൂന്റെ കൂടെയിരുന്ന്, ശാരദേച്ചി വിളമ്പിത്തന്ന ചോറുണ്ണുമ്പോള്‍, സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ചോറിലേക്ക് ഒരു തുള്ളി കണ്ണീരിറ്റി വീണു.
അവിടന്ന് തിരിച്ചിറങ്ങുമ്പോള്‍, പിന്നില്‍, കുസൃതിക്കണ്ണുകളും ചുണ്ടില്‍ കള്ളച്ചിരിയുമായി അരുണേട്ടന്‍ അത്രമേല്‍ സ്‌നേഹത്തോടെ എന്നെ നോക്കിയിരിക്കുന്നത് പോലെയെനിക്ക് തോന്നി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...