Viral Video| ചാണകം കഴിച്ച് 'ഗുണങ്ങൾ' വിശദീകരിക്കുന്ന 'ഡോക്ടര്‍'; വിവാദമായി വീഡിയോ
പശുപരിപാലന കേന്ദ്രത്തില്‍ നിന്ന് നേരിട്ട് ചാണകമെടുത്ത് 'ലൈവ്' ആയി കഴിക്കുകയാണ് മനോജ് മിത്തല്‍. ശേഷം ഇതിന്റെ വിവിധ ഗുണങ്ങളെ കുറിച്ചും അദ്ദേഹം വാചാലനാവുകയാണ്
ചാണകം (Cow Dung ) ആരോഗ്യത്തിന് നല്ലതാണെന്നും പല രോഗങ്ങളെയും ഭേദപ്പെടുത്തുമെന്നുമുള്ള വ്യാജപ്രചാരണം പലപ്പോഴും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ചാണകം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമല്ല, മറിച്ച് ദോഷമാണുണ്ടാക്കുകയെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ ( Health Experts ) തന്നെ പറയാറുമുണ്ട്.
എന്നാല്‍ ഇപ്പോഴിതാ 'ഡോക്ടര്‍' ആണെന്ന് അവകാശപ്പെടുന്ന ഒരാള്‍ തന്നെ ചാണകം കഴിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. എംബിബിഎസ്, എംഡി വിദ്യാഭ്യാസമുള്ള കുട്ടികളുടെ ഡോക്ടര്‍ ആണെന്ന് അവകാശപ്പെടുന്ന മനോജ് മിത്തല്‍ എന്നയാളാണ് ചാണകം കഴിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പശുപരിപാലന കേന്ദ്രത്തില്‍ നിന്ന് നേരിട്ട് ചാണകമെടുത്ത് 'ലൈവ്' ആയി കഴിക്കുകയാണ് മനോജ് മിത്തല്‍. ശേഷം ഇതിന്റെ വിവിധ ഗുണങ്ങളെ കുറിച്ചും അദ്ദേഹം വാചാലനാവുകയാണ്.
'മനുഷ്യന് പല രീതിയില്‍ ഗുണമാകുന്ന ഒന്നാണ് ചാണകം. നമ്മളിത് കഴിക്കുമ്പോള്‍ നമ്മുടെ ശരീരവും മനസും ഒരുപോലെ ശുദ്ധമാകുന്നു. ആത്മാവ് പോലും ശുദ്ധീകരിക്കപ്പെടുന്നു. ഒരിക്കല്‍ ഇത് ശരീരത്തിനകത്ത് പെട്ടുകഴിഞ്ഞാല്‍ പിന്നെ ശരീരം ശുദ്ധീകരിക്കപ്പെടുകയായി...'- വീഡിയോയില്‍ മനോജ് മിത്തല്‍ പറയുന്നു.
വീഡിയോ വൈറലായതോടെ വ്യാപക വിമര്‍ശനമാണ് ഇദ്ദേഹത്തിനെതിരെ ഉയരുന്നത്. ഇദ്ദേഹം വ്യാജ ഡോക്ടറാണോ എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നതാണ് ഉയരുന്ന പ്രധാന ആവശ്യം. കു്ടടികളുടെ ഡോക്ടറാണെന്നാണ് അവകാശവാദം.
അതിനാല്‍ തന്നെ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി ഇദ്ദേഹത്തിന്റെ പശ്ചാത്തലം അന്വേഷിക്കപ്പെടണമെന്നാണ് അധിക പേരും അഭിപ്രായപ്പെടുന്നത്.
എംബിബിഎസ്, എംഡി വിദ്യഭ്യാസമുള്ള ഒരാള്‍ ഇത്രയും വലിയ മണ്ടത്തരം പറയില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍മാര്‍ തന്നെയാണ് മനോജ് മിത്തലിനെതിരായ ക്യാംപയിനില്‍ കൂടുതലും സംസാരിക്കുന്നതും.
Also Read:- 800 കിലോഗ്രാം ചാണകം മോഷണം പോയി; പരാതിയില്‍ പൊലീസ് കേസും