Malayalam Poem: വീട്ടിലെ ചെരുപ്പുകള്‍, സുധീഷ്. പി.ജി എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.    സുധീഷ്. പി.ജി എഴുതിയ കവിത

chilla malayalam poem by Sudheesh PG

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Sudheesh PG

 

വീട്ടിലെ ചെരുപ്പുകള്‍ക്ക്
മാത്രമായി
ചില സ്വാതന്ത്ര്യങ്ങളുണ്ട്.

അടുക്കളയിലും
ഇടനാഴിയിലും
ഇറയത്തും
കാലുകളെ സ്‌നേഹിച്ചുകൊണ്ട്
കലഹിക്കാം.

ചിലപ്പോഴൊക്കെ
തൊടിയിലെ
മുള്ളുകള്‍ 
തറച്ചു കയറുമ്പോള്‍
പതിഞ്ഞൊരൊച്ചയില്‍
കരയാറുണ്ടത്.

കുളിമുറിയില്‍ നിന്ന്
ഏറെനേരം നനഞ്ഞ്
കുറുകലോടെ
ഇറങ്ങി വരും!

ഉറങ്ങാന്‍ പോകുമ്പോള്‍
ഒരു താരാട്ടിന്റെ
താളമുണ്ടാവും.

പുതിയ ചെരുപ്പില്‍
കാലുകള്‍
പുറത്തേക്കു പോകുമ്പോള്‍
മൗനമൂലയില്‍
കമിഴ്ന്ന് കിടക്കാറുണ്ടത്.

വൈകുന്നേരങ്ങളില്‍
തളര്‍ന്നെത്തുന്ന
ചുവന്ന പാടുവീണ
കാലുകള്‍ കാണുമ്പോള്‍
സഹതപിക്കാറുണ്ട്.

എന്നിട്ടും
കാലുകള്‍ 
തേടിച്ചെല്ലുന്നുണ്ട്
പിന്നെയും
ചുവന്ന പാടുകള്‍ക്കായി.

നല്ലതല്ലാത്ത
വഴിയില്‍ വച്ച്
പൊട്ടിപ്പൊളിഞ്ഞ്
കാലുകളെ
നാണം കെടുത്തുമ്പോഴൊക്കെ
പുതിയ പുതിയ
ചെരുപ്പുകളിലേക്ക്
കാലുമാറുന്നത്
അറിയാറുണ്ട്.

പുറത്തെ ചെരുപ്പുകളുടെ
കാര്യത്തില്‍
എപ്പോഴും
എന്തൊരു കരുതലാണ്.

പക്ഷേ,
ഓര്‍ക്കാനിടയില്ല
ഏറെ നോവിച്ചെങ്കിലും,
കൂടെച്ചേര്‍ന്ന്
കാലുകള്‍ക്കൊപ്പം നടന്ന്
ഒടുവില്‍
വലിച്ചെറിയപ്പെട്ട
ചെരുപ്പുകളെപ്പറ്റി.

ആശ്വസിക്കാം
വീട്ടിലെ ചെരുപ്പിന് ,
പുറത്തേക്കൊന്നും
കൊണ്ടുപോയില്ലെങ്കിലും
വലിച്ചെറിഞ്ഞില്ലല്ലോ
ഇതുവരെ.

 

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios