സ്നേഹം ഒരു നായയെപോലെയാണ് , നിധിന്‍ വി.എന്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നിധിന്‍ വി.എന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
സ്നേഹം ഒരു നായയെപോലെയാണ്
കാണുന്ന മാത്രയില്‍
വാലാട്ടാന്‍ പരിശീലിച്ച
നായയാണ് ടൈഗര്‍.
വാതില്‍ തുറന്നാല്‍
റോഡിലേക്കിറങ്ങും വിധം
വീടുള്ള തെരുവിലാണ്
എന്റെ വീട്.
മഴ, കനക്കുമ്പോള്‍
വെള്ളത്താല്‍ മുങ്ങി പോകുന്നിടം.
കറുപ്പാണെന്റെ നിറം,
അംബേദ്കറാണ് ഗുരു.
പഠനവും ജോലിയും
ഇഴ ചേര്‍ന്നതാണ് എന്റെ ദിനം.
വീടുപൂട്ടി പുറത്തിറങ്ങുമ്പോള്‍
വാലാട്ടി വന്നതാണ്.
വേഗം വരാമെന്ന പ്രതീക്ഷയില്‍
ബൈക്കില്‍ കുതിച്ചതാണ്.
മഴയുടെ തണുപ്പിലേക്ക്
ചൂടോടെ കലര്‍ന്നിരിക്കുന്നു ചോര,
തണുപ്പിന്റെ കമ്പിളി പുതച്ചിരിക്കുന്നു, ഉടല്‍.
ടൈഗര്‍,
ചുറ്റും വെള്ളമുയരുന്നുണ്ട്.
കാത്തിരിക്കേണ്ടതില്ല,
എന്നെ!
മഴ കനക്കുന്നത്,
ഇന്നേക്ക് രണ്ടാം ദിവസമാണ്.
ടൈഗര്‍,
നീയെന്നെ കാത്തിരിക്കുന്നതെന്തിനാണ്?
ഓടി പോകാന്‍
വിലക്കുകളില്ലാഞ്ഞിട്ടും?
സ്നേഹം, നായയെപ്പോലെ
കാത്തിരിക്കാന്‍ ശീലിക്കും,
മരണത്തോളം ആഴമുള്ള കിണര്‍ കുഴിച്ച്
അതിലേക്കിറങ്ങി പോകും.
അന്നത്തെ മഴയ്ക്കു മുമ്പ്
ഞാനവളെ കണ്ടിരുന്നു,
അവളുടെ അച്ഛന്‍ ഞങ്ങളെയും.
ടൈഗര്‍,
ഇനിയും മടിക്കരുത്
ഓടി പോകൂ.
ജീവനെ പ്രണയമെന്ന് കുറിക്കൂ,
അവളോടും പറയൂ.