Malayalam Poem: ശശി ചേട്ടന്‍, കവിത മനോഹര്‍ എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കവിത മനോഹര്‍   എഴുതിയ കവിത

chilla Malayalam poem by Kavitha Manohar

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam poem by Kavitha Manohar

 

ശശി ചേട്ടന്‍

പെയിന്റടിക്കാന്‍ വരുന്നൊരു ശശി ചേട്ടനുണ്ട്.  
അക്കേടെ കല്യാണത്തിന്, 
ചിറ്റേടെ കൊച്ചിന്റെ നൂല് കെട്ടിന്, 
മറ്റേത് വിശേഷത്തിനും വീടൊരുക്കുന്നതയാളാണ്. 
പുതിയ സംവിധാനങ്ങളൊന്നുമില്ല
പെയിന്റും ബ്രഷും മാത്രമേ കയ്യിലുള്ളു.
ഈയായുധങ്ങളേ പണിക്ക് വേണ്ടൂ.

പെയിന്റ് പണിക്കാരന്‍ മാത്രമല്ല.
ചിലപ്പോള്‍ ലോട്ടറി വില്‍പ്പനക്കാരനാകും.
മേസ്തിരിക്ക് കയ്യാളാണ് മറ്റുചിലപ്പോള്‍.
മുറ്റമടിക്കാന്‍, അടുക്കള ജോലിക്ക് സഹായിക്കാന്‍ 
എന്തിനും ആള് തയ്യാറാണ്. 

നിശ്ചയത്തിന് പൂക്കുല  കിട്ടാഞ്ഞ് വിഷമിച്ചിരുന്നപ്പോ 
തെങ്ങ് കേറി കുലപിച്ചി  മഴ നനഞ്ഞ് ഓടിയെത്തിയത്,
എല്ലാരും ചിന്തയില്‍ അടയിരുന്നപ്പോ
അപ്പാപ്പന്റെ അടിയന്തരത്തിന്
പടുത കെട്ടാനും, സാമ്പാറ് വിളമ്പാനും ഓടിനടന്നത്,
മുപ്പിളാതപ്പെണ്ണ് പെന്‍സില്‍ മൂക്കിലിട്ടപ്പോ 
ഒറ്റക്കൊട്ടിന് പെന്‍സില്‍ കയ്യിലെത്തിച്ചത്, 
ഉമ്മറത്തിണ്ണേന്ന് അപ്പാമ്മ വീണപ്പോള്‍
ആശുപത്രീലേക്ക് എടുത്തോണ്ടോടിയത്, 
ഒക്കെ ശശി ചേട്ടനാണ്. 
കള്ളനൈാരു സാധാരണ മനുഷ്യനാണെന്നെനിക്ക് 
മനസ്സിലായത്  ശശി ചേട്ടന്‍ കള്ളനെപ്പിടിച്ചപ്പോളാണ്. 

ശശി ചേട്ടനൊരു  
ലേഡിബേഡിന്റെ സൈക്കിളുണ്ട്. 
ഒരു കൈലിമുണ്ടും തോര്‍ത്തും മടക്കി 
സഫ തുണിക്കടയുടെ കൂട്ടില്‍ പൊതിഞ്ഞ് വെച്ചിട്ടുണ്ടാവും.
സൈക്കിളിന്റെ പിന്നിലെ സ്ഥിരം കാഴ്ചയാണിത്.
മറ്റൊരു വാഹനത്തിലും ഞാനയാളെ കണ്ടിട്ടില്ല. 
പുലിപ്പുറത്തേറി വരുന്ന അയ്യപ്പനെപ്പോലെ
സൈക്കളേറി വരുന്ന ശശി ചേട്ടന്‍
സൈക്കിളിനെ പൂര്‍ണമാക്കുന്നു.

