ചെറുപ്പത്തിൽ പൈലറ്റ് ആകാന്‍ ആഗ്രഹിച്ചു; ഇപ്പോള്‍ വീട്ടിലിരുന്ന് വിമാനം പറത്തുന്നു...
എങ്ങോട്ട് വേണമെങ്കിലും ഇതില്‍ കയറി പോകാം. മേഘങ്ങളും, കാട്- മലകള്‍- പുഴ പോലുള്ള ദൂരക്കാഴ്ചകളും കാലാവസ്ഥാ വ്യതിയാനവും വരെ തയ്യാര്‍. എല്ലാം വിദഗ്ധരായ എഞ്ചിനീയര്‍മാരുടെയും മറ്റും സഹായം കൊണ്ട് വര്‍ഷങ്ങള്‍ കൊണ്ട് സജ്ജമാക്കിയതാണ്
സ്‌കൂള്‍ കാലഘട്ടത്തിലും ( School Studies ) കോളേജ് കാലഘട്ടത്തിലുമെല്ലാം ( Higher Education ) മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഭാവിയില്‍ ആരാകണമെന്ന കാര്യത്തില്‍ ഒരു ചിത്രം കാണും. ഇതില്‍ പലര്‍ക്കും ആ ആഗ്രഹത്തിലേക്ക് എത്തിപ്പെടാന്‍ സാധിക്കണമെന്നില്ല. കഴിവും ഭാഗ്യവും ഒത്തുകിട്ടുന്നവര്‍ മാത്രം അവരുടെ സ്വപ്‌നത്തിലേക്ക് നടന്നുകയറും.
എന്തായാലും അങ്ങനെ ചെറുപ്പത്തിലേ ആഗ്രഹിച്ച പലതും പിന്നീട് ഒരു തമാശയായോ മറ്റോ നാം തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ ജോര്‍ദാന്ഡ സ്വദേശിയായ മുഹമ്മദ് മല്‍ഹാസ് എന്ന എഴുപത്തിയാറുകാരന്‍, കൗമാരകാലത്ത് താന്‍ കണ്ട ആ സ്വപ്‌നത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്.
കുട്ടിയായിരുന്നപ്പോള്‍ പട്ടം പറത്തി കളിക്കുന്നതിലായിരുന്നു മല്‍ഹാസിന് താല്‍പര്യം. എങ്ങനെയാണ് കടലാസ് കൊണ്ടുണ്ടാക്കുന്ന പട്ടം ഇങ്ങനെ ഉയരത്തില്‍ പാറിപ്പറക്കുന്നതെന്ന് എപ്പോഴും മല്‍ഹാസ് ചിന്തിച്ചു. അതുപോലെ ഉയരെ, മേഘത്തിനും മുകളില്‍ പറന്നുപോകാന് ആഗ്രഹിച്ചു.
അങ്ങനെയാണ് പൈലറ്റ് ആകണമെന്ന ആഗ്രഹത്തിലേക്കെത്തുന്നത്. പഠിക്കാനും മിടുക്കനായിരുന്നു മല്‍ഹാസ്. എന്നാല്‍ വിധി മറ്റൊരു പാതയായിരുന്നു അദ്ദേഹത്തിന് മുമ്പില്‍ തുറന്നുവച്ചത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയ ശേഷം തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യാന്‍ മല്‍ഹാസ് നിര്‍ബന്ധിതനായി.
ആഗ്രഹിച്ചത് പോലെ പൈലറ്റ് ആകാന്‍ സാധിക്കില്ലെന്ന് മനസിലായെങ്കിലും ആ ഭാഗം വിടാന്‍ മല്‍ഹാസ് തയ്യാറായില്ല. ഏവിയേഷനുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ചു. പിന്നീട് റോയല്‍ ജോര്‍ദാനിയന്‍ എര്‍ അക്കാദമിയില്‍ ചേര്‍ന്ന് വിമാനപ്പറത്തലിന്റെ പാഠങ്ങള്‍ പഠിച്ചു. ലൈസന്‍സും കരസ്ഥമാക്കി.
തുടര്‍ന്ന് പത്ത് വര്‍ഷത്തോളം ജോര്‍ദാനിയന്‍ ഗ്ലൈഡിംഗ് ക്ലബിലെ അംഗമെന്ന നിലയില്‍ എല്ലാ ആഴ്ചയും വിമാനം പറത്താനുള്ള അവസരം മല്‍ഹാസിന് ലഭിച്ചു. 2006ഓടെ 'വെര്‍ച്വല്‍ ഫ്‌ളൈയിംഗ്'ലേക്ക് മല്‍ഹാസ് കടന്നു. അതായത്, കംപ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് വിമാനം പറത്തുന്നത് പോലുള്ള അനുഭവം സൃഷ്ടിക്കുന്ന രീതി.
തന്നെ പോലെ വിമാനം പറത്തുന്നതില്‍ ആവേശം കൂടിയ ഒരു സംഘം പേര്‍ക്കൊപ്പം ചേര്‍ന്ന് ശരിക്കുമൊരു വിമാനത്തിന്റെ അന്തരീക്ഷവും സൗകര്യങ്ങളുമെല്ലാം ഒരുക്കാന്‍ മല്‍ഹാസിനായി. അങ്ങനെ വീട്ടില്‍ തന്നെ, ഒരു വിമാനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
എങ്ങോട്ട് വേണമെങ്കിലും ഇതില്‍ കയറി പോകാം. മേഘങ്ങളും, കാട്- മലകള്‍- പുഴ പോലുള്ള ദൂരക്കാഴ്ചകളും കാലാവസ്ഥാ വ്യതിയാനവും വരെ തയ്യാര്‍. എല്ലാം വിദഗ്ധരായ എഞ്ചിനീയര്‍മാരുടെയും മറ്റും സഹായം കൊണ്ട് വര്‍ഷങ്ങള്‍ കൊണ്ട് സജ്ജമാക്കിയതാണ്. ഒരു ഗെയിം പോലെയാണ് ഇതെന്ന് മല്‍ഹാസ് പറയുന്നു. റിട്ടയര്‍മെന്റിന് ശേഷം താന്‍ ജീവിതം ആസ്വദിക്കുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം പറയുന്നു.
'ഞങ്ങള്‍ ബെയ്‌റൂത്ത്, ദമാസ്‌കസ്, ബാഗ്ദാദ് അങ്ങനെ പലയിടങ്ങളിലും പോകും. ചിലപ്പോള്‍ യുകെയിലോ യുഎസിലോ വരെ പോകും. ഞാന്‍ ഒറ്റയടിക്ക് ആറ് മണിക്കൂറൊക്കെ ഇതിലിരുന്നിട്ടുണ്ട്. അത്രയും യഥാര്‍ത്ഥമായ യാത്രയാണെന്ന് നമുക്ക് തോന്നിപ്പോകും...'- മല്‍ഹാസ് പറയുന്നു.
ഇടയ്ക്ക് മല്‍ഹാസിനൊപ്പം ഭാര്യയും യാത്രകളില്‍ പങ്കാളിയാകും. വീട്ടിലിരുന്ന് തന്നെ പറക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ ഏറ്റവും വലിയ സൗകര്യം എന്നാണ് ഇപ്പോള്‍ മല്‍ഹാസിന്റെ ചോദ്യം. ഏതായാലും ചെറുപ്പത്തിലേ കൂടെ കൂടിയ ആ ആശ, ഈ വാര്‍ധക്യത്തിലും തന്നെ സന്തോഷവാനാക്കി നിലനിര്‍ത്തുന്നു എന്നതില്‍ തികഞ്ഞ അഭിമാനമേയുള്ളൂ ഈ സവിശേഷ വ്യക്തിത്വത്തിന്.
Also Read:- വരൻ ആശുപത്രിയിൽ; വിവാഹ ദിനം വധു ആഘോഷമാക്കിയത് ഇങ്ങനെ...