മേലാറ്റൂർ റെയിൽവേ ഗേറ്റിന് സമീപം ബൈക്കിൽ കൊടുവള്ളി സ്വദേശി, പരിശോധനയിൽ പെട്രോൾ ടാങ്കിൽ 35 ലക്ഷം രൂപ!
പ്രതിയുടെ കൈവശമുണ്ടായിരുന്ന മോട്ടോർ സൈക്കിളിന്റെ പെട്രോൾ ടാങ്കിനുള്ളിൽ നിർമ്മിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.
മേലാറ്റൂർ: മലപ്പുറം ജില്ലയിലെ മേലാറ്റൂരിൽ 35 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി പൊലീസ്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മേലാറ്റൂർ റെയിൽവേ ഗേറ്റിനു സമീപത്തുനിന്ന് 35 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി ചെമ്പറ്റുമൽ റഷീദ് ആണ് പണവുമായി പിടിയിലായത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന മോട്ടോർ സൈക്കിളിന്റെ പെട്രോൾ ടാങ്കിനുള്ളിൽ നിർമ്മിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രണ്ടാം കോടതി മുൻപാകെ ഹാജരാക്കി.