കുടിയോ വലിയോ ഇല്ല.
നില്‍ക്കുന്ന വീട്ടിലോ പണിയിടത്തോ നിന്നാണ് ഊണ്.
മാരിപ്പീടികയില്‍നിന്ന് ഇടക്കെന്തെങ്കിലും വാങ്ങിക്കഴിക്കും.
കൂടുണ്ടെങ്കിലും കൂടെയാളില്ല.
പിന്നെയീ കിട്ടുന്ന കാശൊക്കെ എന്ത് ചെയ്യുന്നെന്നെ
വഷളന്‍ നോട്ടത്തോടെ
ഒരു ഫോണ്‍ വാങ്ങിക്കൂടേ എന്ന് ചോദിച്ചാല്‍
തൊടിയില്‍ വെച്ച് കാണുന്ന മനുഷ്യര്‍ക്കെന്തിന് 
ഫോണെന്ന മറുപടി ചോദ്യമാണ്.
വഴിയില്‍ ഞാനില്ലെങ്കില്‍ ഞാനില്ലെന്ന് കൂട്ടിക്കോളാന്‍
ഒരു ചിരി കൂടെയാകുമ്പോള്‍ ഉത്തരം പൂര്‍ത്തിയാകുന്നു.

ഞാന്‍ കണ്ട നാള്‍ മുതല്‍ ഇന്ന് വരെ,
അയാള്‍ക്കൊരേ രൂപമാണ്.
ഒരേ മുഖച്ചുളിവുകള്‍
തലയില്‍ മുടിയൊന്നുപോലും കൊഴിഞ്ഞിട്ടില്ല
അധികമൊന്നുപോലും നരച്ചിട്ടുമില്ല.

ഒരേ ഭാവമാണെപ്പോഴും. 
പ്രിയപ്പെട്ടൊരാളെ കാണുമ്പോള്‍ ഉടലെടുക്കുന്ന
നിഷ്‌കളങ്കതയിലൂന്നിയ ചിരി
പൂര്‍ത്തിയാക്കും മുമ്പേ മരിച്ചുപോയാലുള്ള ഭാവം.
ചുരുക്കത്തില്‍ ശശി ചേട്ടനൊരു മൊണാലിസച്ചിരി.

എന്തെങ്കിലും ചോദിച്ചാല്‍ 
ഒരു വാക്കില്‍ പരമാവധി മൂന്ന് വാക്കിലൊരുത്തരം തരും.
നമ്മുടെ അഭിപ്രായങ്ങള്‍ക്കോ, തമാശകള്‍ക്കോ
ഒരുറച്ച ശബ്ദമാണ് കേള്‍വിയും മറുപടിയും. 
പിന്തുണച്ചോ എതിര്‍ത്തോ എന്ന് എത്ര ശ്രദ്ധിച്ചാലും പിടികിട്ടില്ല.

കൂലി വാങ്ങുമ്പോഴെത്രയെന്നെണ്ണില്ല,
അതേ പടി ഷര്‍ട്ടിന്റെ പോക്കറ്റിലേക്ക് തിരുകി വെക്കും.
തന്റെ പങ്ക് തീര്‍ന്ന ആദ്യ ബോധ്യത്തില്‍ തന്നെ 
അയാള്‍ സൈക്കിളേറുന്നു.
 
ശശി ചേട്ടനെ ഞാന്‍ കാണാന്‍ തുടങ്ങുന്നതെന്റെ 
പത്ത് വയസ്സിലാണ്.
പല നാടുകളിലായി ചുറ്റിക്കറങ്ങി
തിരിച്ച് ഞാന് മുപ്പതുകളില്‍ വീട്ടിലെത്തുമ്പോഴും
അതേ ശശി ചേട്ടന് മുറി പെയിന്റടിക്കാന് ചുക്കിലി തൂക്കുന്നു.

ഇപ്പോളയാള്‍ എഴുപതുകളിലേക്ക് 
കടക്കുന്നുവെന്നാണ് കലണ്ടര്‍ ശാസ്ത്രം. 
പക്ഷേ നാല്‍പതുകളിലാണ് അയാളെപ്പോഴും!
കാലം എത്ര മുന്നോട്ട് പോയാലും
ചില കാലങ്ങളില് ഉറച്ചുപോയ മനുഷ്യരുണ്ട് നമുക്ക് ചുറ്റും.
ചെയ്ത പണികളില്‍ തറഞ്ഞിരുന്ന്
കാലത്തെ അപ്രസക്തമാക്കുന്ന മനുഷ്യര്‍.

മരണത്തോല്‍വിയുടെ ഭയം കൊണ്ട് 
ഭാവിയും കയ്യിലെടുത്ത്
കിതച്ചോടേണ്ടി വരുന്നകൊണ്ടാവും  
നമുക്കൊക്കെ നിന്ന നില്‍പ്പില്‍
വയസ്സായി മരിച്ചുപോകേണ്ടി വരുന്നത്!


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios